ഷിക്കാഗോയിൽ അധ്യാപകർ ഒക്ടോബർ 17 മുതൽ അനിശ്ചിതകാല പണിമുടക്കിന്
Wednesday, October 16, 2019 4:05 PM IST
ഷിക്കാഗോ: ഷിക്കാഗോയിലെ 25,000 ത്തിലധികം അധ്യാപകർ ഒക്ടോബർ 17 (വ്യാഴം) മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. സിറ്റി അധികൃതരുമായി യൂണിയൻ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമര രംഗത്തേക്കിറങ്ങുവാൻ തീരുമാനിച്ചതെന്ന് യൂണിയൻ പ്രസിഡന്‍റ് ജെസി ഷാർക്കി പറഞ്ഞു.

അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഷിക്കാഗോയിൽ അധ്യാപകർ പണിമുടക്കുന്നതോടെ 4 ലക്ഷത്തോളം വിദ്യാർഥികളുടെ പഠനത്തെ കാര്യമായി ബാധിക്കും.

2018നു ശേഷം നടക്കുന്ന ഏറ്റവും വലിയ അധ്യാപക സമരത്തിനാണ് യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ക്ലാസുകളിൽ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുക, കൂടുതൽ ജീവനക്കാരെ നിയമിക്കുക, ശമ്പള വർധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയൻ മുന്നോട്ടു വച്ചിരിക്കുന്നത്.

ഷിക്കാഗൊ മേയർ ലോറി ലൈറ്റ് ഫുട്ടുമായി യൂണിയൻ നേതാക്കൾ ബുധനാഴ്ച നടത്തിയ ചർച്ചയിലും തീരുമാനമായിട്ടില്ല. അധ്യാപകർക്കൊപ്പം സ്കൂൾ സപ്പോർട്ട് സ്റ്റാഫും ഷിക്കാഗോ പാർക്ക് ഡിസ്ട്രിക്റ്റ് ജീവനക്കാരും പണിമുടക്കുമെന്ന് യൂണിയൻ അറിയിച്ചു.

അതേസമയം സിറ്റി അധികൃതർ മുന്നോട്ടു വച്ച ഒത്തു തീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചു സമരം ഒഴിവാക്കണമെന്ന് രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ