ജർമനിയിൽ മാതാവിന്‍റെ തിരുനാളിന് ജൂൺ 25 നു കൊടിയേറും
Saturday, June 25, 2022 7:59 AM IST
ജോസ് കുന്പിളുവേലിൽ
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ നാൽപ്പതാമത്തെ തിരുനാളിനും ഭാരത അപ്പസ്തോലൻ മാർത്തോമാ ശ്ളീഹായുടെ തിരുനാളിനും ജൂണ്‍ 25 ന് (ശനി) വൈകുന്നേരം അഞ്ചിനു തുടക്കം കുറിക്കും.

കൊളോണ്‍ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് (Regentenstrasse 4, 51063, Koeln) ആഘോഷ പരിപാടികൾ. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം പ്രസുദേന്തി ആന്‍റണി സഖറിയ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുൻ പ്രസുദേന്തിമാരുടെ അകന്പടിയിൽ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി കൊടിയേറ്റം നടത്തും. വൈക്കം സ്വദേശി ആന്‍റണി സഖറിയവും കുടുംബവുമാണ് ഈ വർഷത്തെ പ്രസുദേന്തി.

ജൂണ്‍ 26 നാണ് (ഞായർ) തിരുനാളിന്‍റെ മുഖ്യപരിപാടികൾ. യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ് സ്റ്റീഫൻ ചിറപ്പണത്തിന്‍റെ മുഖ്യകാർമികത്വത്തിൽ രാവിലെ 10നു നടക്കുന്ന ആഘോഷമായ സമൂഹബലിയിൽ നിരവധി വൈദികർ സഹകാർമികരായിരിക്കും. തുടർന്നു പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേർച്ചവിളന്പ്, ഉച്ചഭക്ഷണം എന്നിവ നടക്കും. തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

ജർമനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്‌സൻ, ആഹൻ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി. കൊളോണ്‍ കർദ്ദിനാൾ റൈനർ മരിയ വോൾക്കിയുടെ കീഴിലുള്ള ഈ കമ്യൂണിറ്റിയുടെ പ്രവർത്തനം 1970 ലാണ് ആരംഭിച്ചത്. സുവർണജൂബിലി നിറവിലേയ്ക്കു കടക്കുന്ന കമ്യൂണിറ്റിയിൽ ഏതാണ്ട് എണ്ണൂറോളം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. കഴിഞ്ഞ 22 വർഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.