പെൻസിൽവേനിയ സംസ്ഥാനത്തെ ഭീതിജനകമായ കോവിഡ് 19
Thursday, March 26, 2020 12:26 AM IST
പെൻസിൽവേനിയ: മാനവരാശി ഇപ്പോൾ നേരിടുന്ന കൊറോണ വൈറസ് (കോവിഡ് 19) എന്ന മഹാമാരിയെ നാം ഒന്നിച്ച് നേരിടേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് വളരെ വിശദമായും വിപുലമായും സർക്കാർ തലത്തിലും ആരോഗ്യവകുപ്പിലെ അധികൃതരിൽ നിന്നും നിരന്തരം അച്ചടി–ദൃശ്യ മാധ്യമങ്ങളിലൂടെ സമൂഹത്തിൽ എത്തിക്കുന്നുണ്ട്.

അമേരിക്കയിയുടെ താക്കോൽ സംസ്ഥാനം എന്നറിയപ്പെടുന്ന പെൻസിൽവേനിയായെ ബാധിച്ചിരിക്കുന്ന കോവിഡ് 19 എന്ന വൈറസ് സാധാരണ ജനജീവിതത്തെ അസാധാരണമാം വിധം പിടിമുറുക്കിയിരിക്കുകയാണ്. അനേകം ഇന്ത്യക്കാരും മലയാളികളും അധിവസിക്കുന്ന ഈ പ്രദേശത്ത് ഇതിനോടകം 645 പോസിറ്റീവ് രോഗികളും 175 മരണവും (ഇതെഴുതുമ്പോൾ) സംഭവിച്ചതായി മാധ്യമങ്ങളിലൂടെ അറിയുകയുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി നൽകിയും ജോലിസ്ഥലങ്ങളിലെല്ലാം നിർബന്ധിത അവധി എടുപ്പിച്ചും (ആരോഗ്യമേഖലയൊഴിച്ച്) മനുഷ്യന്‍റെ നിത്യോപയോഗത്തിൽപ്പെട്ടതും ഒഴിച്ചുകൂടാൻ പറ്റാത്തതുമായ ഗ്രോസറികൾ മരുന്നുവിൽപ്പനശാലകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവയെല്ലാം അടഞ്ഞുകിടക്കുന്ന ശോകമൂകമായ അന്തരീക്ഷമാണ് ഇവിടെ.

ദുഷ്കരമായ അടിയന്തര സാഹചര്യത്തെ നേരിടുവാൻ പൊതുനിരത്തിൽ ആളുകൾ തമ്മിൽ അകലം പാലിക്കുക, കൈകൾ സോപ്പിട്ട് കഴുകി വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ ആരോഗ്യപ്രവർത്തകരും സർക്കാർ വൃത്തങ്ങളും നിരന്തരം അറിയിച്ചുകൊണ്ടിരിക്കുകയാണ്. പൊതുവായ എല്ലാ യാത്രാ സംവിധാനങ്ങളും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ആരാധനാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. രാജ്യത്താകമാനം 80 മില്യണിലധികം ആളുകൾ ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നതായും 44000 ലധികം കോവിഡ് 19 പോസറ്റീവ് ടെസ്റ്റും കൂടാതെ 550 മരണങ്ങളും ഇതുവരെയുള്ള അറിയിപ്പുകളിലൂടെ ലഭിച്ചിട്ടുണ്ട്.

ഈ മഹാമാരിയെ ലോകത്ത് നിന്നും തുടച്ചുനീക്കാൻ മരുന്നു കണ്ടുപിടിക്കാനായി ശാസ്ത്രലോകം രാവും പകലും ഒരുപോലെ പരിശ്രമിക്കുകയാണ്. ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരെ എത്ര പ്രശംസിച്ചാലും ഈ അവസരത്തിൽ അത് അധികമാവില്ല. എന്നാൽ ഇതൊടൊപ്പം അപകടകരമായ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്ന മാധ്യമപ്രവർത്തകരെയും എത്ര പ്രശംസിച്ചാലും കുറയില്ല. ലോകത്തിന്‍റെ ഏതുകോണിലും നടക്കുന്ന കാര്യങ്ങൾ തത്സമയം തന്നെ ലോകത്തിന്‍റെ എല്ലാ ദിശകളിലും എത്തിക്കുന്ന അച്ചടി–ദൃശ്യ മാധ്യമപ്രവർത്തകരെയും അഭിനന്ദിക്കേണ്ട സമയമാണിത്. പ്രത്യേകിച്ച് സർക്കാർ ആരോഗ്യ സംവിധാനങ്ങളുടെ തത്സമയ വാർത്തകൾ ജനങ്ങളിൽ എത്തിക്കുക എന്നുള്ളതും രോഗപ്രതിരോധ മാർഗം കണ്ടുപിടിക്കാത്ത ഈ മഹാമാരി രാജ്യത്താകമാനം പടർന്നു പിടിക്കപ്പെട്ടുകഴിഞ്ഞു. പ്രായഭേദമന്യേ നമ്മൾ ഓരോരുത്തരും ചെയ്യേണ്ട കർത്തവ്യമാണ് ഈ രോഗം പടർന്നുപിടിക്കാതിരിക്കാനുള്ള മാർഗനിർദേശങ്ങൾ അനുസരിക്കുക എന്നത്. ജനങ്ങളിൽ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നവർക്കായി സർക്കാർ തലത്തിൽ ഒരു സാമ്പത്തിക ഉത്തേജന പദ്ധതിക്കായി ദ്രുതഗതിയിൽ യുഎസ് സർക്കാരിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വളരെ ഭീതിയോടെ ഗ്രോസറികളിൽ നിന്നും ഭക്ഷണസാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ് ജനങ്ങൾ. വലിയ ഒരു ക്ഷാമം ജനങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ. ആഗോള വ്യാപകമായ ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ തക്കവണം ദുഷ്കരമായ സാഹചര്യമാണ് മുന്നിലുള്ളതെന്നും വിദഗ്ദർ പ്രവചിക്കുകയുണ്ടായി.

ഒരു പക്ഷേ, ബന്ദുകളും ഹർത്താലുകളും വളരെയധികം പരിചിതമായ കേരളത്തിലെ ജനങ്ങൾക്ക് ഇതുപോലൊരു ശൈലി പുത്തൻ അനുഭവം ആയിരിക്കില്ല എന്നും പ്രവാസികൾ തമാശരൂപേണ പറയുകയുണ്ടായി. അമേരിക്കയിലെ മലയാളികൾക്കിടയിൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം നേരിടുന്നതിനായി ധാരാളം മലയാളി ഹൈൽപ്പ് ലൈനുകൾ വ്യക്തിപരമായും സംഘടനാപരമായും ആരാധനാലയങ്ങൾ വഴിയും പ്രാദേശികതലത്തും ദേശീയ തലത്തും ഉടലെടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. ഏതു വിധേയനയും ജനങ്ങളെ സഹായിക്കുക അതിലുപരിയായി സേവിക്കുക എന്നുള്ളതാണല്ലോ അവരുടെയും ലക്ഷ്യം. ഈ അവസരത്തിൽ നമ്മുക്ക് അവരെയും അഭിനന്ദിക്കാം. ‘ഈ സമയവും കടന്നു പോകും’ എന്ന വാക്യം ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു.

റിപ്പോർട്ട്: ജീമോൻ ജോർജ്