സേവനം അവസാനിപ്പിക്കാതെ ബുഷിന്‍റെ വളർത്തുനായ
Tuesday, December 4, 2018 8:33 PM IST
ഹൂസ്റ്റൺ: കഴിഞ്ഞ ദിവസം അന്തരിച്ച അമേരിക്കൻ പ്രസിഡന്‍റ് ജോർജ് എച്ച്. ഡബ്ല്യു. ബുഷിനോടുള്ള സ്നേഹവും ഭക്തിയും ഉള്ളിലൊതുക്കി കഴിയുകയാണ് വളർത്തുനായ സുള്ളി. ബുഷിന്‍റെ ശവമഞ്ചത്തിനു സമീപം കാവലിരിക്കുന്ന സുള്ളി എന്ന വളർത്തു നായയുടെ ചിത്രം മുൻ വൈറ്റ് ഹൗസ് വക്താവ് ജിം മെക്ക് ഗ്രിത്ത് കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

മിഷൻ കംപ്ലീറ്റ്, റിമബറിംഗ് 41 (Mission complete, Remembering 41) എന്ന തലകെട്ടോടെയാണ് ചിത്രം പുറത്തുവിട്ടത്.അവസാന സമയങ്ങളിൽ പാർക്കിൻസൺസ് രോഗത്തിന്‍റെ പിടിയിലമർന്നപ്പോൾ ബുഷിന്‍റെ സഹായത്തിനായി ഒരു ഓർഗനൈസേഷൻ നൽകിയതാണ് സുള്ളി എന്ന നായയെ. വാതിൽ തുറന്നു കൊടുക്കുക, അത്യവശ്യ സാധനങ്ങൾ എടുത്തു നൽകുക, തുടങ്ങിയ സഹായങ്ങളാണ് നായ ചെയ്തിരുന്നത്. ഹൂസ്റ്റണിൽ നിന്ന് പ്രസിഡന്‍റിന്‍റെ ശവമഞ്ചം വഹിച്ച പ്രത്യേക വിമാനം വാഷിംഗ്ടണിലേക്ക് പറന്നപ്പോൾ സുള്ളിയും കൂടെ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഹൂസ്റ്റണിൽ സംസ്കാരം നടക്കുന്നതുവരെ യജമാനനെ പിന്തുടരാൻ സുള്ളിക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ