കലിഫോർണിയായിൽ മലയാളി ഡോക്ടർമാർ ഒത്തുചേർന്നു
Friday, January 17, 2020 7:05 PM IST
ലോസ് ആഞ്ചലസ് : കലിഫോർണിയയിലെ മലയാളി ഡോക്ടർമാരുടെ ഈ വർഷത്തെ ആദ്യ ഒത്തുചേരലും കുടുംബ സംഗമവും ലോസ് ആഞ്ചലസിൽ നടന്നു. കേരളത്തിൽനിന്നുള്ള മെഡിക്കൽ - ഡെന്‍റൽ ഡോക്ടർമാരുടെ സംഘടനയായ 'അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സിന്‍റെ' (AKMG) ആഭിമുഖ്യത്തിൽ ജനുവരി 11നു ലോസ് ആഞ്ചലസിലെ ടാന്പ റസ്റ്റോറന്‍റിലായിരുന്നു പരിപാടികൾ.

സ്റ്റേറ്റ് ബോർഡ് ഓഫ് ഗവർണർ ഡോ. സിന്ധു പിള്ള സ്വാഗതം ആശംസിച്ചു. 1979 ൽ അഞ്ചുപേർ ചേർന്ന് ന്യൂയോർക്കിൽ തുടങ്ങിയ അസോസിയേഷൻ ഇന്നു കാനഡ, യുകെ, മിഡിൽ ഈസ്റ്റ് തുടങ്ങി നിരവധി രാജ്യങ്ങളിൽ സാന്നിധ്യമുണ്ടെന്നുപറഞ്ഞ മുൻ പ്രസിഡന്‍റ് ഡോ.മേനോൻ സംഘടന നടത്തുന്ന സാമൂഹ്യ സേവനകളെപ്പറ്റിയും വിവരിച്ചു. തൃശൂർ മെഡിക്കൽ കോളേജിലെ മാമോഗ്രാം മെഷീൻ, കേരളത്തിലെ മെഡിക്കൽ കോളജുകളിൽ നടത്തുന്ന ലേർണിംഗ് റിസോഴ്സ് സെന്‍ററുകൾ, അത്യാഹിത വിഭാഗ പരിശീലനം, കാൻസർ -പാലിയേറ്റീവ് കെയർ എന്നിവക്കുപുറമെ പ്രകൃതി ദുരന്തങ്ങളായ സുനാമി, കത്രീന, കേരളത്തിലെ പ്രളയം എന്നിവയിൽ സംഘടന നടത്തിയ പ്രവർത്തങ്ങൾ അവർ വിവരിച്ചു.

വയനാട്ടിലെ ആദിവാസി മേഖലകളിലെ ആരോഗ്യ പ്രവർത്തനങ്ങൾ വിവരിക്കുന്ന 'ഹൃദയത്തിന്‍റെ വിളി' എന്ന ഹൃസ്വചിത്രം പരിപാടിയിൽ പ്രദർശിപ്പിച്ചു.

സംഘടനയുടെ വാർഷിക പരിപാടിയായ 'സിംഫണി ക്രൂയിസ് കൺവൻഷൻ 2020' ന്‍റെ രജിസ്‌ട്രേഷനും ചടങ്ങിൽ നടന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി ഡോക്ടർമാരും ഡെന്‍റിസ്റ്റുകളും പരിപാടിയിൽ സംബന്ധിച്ചു. സംഘടയിലെ കലാകാരന്മാരും കലാകാരികളും നടത്തിയ ഗാനമേള പരിപാടിയുടെ ആകർഷണമായിരുന്നു. ഡോ. രവി രാഘവൻ നന്ദി പറഞ്ഞു.

മൂന്നുമാസത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഈ വർഷത്തെ ആദ്യത്തെതായിരുന്നു ലോസ് ആഞ്ചലസിൽ നടന്നത്.

റിപ്പോർട്ട്:സാൻഡി പ്രസാദ്