പേ റോൾ ടാക്സ് വെട്ടികുറച്ച നടപടി; സോഷ്യൽ സെക്യൂരിറ്റിയുടെ അന്ത്യം കുറിക്കുമോ?
Tuesday, August 11, 2020 5:55 PM IST
വാഷിംഗ്ടൺ ഡിസി: അടുത്ത ഉത്തേജക പാക്കേജിനായുള്ള കരാറിൽ കോൺഗ്രസ് പ്രതിസന്ധിയിലായതിനാൽ യുഎസ് സമ്പദ്‌വ്യവസ്ഥ ഉയർത്തുകയെന്ന ലക്ഷ്യത്തോടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, വർഷാവസാനം വരെ ടേക്ക് ഹോം പേ ചെക്ക് വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി സോഷ്യൽ സെക്യൂരിറ്റി മെഡികെയർ പേറോൾ ടാക്സ് കുറച്ചുകൊണ്ട് ഉത്തരവിറക്കി. ഓഗസ്റ്റ് എട്ടിന് ഒപ്പുവച്ച പുതിയ ഉത്തരവ് താത്കാലികമാണെന്നും താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഉത്തരവ് സ്ഥിരമാക്കുമെന്നും ട്രംപ് പറഞ്ഞു.

സോഷ്യൽ സെക്യൂരിറ്റിയിൽ സമൂലമായ മാറ്റം വരുത്തുവാനും അർഹതപ്പെട്ടവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കുറയുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്ന ആശങ്ക ഉണർത്തുന്നതാണ് പുതിയ ഉത്തരവ്.

മെഡികെയർ സോഷ്യൽ സെക്യൂരിറ്റി പോലുള്ളവ ഫണ്ട് ചെയ്യപ്പെടുന്നത് ജോലി ചെയ്യുന്നവരുടെ വരുമാന നികുതിയിൽ നിന്ന് ഒരു നിശ്ചിതഭാഗം മാറ്റിവച്ചാണ്. മെഡികെയർ സോഷ്യൽ സെക്യൂരിറ്റി പോലുള്ളവക്ക് ഫണ്ട് ചെയ്യപ്പെടാതെ വന്നാൽ സോഷ്യൽ സെക്യൂരിറ്റിയുടെ ഭാവി പ്രതിസന്ധിയിലാകും. പ്രസിഡണ്ടിന്‍റെ ഈ നീക്കം ആത്യന്തികമായി അമേരിക്കയുടെ സോഷ്യൽ സെക്യൂരിറ്റിയെ ഇല്ലാതാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മെഡികെയർ സോഷ്യൽ സെക്യൂരിറ്റി പോലുള്ളവ ഫണ്ട് ചെയ്യപ്പെടുന്നത് തൊഴിലുടമകളിൽ നിന്നും തൊഴിലാളികളിൽ നിന്നും ഒരു നിശ്ചിത തുക നികുതി എടുത്തുകൊണ്ടാണ്. അതായത് കൃത്യമായി പറഞ്ഞാൽ വരുമാനത്തിന്‍റെ 6.2% തൊഴിലാളിയും 6.2% തൊഴിലുടമയും (മൊത്തം 12.4%) നൽകണം.

പ്രതിശീർഷ വരുമാനം ഒരു ലക്ഷം ഡോളറിൽ താഴെയുള്ളവർക്ക് താത്കാലികമായി (ഓഗസ്റ്റ് മുതൽ വർഷാവസാനം വരെ) ശമ്പളനികുതിയിൽ അവധി നൽകാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് ശനിയാഴ്ച പറഞ്ഞു. നവംബർ 3 ന് താൻ വിജയിക്കുകയാണെങ്കിൽ ഈ നികുതികൾ മരവിപ്പിക്കുവാനും ശമ്പളനികുതി വെട്ടിക്കുറച്ചത് സ്ഥിരമാക്കുവാനും ശ്രമിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രോഗ്രാമിന്‍റെ ട്രസ്റ്റ് ഫണ്ടുകൾ 2035 ൽ തീർന്നുപോകുമെന്നാണ്. എന്നാൽ സ്ഥിരമായി ശമ്പള നികുതി വെട്ടിക്കുറച്ചുകൊണ്ടു ഫണ്ടിംഗ് നിർത്തലാക്കിയാൽ 2035 വരെ കാത്തു നിൽക്കേണ്ടി വരില്ല 2023ൽ തന്നെ സോഷ്യൽ സെക്യൂരിറ്റി അടച്ചു പൂട്ടാം എന്ന് സോഷ്യൽ സെക്യൂരിറ്റി വർക്സ് പ്രസിഡന്‍റും അഭിഭാഷകയുമായ നാൻസി ആൾട്ട്മാൻ പറഞ്ഞു.

അതേസമയം, ശമ്പള നികുതി വെട്ടിക്കുറക്കുന്നത് പ്രോഗ്രാമിന്‍റെ ഫണ്ടിംഗിനെ ബാധിക്കില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വാദം. പക്ഷെ, അത് എങ്ങനെ എന്ന് വ്യക്തമാക്കാൻ അവർ തയാറല്ല.

സോഷ്യൽ സെക്യൂരിറ്റിക്കു നിലവിൽ 2.9 ട്രില്യൺ ഡോളർ കരുതൽ ശേഖരമുണ്ട് ശമ്പള നികുതിയിലൂടെ പ്രതിവർഷം ഒരു ട്രില്യൺ ഡോളർ ഫണ്ടിംഗും നടക്കുന്നു. ഫണ്ടിംഗ് നിർത്തലാക്കിയാൽ കുറച്ചു വർഷങ്ങൾ കൊണ്ട് കരുതൽ ശേഖരം തീരും.

സോഷ്യൽ സെക്യൂരിറ്റി നിർത്തലാക്കിയാലും ട്രംപിനെപോലെയുള്ള അതിസമ്പന്നന്മാർക്ക് ഒന്നും സംഭവിക്കില്ല. റിട്ടയർമെന്‍റിനുശേഷം സോഷ്യൽ സെക്യൂരിറ്റി ഓരാശ്വാസമാകും എന്നു ചിന്തിച്ചു നടക്കുന്ന സാധാരണക്കാരുടെ ഭാവിയാണ് തുലാസിലാകുന്നത്.

റിപ്പോർട്ട്: അജു വാരിക്കാട്