ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏയ്ഞ്ചൽസ് മീറ്റ് മേയ് രണ്ടിന്
Saturday, April 30, 2022 9:15 AM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ സംഗമം "ഏഞ്ചൽസ് മീറ്റ് 2022' മേയ് രണ്ടിന് (തിങ്കൾ) ഉച്ചകഴിഞ്ഞു മൂന്നിന് ഇഞ്ചിക്കോർ മേരി ഇമാക്കുലേറ്റ് ദേവാലയത്തിൽ നടക്കും.

സീറോ മലബാർ സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫൻ ചിറപ്പണത്ത് തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. സീറോ മലബാർ സഭയുടെ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ റവ. ഡോ. ക്ലമന്‍റ് പാടത്തിപറമ്പിൽ, സീറോ മലബാർ അയർലൻഡ് കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട് എന്നിവർ സംബന്ധിക്കും.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വിവിധ കുർബാന സെന്‍ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളും മാതാപിതാക്കളും ചടങ്ങിൽ പങ്കെടുക്കും.

അത്തായി ഉൾപ്പെടെ ഡബ്ലിനിലെ 11 കുർബാന സെന്‍ററുകളിലായി ഇരുനൂറോളം കുട്ടികളാണു ഈ വർഷം ആദ്യകുർബാന സ്വീകരിച്ചത്. സീറോ മലബാർ ക്രമത്തിൽ ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികൾക്കായി ഒരുവർഷം നീണ്ടുനിന്ന പ്രത്യേക പരിശീലന പരിപാടി വിവിധ കുർബാന സെൻ്ററുകളിൽ ഒരുക്കിയിരുന്നു. കുട്ടികളുടെ പ്രഥമ കുമ്പസാരം റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ ആഘോഷമായി നടന്നു.