വെർച്വൽ സൂം സമ്മേളനത്തിൽ മാർത്തോമ യുവജനസഖ്യം പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
Saturday, May 23, 2020 7:17 PM IST
ഹൂസ്റ്റൺ: മാർത്തോമ യുവജനസഖ്യം നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്‍റെ 2020-23 വർഷത്തെ പ്രവർത്തനോദ്ഘാടനം മേയ് 22 നു സൂം വെർച്വൽ മീറ്റിംഗ് വഴി ഭദ്രാസന സെക്രട്ടറി റവ: മനോജ് ഇടിക്കുളയുടെ അധ്യക്ഷതയിൽ നടന്നു.

ജീവനുള്ള ദേവനെ എന്ന ഗാനത്തോടെ ആരംഭിച്ച മീറ്റിംഗിൽ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ബിജി ജോബി സ്വാഗതം ആശംസിച്ചു. ഡോ.ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ സഖ്യത്തിന്‍റെ പ്രവർത്തനോദ്ഘാടന സന്ദേശത്തിൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി വെർച്വൽ മീറ്റിംഗ് ആയി പല ദേശങ്ങളിൽ, പല ഭവനങ്ങൾ എന്നായിരുന്നു കൊണ്ട് മീറ്റിംഗിൽ പങ്കെടുത്ത എല്ലാ സഖ്യം പ്രവർത്തകരെയും പ്രശംസിച്ചു.

കൊറോണയുടെ ആശങ്ക ലോകത്തിലെല്ലായിടത്തും ആയിരിക്കുമ്പോൾ ഒരു പുതിയ ദർശനം ഉൾക്കൊണ്ടുകൊണ്ട് നാളെയിലേക്ക് നാം പ്രവേശിക്കണം. ദേശത്തിന്‍റെ സൗഖ്യം എന്നതാണ് ഈ വർഷത്തെ സഖ്യത്തിന്‍റെ പഠനവിഷയം. സൗഖ്യദായകനായ കർത്താവിനോടൊപ്പം ആയിരിപ്പാൻ നാം ശ്രദ്ധിക്കണം.നഴ്സസ് അതുപോലെയുള്ള മറ്റ് ഫ്രണ്ട് ലൈൻ പ്രവർത്തകരുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സൗഖ്യദായകനായ കർത്താവിനെ പകർന്നുനൽകുന്നവരായി തീരുവാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തു. മനുഷ്യനന്മയ്ക്കായി നമ്മുടെ ജീവിതം സമർപ്പിക്കുവാൻ സഖ്യം പ്രവർത്തകരെ ആശംസിച്ചുകൊണ്ട് 2020 - 23 വർഷത്തെ പ്രവർത്തന ഉദ്ഘാടനം എപ്പിസ്കോപ്പ നിർവഹിച്ചു.

തുടർന്നു സഖ്യത്തിന്‍റെ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്‍റ് സാം അച്ഛൻ 2 ദിനവൃത്താന്തം 7:14-16 വാക്യങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. അതിനുശേഷം യുവജനസഖ്യം സെക്രട്ടറി ബിജി ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഒരു സമഗ്രവിവരണം നൽകി. യുവജനസഖ്യം ഏറ്റെടുത്ത ഭദ്രാസനത്തിന്‍റെ മാർത്തോമ മീഡിയയുടെ ഫേസ് വൺ പ്രവർത്തനങ്ങൾ രീതിയിൽ നടന്നു കൊണ്ടിരിക്കുന്നതായി ബിജി അറിയിച്ചു.

റവ: കെ.ഐ. ജോസ്, ജിനേഷ് നൈനാൻ, റെജി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ഷൈജു വർഗീസ് നന്ദി പറഞ്ഞു. തിരുമേനിയുടെ പ്രാർഥനയും ആശിർവാദത്തോടെ ഉദ്ഘാടന സമ്മേളനം സമംഗളം പര്യവസാനിക്കുകയും ചെയ്തു. ചടങ്ങിന്‍റെ തത്സമയ സംപ്രേക്ഷണം അബാ ന്യൂസ് യുഎസ്എ വെബ് കാസ്റ്റ് ചെയ്തു.

റിപ്പോർട്ട് : ജീമോൻ റാന്നി