മനാമ: ബഹറിൻ ദേശീയ ദിനാ ഘോഷത്തിന്റെ ഭാഗമായി ബഹറിൻ കഐംസിസി ദ്വിദിന രക്ത ദാന ക്യാന്പുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെഎംസിസി ബഹറിനു കീഴിൽ ഇത്തവണ മുപ്പതാമത് രക്തദാന സംഗമമാണ് നടക്കപ്പെടുന്നത. ഡിസംബർ 13 വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചക്ക് 12 വരെ സൽമാനിയ മെഡിക്കൽ സെൻററിലും ഡിസംബർ 14 ശനിയാഴ്ച ഉച്ചക്ക് 2 മുതൽ 5 വരെ ബഹറിൻ ഡിഫൻസ് ആശുപത്രിയിലുമാണ് രക്തദാനം.
മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷണ സ്ഥാപനമായ ടീ ടൈമിന്റെ സഹകരണത്തോടെയാണ് ഇത്തവണത്തെ രക്തദാന ക്യാന്പ് നടത്തപ്പെടുന്നത്. ബഹറിനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികൾ ഉൾപ്പടെ പ്രമുഖർ ക്യാന്പ് സന്ദർശിക്കും. ക്യാന്പിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
’സുരക്ഷിത രക്തം എല്ലാവർക്കും’ എന്നതാണ് ഈ വർഷത്തെ ലോക രക്തദാന സന്ദേശം. സമൂഹ രക്ത ദാനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ’ജീവസ്പർശം’ എന്നപേരിൽ കെ എംസിസി നിരവധി വർഷങ്ങളായി നടത്തി വരുന്ന രക്തദാന ക്യാന്പിന്റെ സവിശേഷത.
പ്രവാസികളായ മലയാളികൾ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും സ്വദേശികളുൾപ്പടെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പിൻസ് തുടങ്ങി വിവിധ രാജ്യക്കാരും രക്തദാന സന്നദ്ധരായി പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
നിർദ്ധനരായ ബഹറിനിലെ പ്രവാസി മലയാളികൾക്കായി പ്രവാസി ബൈത്തു റഹ്മ , ജീവജലം കുടിവെള്ള പദ്ധതി, തണൽ ഭവന പദ്ധതി, സമൂഹ വിവാഹം, അൽ അമാന സാമൂഹ്യ സുരക്ഷാ പദ്ധതി, പ്രവാസി പലിശ രഹിത നിധി, സി.എച്ച് സെൻറർ മുഖേന ഐസിയു ആംബുലൻസ് സർവീസ്, ശിഹാബ് തങ്ങൾ പ്രവാസി പെൻഷൻ പദ്ധതി, റിലീഫ് സെൽ, വിദ്യാഭ്യാസ സഹായങ്ങൾ, മയ്യിത്ത് പരിപാലന സേവനങ്ങൾ, ബിസിനസ് മീറ്റുകൾ, ഈദ് സംഗമങ്ങൾ, നോർക്കഹെല്പ് ഡസ്ക്, പ്രവാസി വോട്ട് ഹെല്പ് ഡസ്ക് തുടങ്ങി വിവിധങ്ങളായ സേവന പ്രവർത്തനങ്ങളാണ് പ്രവാസി സമൂഹത്തിനും മറ്റുമായി കെ എംസിസി ബഹറിൻ നടത്തികൊണ്ടിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ഡിസം. 13, 14 ദിനങ്ങളിലായ നടക്കുന്ന രക്തദാന ക്യാന്പുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 00973-34593132, 33210288, , 39881099, 39841984 എന്നീ നന്പറുകളിലും വാഹന സൗകര്യം ആവശ്യമുള്ളവർ 39903647, 33210288 എന്നീ നന്പറുകളിലും ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
മനാമ കെഎംസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ വൈസ്, പ്രസി. ശാഫി പാറക്കട്ട, ജീവ സ്പർശം സംഘാടകരായ കെകെസി മുനീർ, എ.പി ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, ശിഹാബ് പ്ലസ്, അഷ്റഫ് മഞ്ചേശ്വരം, ഒകെ കാസിം, മാസിൽ പട്ടാന്പി, ഹാരിസ് തൃത്താല, ടീ ടൈം ഡയറക്ടർ മാരായ അഷ്റഫ് മായഞ്ചേരി, മുഹമ്മദ് എം. പേരാന്പ്ര എന്നിവർ പങ്കെടുത്തു.