യുഎസ് സെനറ്റർ ക്രിസ്‌വാൻ ഹോളന് കാശ്മീരിൽ പ്രവേശനം നിഷേധിച്ചു
Tuesday, October 8, 2019 5:35 PM IST
ന്യൂയോർക്ക്: യുഎസ് സെനറ്ററും അറിയപ്പെടുന്ന ഇന്ത്യൻ ആക്ടിവിസ്റ്റുമായ ക്രിസ്‍‍വാൻ ഹോളന് കാശ്മീരിൽ പ്രവേശിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനുശേഷം മൂന്നു മാസം തികയുന്ന ഒക്ടോബർ 5 നാണ് മേരിലാൻഡിൽ നിന്നുള്ള യുഎസ് സെനറ്റർ ഹോളന് പ്രവേശനാനുമതി നിഷേധിച്ചത്.

ഇന്ത്യയുമായി വ്യാപാരബന്ധം വർധിപ്പിക്കുന്നതിനും മറ്റു പല വിഷയങ്ങളിലും ഇന്ത്യൻ ഗവൺമെന്‍റുമായി ചർച്ച ചെയ്യുന്നതിന് യുഎസ് ഡെലിഗേഷന് നേതൃത്വം നൽകുന്നതിനാണ് സെനറ്റർ ഇന്ത്യയിൽ എത്തിയത്. കാശ്മീരിലെ വാർത്താവിതരണ ബന്ധം വിച്ഛേദിക്കുകയും പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്ത നടപടി അമേരിക്ക അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടയിലാണ് ഈ സംഭവം.

കാശ്മീരിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല ഇന്ത്യൻ സർക്കാരിൽ നിക്ഷിപ്തമാണ്. ഈ മാസാവസാനം ഫോറിൻ അഫയേഴ്സ് കമ്മിറ്റി മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നതിന് തീരുമാനിച്ചിരിക്കെ, കാശ്മീരായിരിക്കും മുഖ്യ ചർച്ചാവിഷയമെന്ന് സെനറ്റർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ