ഷെറിഫിനെ കൊലപ്പെടുത്തിയ പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Tuesday, April 16, 2019 9:28 PM IST
വാഷിംഗ്ടൺ: സൗത്ത് വെസ്റ്റ് വാഷിംഗ്ടൺ ഷെറിഫ് ഡപ്യൂട്ടി ഏപ്രിൽ 13 ന് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആൾ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ഏപ്രിൽ 14 നാണ് ഇയാൾ കൊല്ലപ്പെട്ടത്.റോഡിൽ തടസം സൃഷ്ടിച്ചു കിടന്നിരുന്ന വാഹനം പരിശോധിക്കുന്നതിനിടയിലാണ് ജസ്റ്റിൻ ഡിറോസിയേഴ്സിന്(29) വെടിയേറ്റത്. വെടിയേറ്റ ഡെപ്യൂട്ടിയെ വാൻകോവറിലുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

165 വർഷ ചരിത്രത്തിൽ കൗലിറ്റ്സ് കൗണ്ടി ഷെറിഫ് ഓഫിസിൽ ആദ്യമായാണ് ഡ്യൂട്ടിക്കിടയിൽ ഡെപ്യൂട്ടി കൊല്ലപ്പെടുന്നത്. 22 മണിക്കൂറിനുശേഷം മരങ്ങൾക്കിടയിൽ ഒളിച്ചിരുന്ന പ്രതിയെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. മരങ്ങൾക്കിടയിൽ നിന്നും പുറത്തുവന്ന പ്രതി വെടിവെച്ചതിനെ തുടർന്ന് മറ്റു രണ്ടു പേർക്ക് വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്.

2016 മുതൽ സർവീസിലുള്ള ജസ്റ്റിന് ഭാര്യയും അഞ്ചു മാസം പ്രായമായ ഒരു മകളും ഉണ്ട്. പ്രതിയുടെ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.വെടിവെയ്പിനെകുറിച്ചു വാൻകോവർ പോലീസ് ഡിപ്പാർട്ട്മെന്‍റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്:പി.പി. ചെറിയാൻ