ഡോ. ഷിബു ജോസ് മിസോറി യൂണിവേഴ്സിറ്റി അസോസിയേറ്റ് ഡീൻ
Saturday, November 30, 2019 5:38 PM IST
മിസോറി : ഡോ. ഷിബു ജോസിനെ മിസോറി യൂണിവേഴ്സിറ്റി അഗ്രികൾച്ചറൽ എക്സ്പിരിമെന്‍റ് സ്റ്റേഷൻ ഡയറക്ടറായും കോളജ് ഓഫ് അഗ്രികൾച്ചർ ഫുഡ് ആൻഡ് നാച്വറൽ റിസോഴ്സസ് അസോസിയേറ്റ് ഡീനുമായി നിയമിച്ചു.

മിസോറി യൂണിവേഴ്സിറ്റി അഗ്രൊഫോറസ്ട്രി പ്രഫസറും ഡയറക്ടറുമായി പ്രവർത്തിച്ചുവരികയായിരുന്നു ഡോ. ഷിബു. ഫ്ലോറിഡാ യൂണിവേഴ്സിറ്റിയിൽ 12 വർഷം പ്രഫസറായി സേവനം അനുഷ്ഠിച്ച ഡോ. ഷിബു, പത്തു വർഷം മുമ്പാണ് മിസോറി യൂണിവേഴ്സിറ്റിയിൽ ജോലിയിൽ പ്രവേശിച്ചത്. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സും പർടു (PARDU) യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡിയും കരസ്ഥമാക്കി. നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. യുഎസ് ഗവൺമെന്‍റിന്‍റെ സയന്റിഫിക് അച്ചീവ്മെന്‍റ് അവാർഡ് (സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്) പുർദെ യൂണിവേഴ്സിറ്റി അലൂംനി അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഷിബു യുഎസ് അഗ്രികൾച്ചർ സെക്രട്ടറി ഉപദേശക സമിതിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

തന്നിലർപ്പിതമായ പുതിയ ചുമതലകൾ കൃത്യമായി നിർവഹിക്കു മെന്നും മലയാളി എന്ന നിലയിൽ ഞാൻ അതിൽ അഭിമാനിക്കുന്നുവെന്നും ഡോ. ഷിബു പറഞ്ഞു.

ജോസ് പുളിക്കലിന്‍റേയും കൂഴുപ്പുള്ളി സെന്‍റ് അഗസ്റ്റ്യൻ റിട്ട. അധ്യാപിക മറിയാമ്മ ജോസിന്‍റേയും മകനാണ് ഡോ. ഷിബു. മിസോറി കൊളംമ്പിയ ചെറി ഹിൽ ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. ഷീനാ ജോസാണ് ഭാര്യ. ജോസഫ് പുളിക്കൽ, ജോഷ്വവ പുളിക്കൽ എന്നിവർ മക്കളാണ്.

റിപ്പോർട്ട്:പി.പി. ചെറിയാൻ