ഹിന്ദുത്വം ഉപേക്ഷിച്ച് ഹിന്ദു, മുസ് ലിം, സിക്ക്, ക്രിസ്ത്യൻ വിശ്വാസ സംരക്ഷകരാകണം: റൊ ഖന്ന
Thursday, October 10, 2019 7:55 PM IST
കലിഫോർണിയ: ഹിന്ദുക്കളായ ഓരോ അമേരിക്കൻ രാഷ്ട്രീയക്കാരനും ഹിന്ദുത്വം ഉപേക്ഷിച്ചു ഹിന്ദുക്കളുടേയും മുസ് ലിമുകളുടേയും സിക്കുകാരുടേയും ക്രിസ്ത്യാനികളുടേയും അവകാശങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് കലിഫോർണിയയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ്മാൻ റൊ ഖന്ന ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

റൊ ഖന്ന പാക്കിസ്ഥാനി അമേരിക്കൻ കൺഗ്രഷണൽ കോക്കസ് അംഗമായതിൽ പ്രതിഷേധിച്ചു കലിഫോർണിയ കൂപ്പർറ്റിനൊയിൽ ഒക്ടോബർ മൂന്നിനു വിളിച്ചു ചേർത്ത ടൗൺ ഹാൾ മീറ്റിംഗിൽ പ്രതിഷേധവുമായി എത്തിയവർക്കാണു റൊ ഖന്ന ഈ ഉപദേശം നൽകിയത്.

ഇന്ത്യൻ അമേരിക്കൻ കൺഗ്രഷണൽ കോക്കസിൽ അംഗമായ ഖന്ന ജൂലൈയിലാണ് പാക്കിസ്ഥാൻ അമേരിക്കൻ കൺഗ്രഷണൽ കോക്കസിൽ അംഗത്വമെടുത്തത്.റൊ ഖന്നയുടെ മുത്തച്ഛനായിരുന്ന സ്വാതന്ത്ര്യ സമര സേനാനി അമർനാഥ് വിദ്യാലങ്കർ ആണ് തന്നെ ഈ ആശയത്തിലേക്ക് നയിച്ചതെന്നും എല്ലാവരേയും ഒന്നുപോലെ കാണുവാൻ താൻ ആഗ്രഹിക്കുന്നതായും ഖന്ന പറഞ്ഞു.

മഹാത്മജിയുടെ 150–ാം ജന്മദിനം പ്രമാണിച്ചു ഒക്ടോബർ 2ന് യുഎസ് കോൺഗ്രസ് റൊ ഖന്നയുടെ മുത്തച്ഛനെ പ്രത്യേകം ആദരിച്ചിരുന്നു. ഹൗസ് സ്പീക്കർ നാൻസി പെലോസിയാണ് ചടങ്ങിന് നേതൃത്വം നൽകിയത്. ഞാൻ സമാധാനം ആഗ്രഹിക്കുന്നു. ഇന്ത്യൻ അമേരിക്കൻ വംശജരിൽ ഭൂരിഭാഗവും എന്‍റെ അഭിപ്രായത്തോടു യോജിക്കുന്നതായും റൊ ഖന്ന പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ