ചരിത്രംകുറിച്ച് ഐഎപിസി ആറാം ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫ്രന്‍സ്
Wednesday, October 23, 2019 11:30 AM IST
ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആറാം ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫ്രന്‍സ് ഇന്ത്യയില്‍നിന്നുള്ള പ്രശസ്ത മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ടും, അമേരിക്കയിലും കാനഡയിലുമുള്ള നിരവധി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും ചരിത്രം കുറിച്ചു.

ടെക്‌സസിലെ ഹൂസ്റ്റണ്‍ നഗരത്തിലുള്ള ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലിലാണ് ഒക്ടോബര്‍ പതിനൊന്ന് മുതല്‍ പതിനാലു വരെ നാലു ദിവസങ്ങളിയായി അന്തര്‍ ദേശീയ മീഡിയ കോണ്‍ഫറന്‍സ് നടന്നത്.

ഇന്ത്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരേ പ്രധിനിധീകരിച്ച് മലയാള മനോരമയുടെ ഷാനി പ്രഭാകര്‍, മാതൃഭൂമിയില്‍ നിന്ന് എം.എസ്. ശ്രീകല, ന്യൂസ് 24 ചാനലില്‍ നിന്ന് ഡോ. അരുണ്‍ കുമാര്‍, ന്യൂസ് 18 ചാനലില്‍ നിന്ന് സനീഷ് ഇളയടത്ത്, ന്യൂസ് മിനിറ്റ്‌സിന്റെ ചീഫ് എഡിറ്റര്‍ ധന്യ രാജേന്ദ്രന്‍ എന്നീ മാധ്യമ പ്രവര്‍ത്തകരോടൊപ്പം മലയാളികള്‍ക്ക് സുപരിചിതരും ടിവി ചാനലുകളിലെ സ്ഥിരം സംവാദകരും രാഷ്ട്രീയ നിരീക്ഷകരുമായ അഡ്വ.ജയശങ്കര്‍, അഡ്വ.ഹരീഷ് വാസുദേവന്‍ എന്നിവരും പങ്കെടുത്തു. മലയാളത്തിലെ പ്രശസ്ത നടി റീമ കല്ലിങ്കലിന്റെ സാന്നിധ്യവും, സ്ത്രീ സുരക്ഷ, സ്ത്രീ പുരുഷ സമത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള അവരുടെ നിരീക്ഷണങ്ങളും വാദമുഖങ്ങളും സെമിനാറുകളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് ഇടയാക്കി.

ഐഎപിസി ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ, പ്രസിഡന്റ് സുനില്‍ ജോസഫ് കുഴമ്പാല, സെക്രട്ടറി മാത്യു കുട്ടി ഈശോ, ഡയറക്ടര്‍ കമലേഷ് മേത്ത, ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് സെക്രട്ടറി ഡോ.മാത്യു ജോയ്‌സ്, ജനറല്‍ കണ്‍വീനര്‍ ജെയിംസ് കൂടല്‍ എന്നിവരോടൊപ്പം ഇന്ത്യയില്‍ നിന്ന് എത്തിയ മാധ്യമ പ്രവര്‍ത്തകരുംഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്ജ് എന്നിവരും ദീപം തെളിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.

കോണ്‍ഫ്രന്‍സിന്റെ ആദ്യ ദിവസം നാല് സെമിനാറുകള്‍ നടന്നു.' ഡിജിറ്റല്‍ യുഗത്തിലെ സ്വകാര്യത' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.മാത്യു ജോയ്‌സും, അനില്‍ അഗസ്റ്റിനും ചേര്‍ന്ന് നടത്തിയ സെമിനാറില്‍ നടി റീമ കല്ലിങ്ങല്‍, അഡ്വ ജയശങ്കര്‍, ഷാനി പ്രഭാകര്‍, എ ജെ ഫിലിപ്പ്, ധന്യ രാജേന്ദ്രന്‍, അഡ്വ: ശ്യാം കുരുവിള എന്നിവര്‍ പങ്കെടുത്തു.

രണ്ടാമത്തെ സെമിനാര്‍ അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങളിലെ ഇന്ത്യന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകരുടെ സാന്നിധ്യവും അവസരങ്ങളും എന്നതായിരുന്നു. ജെയിംസ് കുരീക്കാട്ടിലും, റോയ് തോമസും ചേര്‍ന്ന് നടത്തിയ സെമിനാറില്‍, അമേരിക്കയിലെ മലയാളീ ന്യൂ ജനറേഷന്‍ മാധ്യമ പ്രവര്‍ത്തകനായ ജോബിന്‍ പണിക്കര്‍, ഡോ: ചന്ദ്ര മിത്തല്‍, കമലേഷ് മേത്ത, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, ഹരി നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

പ്രവാസികളുടെ കേരളത്തിലെ സ്വത്തുക്കളുടെ സംരക്ഷണത്തെ കുറിച്ച് നടന്ന മൂന്നാമത്തെ സെമിനാര്‍ നയിച്ചത് ബിജു ചാക്കോയും ഡോ. ബിജുവും ചേര്‍ന്നാണ്. ചര്‍ച്ചയില്‍ അഡ്വ ഹരീഷ് വാസുദേവന്‍, സജി ഡൊമിനിക്, ഡോ.അരുണ്‍ കുമാര്‍, ജേക്കബ് ഈശോ, ജിന്‍സ്‌മോന്‍ സക്കറിയ എന്നിവര്‍ പങ്കെടുത്തു.

ഒന്നാം ദിവസത്തെ അവസാന സെമിനാറായ സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് നടന്ന ചര്‍ച്ച സുരേഷ് രാമകൃഷ്ണനും, സന്തോഷ് എബ്രാഹവും ചേര്‍ന്ന് നയിച്ചു. ചര്‍ച്ചയില്‍ എം.എസ് ശ്രീകല, ഡോ.അരുണ്‍ കുമാര്‍, സനീഷ് ഇളയിടത്ത്, അഡ്വ.ജയശങ്കര്‍, അഡ്വ.ഹരീഷ് വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന കലാവിരുന്നില്‍ ഹൂസ്റ്റണിലെ പ്രശസ്തരുടെ നിരവധി നൃത്തപരിപാടികളും അരങ്ങേറി. പാടുന്ന പാതിരി എന്ന പേരില്‍ ലോകപ്രശസ്തനായ ഡോ.ഫാ.പൂവത്തിങ്കലിന്റെ ശാസ്ത്രീയ സംഗീതവിരുന്ന് ചടങ്ങിനെ അവിസ്മരണീയമാക്കി.

റിപ്പോര്‍ട്ട്: ഡോ. മാത്യു ജോയ്‌സ്