ബാങ്ക് വായ്പകളുടെ കാലാവധി ആറ് മാസം കൂടി നീട്ടണമെന്ന് കുവൈറ്റ് പാര്‍ലമെന്‍റ് അംഗം
Monday, September 21, 2020 8:43 PM IST
കുവൈറ്റ് സിറ്റി : ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് പാര്‍ലമെന്‍റ് അംഗം സൗദന്‍ ഹമദ് അല്‍ ഒതൈബി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. ലോകത്തെ പല രാജ്യങ്ങളിലും കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.

കൊറോണ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ അസാധാരണമായ സാഹചര്യങ്ങൾ ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുകയാണ്. പൗരന്മാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി വായ്പാ കാലയളവ് ആറുമാസം കൂടി നീട്ടി നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഒതൈബി ആവശ്യപ്പെട്ടു.

കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ബാങ്ക് വായ്പകള്‍ക്കുളള കാലാവധി ഈ മാസം അവസാനിക്കും. നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വായ്പകളുടെ തിരിച്ചടവ് തുടങ്ങേണ്ടി വരും.

റിപ്പോർട്ട്: സലിം കോട്ടയിൽ