വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുമായുള്ള ബന്ധം ഉപേക്ഷിക്കും : ട്രംപ്
Saturday, May 30, 2020 1:35 PM IST
വാഷിംഗ്ടൻ ഡിസി: വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുമായി ബന്ധം പൂർണമായും ഉപേക്ഷിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മേയ് 29 ന് വൈറ്റ് ഹൗസ് റോസ് ഗാർഡനിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇന്ന് നിയന്ത്രിക്കുന്നത് ചൈനയാണ്. എന്നാൽ സംഘടനയ്ക്കു അവർ നൽകുന്ന വാർഷിക വിഹിതം വെറും 40 മില്യനാണ്. അമേരിക്ക അതേ സ്ഥാനത്ത് 450 മില്യനാണ് നൽകുന്നത്.

കൊറോണ വൈറസ് ആഗോള വ്യാപകമായി ആയിരങ്ങളെ കൊന്നൊടുക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോകത്തോട് മറുപടി പറയാൻ ചൈനക്ക് ബാധ്യതയുണ്ട്. വുഹാനിൽ രോഗം വ്യാപകമായതോടെ അവിടെ നിന്നുള്ളവരെ ചൈനയുടെ മറ്റു ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ചു ബെയ്ജിങ്ങിലേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞത് ബോധപൂർവമായ നടപടിയാണ്. മാത്രമല്ല വുഹാനിൽ നിന്നുള്ളവരെ അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിവിധ ലോകരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുവാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്നും ട്രംപ് വിശദീകരണം ആവശ്യപ്പെട്ടു.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും രോഗവ്യാപനത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ലെന്നും ട്രംപ് പറഞ്ഞു. ചൈനയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും കോവിഡിന്‍റെ കാര്യത്തിൽ ഒത്തു കളിക്കുകയാണ്. ഇനിയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുമായി ഒന്നിച്ചു പോകുക അസാധ്യമായതിനാൽ ഇന്നു തന്നെ ബന്ധം വിച്ഛേദിക്കുകയാണെന്നും സംഘടനക്ക് നൽകിയിരുന്ന ഫണ്ട് ആഗോളതലത്തിൽ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് അർഹരായവർക്ക് നൽകുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം 2020 ജനുവരി 30 നു വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഗ്ലോബൽ ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരുന്നുവെന്നും അന്ന് ചൈനക്ക് പുറത്ത് 82 കേസുകൾ മാത്രമായിരുന്നുവെന്നും ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും ഡബ്ല്യുഎച്ച്ഒ തലവൻ പറഞ്ഞു. ലോക രാജ്യങ്ങൾ WHO യുടെ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ