പ്രപഞ്ചത്തിനു ആദികാരണമായ പരബ്രഹ്മമാണ് ധർമ്മം: ശ്രീമദ് നിത്യസ്വരൂപാനന്ദ സ്വാമികൾ
Thursday, May 21, 2020 7:02 PM IST
ഡാളസ് :"പ്രപഞ്ചത്തിനു ആദികാരണമായ പരബ്രഹ്മം തന്നെയാണ് ധർമ്മം" . ഗുരുദേവൻ ധർമ്മം എന്തെന്ന് ഒരൊറ്റ വരിയിൽ തന്നെ സമ്പൂർണമാക്കി.അതിനാൽ ഏകവും അദ്വയവുമായ സത്യത്തിലേക്ക് ഒരു ജീവനെ അടുപ്പിക്കുന്ന കർമ്മമാണ് ധർമ്മം . ദാനധർമ്മങ്ങൾ പോലും പേരിനും പ്രശസ്തിക്കും തന്‍റെ അഹങ്കാരത്തിന് ശക്തി കൂട്ടുന്നതുമാണെങ്കിൽ അത് ധർമ്മം അല്ല.സത്യത്തോട് അടുക്കാൻ ഒരു കർമ്മം എത്രമേൽ സഹായിക്കുന്നു എന്നതാണ് ഒരു കർമ്മത്തെ ധർമ്മമാകുന്നത്.

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർത്ഥനാ പരമ്പരയിൽ മേയ് 17 നു നടന്ന സത്‌സംഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ

മനോജ് തങ്കച്ചന്‍റെ ആമുഖത്തോടെ സമാരംഭിച്ച സത്‌സംഗത്തിൽ , സജി കമലാസനൻ സ്വാഗതം ആശംസിച്ചു . തുടർന്നു ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഗുരുസ്മരണയോടുകൂടി പ്രാർഥനകൾക്കു തുടക്കം കുറിച്ചു .

ഗുരുദേവന്റെ "ധർമ്മം " എന്ന ഏകശ്ലോകി ആയ കൃതിയെ ആസ്പദമാക്കി ശ്രീമദ് നിത്യസ്വരൂപാനന്ദ സ്വാമികൾ നടത്തിയ അനുഗ്രഹ പ്രഭാഷണം ആസ്വാദ്യകരമായിരുന്നു . "ധർമ്മം " എന്ന പദം വളരെയധികം ഉപയോഗിക്കപെട്ടുകൊണ്ടിരിക്കുന്നു. . ശ്രീ നാരായണ ധർമ്മം , ധർമ്മ ശാസ്ത്രങ്ങൾ, സനാതന ധർമ്മം , ധർമ്മ പത്നി തുടങ്ങി ധർമ്മവുമായി ബന്ധപ്പെട്ട നിരവധി പദങ്ങൾ .നാം കേൾക്കാറുണ്ട്. പുരുഷാർത്ഥങ്ങളായ " ധർമ്മം , അർഥം , കാമം ,മോക്ഷം ഇവ തുടങ്ങുന്നതും ധർമ്മം എന്ന പദത്തിൽ നിന്നുതന്നെ . എന്തുകൊണ്ട് ധർമ്മം ഇത്രത്തോളം പ്രധാനമായിരിക്കുന്നു ? മനുഷ്യ ജീവിതത്തിലേക്ക് നോക്കിയാൽ പരമ പുരുഷാർത്ഥമായ മോക്ഷം എല്ലാപേരും അറിയാതെ ആഗ്രഹിക്കുന്നത് കാണാം . പൂർണ്ണത നേടി ശാന്തമായ മനസോടെ ആനന്ദമായി , സുഖമായി ഇരിക്കുക എന്ന ലക്ഷ്യം എല്ലാവരിലും ഉണ്ട് .

"അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു "

എന്ന ഗുരുദേവ വചനം ഓർമിപ്പിച്ച സ്വാമിജി, എല്ലാവരും തേടുന്നത് ആത്മ സുഖമാണ് എന്ന് ഓർമ്മിപ്പിച്ചു . മനുഷ്യ ജീവിതത്തിലേക്ക് നോക്കിയാൽ സുഖം നേടാൻ വേണ്ടി പുതിയ പുതിയ ആഗ്രഹങ്ങൾ (കാമം ), അവ നേടുന്നതിനായുള്ള പണസമ്പാദനം ( അർഥം ) ഇവയിൽ ചുറ്റപ്പെട്ടു കിടക്കുന്നു . ആഗ്രഹങ്ങളെ പൂർത്തീകരിക്കുവാനുള്ള നെട്ടോട്ടമാണ് ജീവിതം . ഇതു തെറ്റല്ല , എന്നിരുന്നാലും ഈ അർത്ഥ, കാമങ്ങൾ , ധർമ്മപരമല്ലെങ്കിൽ പരമ പുരുഷാർത്ഥമായ മോക്ഷത്തിലേക്ക് മനുഷ്യജീവനെ അടുപ്പിക്കുകയില്ല. അറിയാതെ എങ്കിലും നമ്മുടെ ജീവനും ആ മോക്ഷസുഖം അന്വേഷിക്കുന്നു .

പ്രപഞ്ചത്തെ ധരിച്ചിരിക്കുന്നത് ഏതോ അത് ധർമ്മം . പുണ്യ കർമ്മത്തിന്‍റെ ഫലം സുഖവും , പാപ കർമ്മത്തിന്‍റെ ഫലം ദുഃഖവും ആയിരിക്കും എന്ന് യുക്തിപരമായി ചിന്തിച്ചാൽ അറിയാവുന്നതേ ഉള്ളൂ . എന്നിരുന്നാലും മനുഷ്യർ സുഖം നേടുന്നതിനായി പാപകർമ്മം ചെയ്യുന്നു എന്തൊരു വിരോധാഭാസമാണ് ! ധർമ്മം എന്ന പദം കർമ്മത്തിന് മുന്നിൽ ചേർത്താൽ മാത്രമേ സുഖത്തിലേക്ക് എത്തപ്പെടുവാൻ കഴിയുകയുള്ളു. എങ്കിൽ മാത്രമേ പുണ്യകർമ്മങ്ങൾ ചെയ്യുവാൻ മനുഷ്യന് സാധിക്കൂ.

ജീവിതത്തിൽ എല്ലാം തങ്ങൾക്കു അനുകൂലം ആകണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ട പുണ്യകർമ്മങ്ങളിൽ വിമുഖത കാണിക്കുകയും ചെയ്യുന്ന മനുഷ്യർ ധർമം എന്തെന്ന് അറിയാത്തവരാണ് .

ധർമത്തെ പറ്റി ഇങ്ങനെ വിശദീകരിച്ച സ്വാമിജി, ഗുരുദേവന്‍റെ ധർമഃ എന്ന ശ്ലോകത്തിലേക്കു കടന്നു .

"ധർമ്മ ഏവ പരം ദൈവം
ധർമ്മ ഏവ മഹാധനം
ധർമ്മ സർവത്ര വിജയീ
ഭവതു ശ്രേയസേ നൃണാം ."

ധർമ്മമാണ് പ്രപഞ്ചത്തിനു ആദികാരണമായ ദൈവം , ധർമ്മമാണ് ഏറ്റവും വലിയ സമ്പത്ത് , ധർമ്മം എല്ലായിടത്തും വിജയിക്കുന്നു , അങ്ങനെയുള്ള ധർമ്മം മനുഷ്യവർഗത്തിനു മോക്ഷത്തിന് ഉപകരിക്കുമാറാകട്ടെ !

ധർമ്മമാണ് ഏറ്റവും വലിയ സമ്പത്ത് . ഒരുവൻ ധനം സമ്പാദിക്കുന്നതിന്‍റെ ലക്ഷ്യം അത് സുഖം നൽകും എന്ന വിശ്വാസമാണ് . അങ്ങനെ വരുമ്പോൾ സുഖസ്വരൂപമായ ബ്രഹ്മാനന്ദം ഏറ്റവും വലിയ ധനമാകാതെ തരമില്ല . അർത്ഥകാമങ്ങൾ ധർമ്മ രൂപമായ കർമ്മത്തിലേക്കും ആ കർമ്മങ്ങൾ മോക്ഷത്തിലേക്കും നയിച്ചാലേ ഒരു മനുഷ്യ ജന്മം പൂർണതയിൽ എത്തുന്നുള്ളൂ.

ധർമ്മം സർവത്ര വിജയിക്കുന്നു , ഈ പ്രപഞ്ചത്തിന്‍റെ താളവും , നിയമവും ധർമ്മ ത്തിൽ അധിഷ്ഠിതമാണ് . ധർമ്മ ബുദ്ധിയോടെ ആര് സത്യത്തെ അന്വേഷിക്കുന്നോ അവൻ വിജയിക്കും . ജീവിതത്തിന്റെ വിജയം , അത് പൂർമ ധന്യത ആയി എന്ന ആത്മ സംതൃപ്തി ആണ് . ധർമം അറിഞ്ഞുള്ള കർമത്തിനു മാത്രമേ അത് നൽകുവാൻ കഴിയൂ .

ധർമ്മം ശ്രേയസിലേക്കു നയിക്കുന്നു . കർമ്മങ്ങൾ ജീവിതത്തെ അനായാസമാക്കി മനുഷ്യജീവിതം ധന്യതയിൽ എത്തിക്കേണ്ടതാണ് . ധർമത്തിൽ അധിഷ്ഠിതമായ , സത്യത്തിലേക്ക് നയിക്കുന്ന ധർമ്മം ശ്രേയസ്കരമെന്നു ഭഗവാൻ പറയുന്നു .

ധർമത്തെ മുൻനിർത്തി മാത്രമേ ജീവിതം നയിക്കാവൂ .ഗുരുദേവൻ ഉപദേശിച്ച പഞ്ച ധർമ്മങ്ങളായ അഹിംസ ,സത്യം , അസ്തേയം , അവ്യഭിചാരം , മദ്യ വർജ്ജനം എന്നിവയെ പറ്റി സ്വാമിജി വിശദീകരിച്ചു . ഇതിൽ അഹിംസ പരമമായ ധർമമാണെന്നും വാക്കിലോ , പ്രവൃത്തിയിലോ , ഒരു ജീവിയെ ദുഃഖിപ്പിക്കുന്നതു പോലും ഹിംസ ആണെന്നും സ്വാമിജി ഓർമിപ്പിച്ചു .

രാജൻകുട്ടി .കെ.എൻ , .ബൈജു പാലക്കൽ എന്നിവർ സത്‌സംഗത്തിനു ആശംസകൾ അർപ്പിക്കുകയും ഗീത ശശി അതിമനോഹരമായി ഗുരുസ്‌തുതി ആലപിക്കുകയും ചെയ്തു .
സുജി വാസവൻ സത്‌സംഗത്തിനു പങ്കെടുത്ത ഏവർക്കും നന്ദി പറഞ്ഞു.

വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം എന്ന ഈ സത്‌സംഗ പരിപാടി , അതീവ ഹൃദ്യമായി സംഘടിപ്പിക്കുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും , ഒപ്പം ഇതിന്റെ ഭാഗമായി പങ്കുകൊള്ളുന്ന ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾക്കും പ്രണാമം

മേയ് 24 നു (ഞായർ) ശ്രീമദ് ധർമ്മ ചൈതന്യ സ്വാമികൾ (ശിവഗിരി മഠം ശാഖയായ കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി ) സംസാരിക്കുന്നു .

റിപ്പോർട്ട്: പി.പി. ചെറിയാൻ