കലിഫോർണിയായിൽ ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ചു
Tuesday, February 25, 2020 8:15 PM IST
വിറ്റിയർ, കലിഫോർണിയ: ആറു മാസം മുൻപു രാഷ്ട്രീയ അഭയം തേടി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ചു. സാന്‍റാഫിയിലെ സ്റ്റോറിൽ ക്ലർക്കായി ജോലി ചെയ്തിരുന്ന മനീന്ദർ സിംഗ് സാഹി (31) എന്ന യുവാവ് ആണ് അഞ്ജാതന്‍റെ വെടിയേറ്റു മരിച്ചത്.

രാവിലെ കറുത്ത വസ്ത്രം ധരിച്ചു മുഖം മൂടിയണിഞ്ഞു സ്റ്റോറിലേക്ക് പ്രവേശിച്ച അക്രമി സെമി ഓട്ടോമാറ്റിക് ഗൺ ഉപയോഗിച്ചു മനീന്ദറിനു നേരെ നിറയൊഴിക്കുകയായിരുന്നു. പ്രതിയുമായി മനീന്ദർ സഹകരിച്ചിരുന്നതായി കാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. പിന്നീട് എന്താണ് പ്രതിയെ വെടിവയ്ക്കുവാൻ പ്രേരിപ്പിച്ചതെന്നു വ്യക്തമല്ലെന്നു വിറ്റിയർ പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം സ്റ്റോറിൽ നിന്നും ഇറങ്ങിയോടുന്നതായും കമറ ദൃശ്യങ്ങളിലുണ്ട്. പ്രതിയെ കണ്ടെത്തുന്നവർ 562 567 9281 നമ്പറിൽ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു

ആറു മാസം മുമ്പ് പഞ്ചാബിലെ കാർണലിൽ നിന്നും അമേരിക്കയിലെത്തിയ മനീന്ദർ ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന്‍റെ ഏക ആശ്രയം ആയിരുന്നു. രാഷ്ട്രീയ അഭയത്തിനുള്ള പേപ്പറുകൾ ശരിയാക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം. സംഭവത്തിനു ശേഷം ഭാര്യയേയും മാതാവിനേയും മാനസികമായി തകർന്ന അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ