മതേതരത്വമാണ് ഇന്ത്യയുടെ സൗന്ദര്യം
Saturday, November 11, 2017 11:04 AM IST
ദോഹ: ജാതി മത ചിന്തകൾക്കതീതമായി എല്ലാവരേയും ഒരു പോലെ കാണണമെന്ന് നിഷ്കർഷിക്കുന്ന മതേതരത്വമാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും മതേതര ഇന്ത്യയുടെ വിദ്യാഭ്യാസ സങ്കൽപങ്ങൾക്ക് ഉൗടും പാവും നൽകിയ മഹാനായിരുന്നു മൗലാന അബ്ദുൾ കലാം ആസാദെന്നും ദേശീയ വിദ്യാഭ്യാസ ദിനാചരണത്തിന്‍റെ ഭാഗമായി മീഡിയ പ്ളസ് ദോഹയിൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ദേശീയ ബോധവും മതനിരപേക്ഷവുമായ കാഴ്ചപ്പാടും ചിന്തകളുമാണ് അബ്ദുൾ കലാം ആസാദിനെ വ്യതിരിക്തനാക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ജ· ദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ഏറെ പ്രസക്തമാണെന്നും ചർച്ച ഉദ്ഘാടനം ചെയ്ത ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി കെ.കെ. ഉസ്മാൻ അഭിപ്രായപ്പെട്ടു.

പണ്ഡിത കുടുംബത്തിൽ പിറന്ന അബുൽ കലാം ആസാദ് സ്വന്തം മാതാവിൽ നിന്നും പിതാവിൽ നിന്നുമാണ് മിക്ക വിജ്ഞാനീയങ്ങളും അഭ്യസിച്ചത് എന്നത് സമകാലിക ലോകത്തെ കുടുംബങ്ങൾക്കും രക്ഷിതാക്കൾക്കും മാതൃകയാണെന്ന് ചർച്ചയിൽ പങ്കെടുത്ത ഫ്രന്‍റ്സ് കൾചറൽ സെന്‍റർ എക്സിക്്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശേരി പറഞ്ഞു.

മതഭൗതിക വിജ്ഞാനങ്ങളുടെ സമന്വയിപ്പിച്ച് സന്തുലിത വ്യക്തിത്വമായിരുന്നു അബുൽ കലാം ആസാദെന്ന് വിറ്റാമിൻ പാലസ് റീജണൽ ഡയറക്ടർ സിദ്ധീഖ് താനൂർ പറഞ്ഞു.

ഇന്ത്യയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്‍റെ അടിത്തറപാകിയ മഹാനാണ് അബ്ദുൾ കലാം ആസാദെന്ന് ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. മുഹമ്മദ് ഉണ്ണി ഒളകര പറഞ്ഞു.

അബ്ദുൾ കലാമിന്‍റെ ജ·ദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്പോൾ വിദ്യാഭ്യാസ രംഗത്ത് നമുക്ക് എന്തു സംഭാവനചെയ്യുവാൻ കഴിയുമെന്നമതാണ് ഏറെ പ്രസക്തമെന്ന് മൈന്‍റ് പവർ ട്രെയിനറും സക്സസ് കോച്ചുമായ മശ്ഹൂദ് തിരുത്തിയാട് ഓർമിപ്പിച്ചു. മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.