സൂമിനു സമാനമായ കോളർ ആപ്പുമായി മലയാളി വിദ്യാർഥി ആയുഷ് കുര്യൻ
Monday, May 25, 2020 11:35 AM IST
ഡാളസ്: സൂമിനു സമാനമായ കോളർ ആപ്പുമായി മലയാളി വിദ്യാർഥി ആയുഷ് കുര്യൻ രംഗത്തുവന്നു. കൊറോണ വൈറസിനെ തുടർന്നുള്ള ലോക്ക് ഡൗൺ വീഡിയോ കോൺഫറൻസിന്‍റെ പ്രസക്തി വർധിപ്പിച്ചതാണ് ആയുഷ് കുര്യനെ ഇത്തരമൊരു സാങ്കേതിക വിദ്യയുടെ കണ്ടുപിടത്തത്തിലേക്ക് പ്രേരിപ്പിച്ചത്.

ഡാളസ് കൗണ്ടിയിലെ റോളലറ്റ് ഹൈസ്കൂൾ വിദ്യാർഥിയായ ആയുഷ് കുര്യൻ, മൂന്നു മാസം മുന്പാണ് ഇത്തരമൊരു ആപ്ലിക്കേഷൻ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ആദ്യമൊന്നും വലിയ പ്രതീക്ഷയൊന്നും ഉണ്ടായില്ലെങ്കിലും അധ്യാപകരുടേയും മാതാപിതാക്കളുടേയും കലവറയില്ലാത്ത പിന്തുണയും പ്രേരണയുമാണ് "കോളർ' എന്ന വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷൻ ഡവലപ് ചെയ്യുന്നതിന് സഹായിച്ചതെന്നു ആയുഷ് പറഞ്ഞു.

ഗൂഗിൾ പ്ലെയിൽനിന്നും കോളർ ഡൗൺ ലോഡ് ചെയ്യാൻ കഴിയുമെന്നും ഇതിന്‍റെ ഓഡിയോ വീഡിയോ ക്വാളിറ്റി സൂമിനോളം മികച്ചതാണെന്നും ആയുഷ് അവകാശപ്പെട്ടു. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചു ആദ്യമായി ഇന്ത്യയിലെ തന്‍റെ കൂട്ടുകാരനെയാണ് ആദ്യമായി ബന്ധപ്പെട്ടതെന്നും ഇതു സൗജന്യവും വളരെ സുരക്ഷിതവുമാണെന്നും ആയുഷ് പറയുന്നു.

പ്രൊവേർഷൻ നിർമിച്ച് 5 ഡോളർ വരെ ഫീസ് ഏർപ്പെടുത്തുവാനാണ് പരിപാടിയെന്നും ഇതിൽനിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ 50 ശതമാനം യുനിസെഫ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയ്ക്ക് സംഭാവന നൽകുമെന്നും ആയുഷ് പറഞ്ഞു.


പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല ഏബ്രഹാം കുര്യന്‍റേയും (വിൽസൺ) മിനിയുടെയും മകനാണ് പത്താം ക്ലാസ് വിദ്യാർഥിയായ ആയുഷ് . സഹദോരി: ആഷ് ലി.

റിപ്പോർട്ട്: പി.പി. ചെറിയാൻ