ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമെൻസ് ഫോറം വാർഷിക സമ്മേളനം ഡിസംബർ നാലിന്
Friday, December 3, 2021 3:31 PM IST
ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമെൻസ് ഫോറത്തിന്‍റെ മൂന്നാമത് വാർഷിക സമ്മേളനം ഡിസംബർ നാലിനു (ശനി) വെർച്വൽ ആയി നടക്കും.

സർവമനോഹരിയായ പരിശുദ്ധ കന്യാമറിയത്തെ വിശേഷിപ്പിക്കുന്ന "റ്റോട്ട പുൽക്രാ' എന്ന പേരിലാണ് വാർഷിക സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത് .

രൂപതയിലെ മുഴുവൻ വനിതകളും അംഗങ്ങളായ സംഘടന വിവിധ ഇടവകകളിലും മിഷനുകളിലും വളരെ കാര്യക്ഷമമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് .

വിമൻസ് ഫോറം രൂപത പ്രസിഡന്‍റ് ജോളി മാത്യുവിന്‍റെ അധ്യക്ഷതയിൽ വൈകുന്നേരം 6 മുതൽ 8.30 വരെ വെർച്വൽ ആയി നടക്കുന്ന വാർഷിക സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. തുടർന്നു വിമൻസ് ഫോറത്തിന്‍റെ സുവനീറും അദ്ദേഹം പ്രകാശനം ചെയ്യും . ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും. രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ . ആന്‍റണി ചുണ്ടെലിക്കാട്ട് , വിമെൻസ് ഫോറം കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.

അടുത്ത പ്രവർത്തന വർഷത്തേക്കായി തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് ഡോ . ഷിൻസി മാത്യു സംസാരിക്കും . തുടർന്നു പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് ഹാൻഡ് ഓവർ സെറിമണിയും നടക്കും .എട്ടു റീജണുകളിൽ നിന്നുള്ള കൾച്ചറൽ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട് . വിമെൻസ് ഫോറം ഡയറക്ടർ സിസ്റ്റർ കുസുമം എസ്എച്ച് സ്വാഗതവും വൈസ് പ്രസിഡന്‍റ് സോണിയ ജോണി നന്ദിയും പറയും.

ഷൈമോൻ തോട്ടുങ്കൽ