ഹൂസ്റ്റണിൽ പ്രഭാത നടത്തത്തിനിടെ രണ്ട് സുഹൃത്തുക്കൾ വെടിയേറ്റ് മരിച്ചു
Wednesday, July 2, 2025 6:48 AM IST
പി.പി. ചെറിയാൻ
ഹൂസ്റ്റൺ: പ്രഭാത നടത്തത്തിനിടെ അയൽക്കാരും ദീർഘകാല സുഹൃത്തുക്കളുമായ 2 പേർ വെടിയേറ്റ് മരിച്ചു. തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ 14900 വൈറ്റ് ഹീതർ ഡ്രൈവിലുള്ള വൈൽഡ്ഹീതർ പാർക്കിൽ വെള്ളിയാഴ്ച പുലർച്ചെ 6 മണിയോടെയാണ് സംഭവമെന്ന്ഹൂസ്റ്റൺ പോലീസ് വ്യക്തമാക്കി.

പാർക്കിലെ നടപ്പാതയിലൂടെ നടക്കുന്നതിനിടെ ഒന്നിലധികം പ്രതികൾ പിറകിലൂടെയെത്തി ഇരുവരുടേയും ശരീരത്തിലേക്ക് പലതവണ വെടിയുതിർക്കുകയായിരുന്നുവെന്ന് സാർജന്‍റ് മൈക്കൽ അരിംഗ്ടൻ പറഞ്ഞു. സമീപത്തെ പുൽമേട്ടിൽ നിന്ന് വെടിയുണ്ടയുടെ കേസിംഗുകൾ കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിൽ പ്രതികൾ പുൽമേടിന്‍റെ മറവിൽ കാത്തിരുന്നായിരിക്കാം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.


പ്രതികൾ സമീപത്തെ പാർക്കിംഗ് സ്ഥലത്തേക്ക് ഓടിപ്പോകുകയും വെളുത്ത സെഡാനിൽ രക്ഷപെടുന്നത് കണ്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. കവർച്ചാ ശ്രമം അല്ലെന്നും ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും അരിംഗ്ടൻ വ്യക്തമാക്കി.

വെടിവെയ്പ് സംബന്ധിച്ച് വിവരം ലഭിക്കുന്നവർ ഒജഉ ഹോമിസൈഡ് ഡിവിഷനെ (713) 3083600 എന്ന നമ്പറിൽ വിളിക്കുകയോ ക്രൈം സ്റ്റോപ്പേഴ്സ് 713222ഠകജട എന്ന നമ്പറിൽ വിളിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.