സൗദിയിൽ കോവിഡ് മരണം രണ്ടായി; രോഗബാധിതരുടെ എണ്ണം 900 ആയി
Wednesday, March 25, 2020 11:46 PM IST
റിയാദ്: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സൗദി അറേബ്യയിൽ രണ്ടായി. മക്കയിൽ 46 വയസുകാരനാണ് ഇന്നു മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മദീനയിൽ ഒരു അഫ്ഘാനിസ്ഥാൻ പൗരന്‍റെ മരണം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. പുതുതായി 133 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം രോഗബാധിതർ 900 കടന്നു. ഇതിൽ വിവിധ പ്രവിശ്യകളിലായി 29 പേർ സുഖം പ്രാപിച്ചു.

ശക്തമായ പ്രതിരോധ നടപടികളിലേക്ക് നീങ്ങിയ രാജ്യത്ത് റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളിൽ കർഫ്യു ഉച്ചകഴിഞ്ഞു 3 മുതൽ കാലത്ത് 6 വരെയായി ദീർഘിപ്പിച്ചു. അതേപോലെ മുഴുവൻ ആളുകളും അവശ്യ സർവീസുകൾ എത്തിച്ചു നൽകാനല്ലാതെ താമസിക്കുന്ന പ്രവിശ്യ വിട്ടു മറ്റൊരിടത്തേക്ക് നീങ്ങുവാനും പാടുള്ളതല്ല.

അവശ്യ സാധനങ്ങളുടെയും നിത്യോപയോഗ, ആരോഗ്യ മേഖലയിലെ വസ്തുക്കളുടെയും ലഭ്യത ഉറപ്പു വരുത്താനുള്ള എല്ലാ നടപടികളും രാജ്യത്ത് സ്വീകരിച്ചിട്ടുണ്ട്. കർശനമായി നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താൻ വിവിധ സുരക്ഷാ വിഭാഗങ്ങൾ പരിശോധന ശക്തമാക്കിയതായും ആഭ്യന്തര വകുപ്പ് അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ