റസലിംഗ് താരം ജോസഫ് ലോറിനെയ്‍റ്റ്സ് അന്തരിച്ചു
Thursday, September 24, 2020 8:46 PM IST
മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണൽ റസ്‍ലർ ജോസഫ് ലോറിനെയ്‍റ്റ്സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാൻ–റ്റാർ എ റിസോർട്ടിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഭാര്യ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്നു പോലീസുകാർ റിസോർട്ടിൽ എത്തി ജോസഫിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്.

റോഡ് വാരിയർ അനിമൽ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം റസലിംഗ് ലെജന്‍ഡ് ആയിട്ടാണ് അറിയപ്പെടുന്നത്. നിരവധി തവണ ടാഗ് ടീം ചാമ്പ്യൻഷിപ്പിന് അർഹനായിട്ടുണ്ട്. മുഖത്ത് ചായം തേച്ച് റിങ്ങിലെത്തുന്ന അനിമൽ കാണികൾക്ക് ഹരമായിരുന്നു.

1960 സെപ്റ്റംബറിൽ ഫിലഡൽഫിയയിൽ ആയിരുന്നു ജനനം. എഡി ഷാർക്കെയുടെ കീഴിലായിരുന്നു ഗുസ്തി അഭ്യാസം. ഭാര്യ: കിം ലോറി നെയ്റ്റസ്. മക്കൾ: ജോസഫ്, ജെയിംസ്, ജെസിക്ക.


സഹപ്രവർത്തകന്‍റെ ആകസ്മിക വിയോഗത്തിൽ ഹൾക്ക് ഹോഗൻ നടുക്കം പ്രകടിപ്പിച്ചു. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാതെയാണ് ജോസഫ് മരണത്തിന് കീഴ്‌പ്പെട്ടതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ റസലിംഗിൽ തിളങ്ങിയ 33 താരങ്ങളാണ് മരിച്ചത്. പലർക്കും 60 വയസിനു താഴെ മാത്രമായിരുന്നു പ്രായം.

റിപ്പോർട്ട്: പി.പി. ചെറിയാൻ