മാസ്‌ക് അപ്‌സ്റ്റേറ്റ് ഓണം ആഘോഷിച്ചു
Tuesday, September 17, 2019 4:49 PM IST
സൗത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്‌ക്) അപ്‌സ്റ്റേറ്റ് ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 14-നു ശനിയാഴ്ച വിപുലമായ കലാപരിപാടികളോടും, കേരളത്തനിമയിലുള്ള ഓണസദ്യയോടുംകൂടി ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ നടത്തി.

മുന്‍ മലയാള- തമിഴ് ചലച്ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള പ്രശസ്ത നടിയും, ഇപ്പോള്‍ നൃത്താഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടറുമായ സുനിതാ രാജ്, മുന്‍ മാസ്‌ക് അപ്‌സ്റ്റേറ്റ് പ്രസിഡന്റ് സുതീഷ് തോമസ്, മാസ്‌കിന്റെ മുന്‍ വൈസ് പ്രസിഡന്റ് ജോണ്‍ (റെജി) മാത്യു, ഇപ്പോഴത്തെ ട്രഷറര്‍ ബാബു തോമസ് എന്നിവരേയും, ഓണാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് സ്റ്റീഫന്‍ (ജേക്കബ്) ഫിലിപ്പോസ്, ത്രേസ്യാമ്മ തോമസ് എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ആദരിക്കപ്പെട്ട ഏവരും അവരവരുടെ പ്രവര്‍ത്തി മണ്ഡലങ്ങളില്‍ നടത്തിയിട്ടുള്ള സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് മുന്‍ മാസ്‌ക് പ്രസിഡന്റ് സേതു നായര്‍ നന്ദി അറിയിച്ചു.