ജീവനക്കാരിൽ നിർബന്ധിത മൈക്രോ ചിപ്പ് സ്ഥാപിക്കൽ ഇൻഡ്യാന സെനറ്റ് കമ്മിറ്റി തടഞ്ഞു
Thursday, February 13, 2020 8:42 PM IST
ഇൻഡ്യാന: തൊഴിൽ ലഭിക്കണമെങ്കിൽ ശരീരത്തിൽ മൈക്രൊ ചിപ്പ് സ്ഥാപിക്കണമെന്ന് തൊഴിൽ ദായകരുടെ ആവശ്യം നടപ്പാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ബിൽ ഇൻഡ്യാന സെനറ്റ് കമ്മിറ്റി അംഗീകരിച്ചു.

ഫെബ്രുവരി 12 നു സ്റ്റേറ്റ് സെനറ്റ് പെൻഷൻ ആൻഡ് ലേബർ കമ്മിറ്റി ഒന്നിനെതിരെ 9 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്.

ജോലിയിൽ പ്രമോഷൻ ലഭിക്കണമെങ്കിലോ മറ്റു ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിലോ ജീവനക്കാരുടെ ശരീരത്തിൽ മൈക്രോചിപ്പ് വച്ചുപിടിപ്പിക്കണമെന്ന തൊഴിലുടമകളുടെ തീരുമാനമാണ് ബിൽ തടഞ്ഞിരിക്കുന്നത്. സ്റ്റേറ്റ് സെനറ്റർ ജോൺ ഫോർഡാണ് ബില്ലിന്‍റെ അവതാരകൻ. അടുത്ത ആഴ്ച ഈ ബിൽ ഫുൾ സെനറ്റിൽ അവതരിപ്പിക്കും.

അരിമണിയോളം വലിപ്പമുള്ള ചിപ്പാണ് ഇതിനുവേണ്ടി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നത്. അടുത്തയിടെ ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയൊടെക് എന്ന കമ്പനി അവരുടെ 150 ജീവനക്കാർക്ക് ഇത്തരം മൈക്രോചിപ്പുകൾ സ്ഥാപിച്ചിരുന്നു. ഇതേ കമ്പനി ഇത്തരത്തിലുള്ള മൈക്രോചിപ്പുകൾ സ്പെയ്ൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്.

കലിഫോർണിയ സംസ്ഥാനത്ത് വീടുകളിൽ പ്രവേശിക്കുന്നതിനും കാറ്, ഫോൺ എന്നിവ പ്രവർത്തിപ്പിക്കുന്നതിനും ശരീരത്തിൽ വച്ചു പിടിപ്പിച്ച മൈക്രോചിപ്പുകൾ ഉപയോഗിച്ചു വരുന്നുണ്ട്.‌‌

റിപ്പോർട്ട്: പി.പി. ചെറിയാൻ