മലയാളം സൊസൈറ്റി, ഹൂസ്റ്റൺ സെപ്റ്റംബർ സമ്മേളനം കോൺഫറൻസ് കോളിലൂടെ നടത്തി
Thursday, September 24, 2020 9:26 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഭാഷാ സ്നേഹികളുടെ സംഘടനയായ മലയാളം സൊസൈറ്റിയുടെ സെപ്റ്റംബർ സമ്മേളനം 13 ന് വൈകീട്ട് 4 ന് കോണ്‍ഫറൻസ് കോളിലൂടെ നടത്തി. ജോർജ് മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. മലയാളം സൊസൈറ്റിയുടെ യോഗത്തിൽ ആദ്യമായി പങ്കെടുത്ത ഗോപിനാഥ് പിള്ളയേയും ഭാര്യ ശാന്തമ്മ പിള്ളയേയും മലയാളം സൊസൈറ്റി വൈസ് പ്രസിഡന്‍റ് പൊന്നു പിള്ള പരിചയപ്പെടുത്തി. നവീൻ അശോകിനെ ജോസഫ് തച്ചാറ പരിചയപ്പെടുത്തി.

മലയാളം സൊസൈറ്റിയുടെ സെക്രട്ടറി ജോർജ് പുത്തൻകുരിശ്, അദ്ദേഹം രചിച്ചതും രാജേഷ് എന്ന ഗായകൻ ആലപിച്ചതുമായ "ഓണം' എന്ന കവിത സദസ്യർക്കായി അവതരിപ്പിച്ചു. തുടർന്ന് അദ്ദേഹം എല്ലാവർക്കും ഓണാശംസകൾ നേർന്നു. മലയാളം സൊസൈറ്റിയെക്കുറിച്ച് പുതുതായി വന്നവർക്ക് ചുരുക്കമായി പരിയപ്പെടുത്തുകയും ചെയ്തു. എ.സി. ജോർജ് മോഡറേറ്ററായി പ്രഭാഷണ വിഷയങ്ങളായ ഓണത്തെക്കുറിച്ച് തോമസ് കളത്തൂരും മഹാബലിയെക്കുറിച്ച് ഒരു ലഘു ചിത്രീകരണം ഗോപിനാഥ് പിള്ളയും അവതരിപ്പിച്ചു.

"മാവേലി നാടുവാണിടും കാലം'എന്നു തുടങ്ങുന്ന കവിത ഉദ്ധരിച്ചുകൊണ്ടാണ് തോമസ് കളത്തൂർ ഓണത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ പ്രബന്ധം ആരംഭിക്കുന്നത്. “... അങ്ങനെ സ്തുത്യർഹമായ ഭരണം നടത്തിവന്ന ഒരു ഭരണകർത്താവിനെ, അദ്ദേഹത്തിന്‍റെ വാക്കിന്‍റെ ഇന്‍റഗ്രിറ്റി അഥവാ ആർജവത്തെ, സത്യസന്ധതയെ ചൂഷണം ചെയ്തുകൊണ്ട് ... ദാനശീലത്തെ എക്സ്പ്ലോയിറ്റ് ചെയ്തുകൊണ്ട്; ഒരു അസുരനെ ലോകം അംഗീകരിക്കുന്നതിൽ സഹിക്കവയ്യാഞ്ഞിട്ടാവാം ദേവന്മാർ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്. ഇതേ രാഷ്ട്രീയം തന്നെയാണ് സ്വർഗത്തിലെ ഏദൻ തോട്ടത്തിൽ നടന്നതും. അറിവിന്‍റെ വൃക്ഷഫലം ഭക്ഷിച്ചു എന്ന കാരണത്താൽ ചവിട്ടി പുറത്താക്കപ്പെട്ട ആദം-ഹൗവ്വാമാരുടെ കഥയാണ് മറ്റൊരു ഐതീഹ്യം. ഇതൊക്കെ സ്വീകാര്യമായ അനീതികളായി അംഗീകരിപ്പിക്കുകയാവാം ലക്ഷ്യം: മതത്തിന്‍റെ രാഷ്ട്രീയം. എന്നാൽ ഈ മിത്തുകളെ ചരിത്രസത്യങ്ങളായി അക്ഷരംപ്രതി വിശ്വസിച്ച് കൊല്ലിനും കൊലയ്ക്കും വരെ തയാറാകുന്ന അന്ധവിശ്വാസികൾക്ക് അയ്യോ കഷ്ഠം! മനുഷ്യരെ മണ്ടന്മാരാക്കാൻ രാജാക്കന്മാരെ രാജ്യതന്ത്രം ഉപദേശിക്കുന്ന ചാണാക്യസൂക്തങ്ങൾ ഇതെ സ്വീകാര്യമായ അനീതികൾ ചെയ്യാൻ പഠിപ്പിക്കുന്നു.”

“അതെന്തുമാകട്ടെ നമുക്ക് മറ്റൊരു ദിശയിൽ നിന്നും ഐതീഹ്യങ്ങളെ, പ്രത്യേകിച്ച് നമ്മുടെ ഓണത്തെ നോക്കിക്കാണാം.” ... ഇതേരീതിയിൽ അദ്ദേഹത്തിന്‍റെ അവതരണം മുന്നേറി. ഇവിടെ തോമസ് കളത്തൂർ വ്യത്യസ്തവും പഠനാർഹവും ചിന്തോദ്ദീപകവുമായ ഒരു പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു.

മഹാബലിയെക്കുറിച്ച് ഒരു ലഘുചിത്രീകരണമാണ് ഗോപിനാഥ് പിള്ള അവതരിപ്പിച്ചത്. രൂപരഹിതനായ ഈശ്വരനു രൂപം നൽകാൻ തുടങ്ങിയപ്പോൾ മുതൽ രൂപത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടവയറുള്ള മഹാബലിയെ അവതരിപ്പിച്ച് അദ്ദേഹത്തിന്‍റെ ഈശ്വരസാന്നിദ്ധ്യത്തിന്‍റെ ആഴത്തെ ചുരുക്കികളയുന്ന പ്രവണതയെ പരാമർശിച്ചു. രൂപംകൊണ്ടല്ല മഹാബലിയെ ഓർക്കേണ്ടത്, മറിച്ച് മനുഷ്യവർഗത്തെ സ്നേഹിച്ച ഒരു ചക്രവർത്തിയായിട്ടാണ് കാണേണ്ട തെന്ന് ഓർപ്പിച്ചു. ഗ്രാമങ്ങളിൽനിന്ന് ഓണാഘോഷം പട്ടണങ്ങളിലേക്ക് ചേക്കേറിയപ്പോൾ ഓണത്തിന്‍റെ അർഥം നഷ്ടപ്പെടാൻ തുടങ്ങിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

പൊതു ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. പൊന്നു പിള്ള, എ.സി. ജോർജ്, ഗോപിനാഥ് പിള്ള, ശാന്തമ്മ പിള്ള, നവിൻ അശോക്, ഈശോ ജോക്കബ്, ജോണ്‍ കുന്തറ, മാത്യു പന്നപ്പാറ, നൈനാൻ മാത്തുള്ള, ടി.എൻ. സാമുവൽ, തോമസ് കളത്തൂർ, സുകുമാരൻ നായർ, അല്ലി എസ്. നായർ, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, ടി.ജെ. ഫിലിപ്പ്, ജെയിംസ് ചിറത്തടത്തിൽ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് തുടങ്ങിയവർ പങ്കെടുത്തു.
പൊന്നു പിള്ള നന്ദി പറഞ്ഞു.

വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950,
ജി. പുത്തൻകുരിശ് 281 773 1217