ക്രൈസ്റ്റ് ചർച്ച് കൂട്ടക്കൊലയെ അമേരിക്കയിലെ വിവിധ ഇന്ത്യൻ സംഘടനകൾ അപലപിച്ചു
Saturday, March 16, 2019 6:17 PM IST
വാഷിംഗ്ടൺ ഡിസി: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ മുസ് ലിം പള്ളികളിൽ ഭീകര പ്രവർത്തകർ നടത്തിയ കൂട്ടക്കൊലയിൽ അമേരിക്കയിലെ വിവിധ ഇന്ത്യൻ അമേരിക്കൻ സംഘടനകൾ അപലപിച്ചു.

ന്യൂസിലൻഡിന്‍റെ ചരിത്രത്തിൽ മുസ് ലിം പള്ളിക്കു നേരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിൽ 50 ഓളം പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാർഥനയ്ക്കായി വന്നവർക്കുനേരെയാണ് ഓസ്ട്രേലിയൻ പൗരത്വമുള്ള 28 കാരനായ ബ്രെന്‍റൻ ടറാന്‍റ വെടിയുതിർത്തത്.

പുതിയ സംഭവവികാസത്തിൽ അമേരിക്കയിലെ മുസ് ലിം, സിക്ക് ദേവാലയങ്ങളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്ന് കൗൺസിൽ ഓഫ് അമേരിക്കൻ ഇസ് ലാമിക് റിലേഷൻ മുന്നറിയിപ്പു നൽകി.

സിക്ക് കൊയലേഷൻ മാർച്ച് 15 ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ ഭീകർക്കെതിരെ ജാഗരൂഗരായിരിക്കാൻ ആവശ്യപ്പെട്ടു.

ന്യൂസിലൻഡിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ ഇരു സംഘടനകളും പങ്കുചേരുകയും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്പോൾ ആത്മസംയമനം പാലിക്കണമെന്നും അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ