ഐഎപിസി ഏഴാം അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സിന് തുടക്കം
Sunday, October 18, 2020 11:26 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്‍റെ (ഐഎപിസി) രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഏഴാമത് അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സിന് പ്രൗഢഗംഭീര തുടക്കം. കോവിഡിന്റെ സാഹചര്യത്തില്‍ വെല്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന കോണ്‍ഫ്രന്‍സ് ഷാനി മോള്‍ ഉസ്മാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോവിഡിനെ തുടര്‍ന്ന് ലോകമെങ്ങും നേരിടുന്ന പ്രതിസന്ധി മാധ്യമരംഗത്തെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഷാനി മോള്‍ ഉസ്മാന്‍ പറഞ്ഞു. ഈ പ്രതിസന്ധിഘട്ടത്തില്‍ ശരിയായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. നിരവധി ജീവല്‍ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ എത്തിക്കുന്നത് മാധ്യമങ്ങളാണെന്നും അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനമേഖലയേയും മാധ്യമപ്രവര്‍ത്തകരെയും ഈ കൊറോണക്കാലത്ത് സഹായിക്കാന്‍ ഐഎപിസി പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനം വളരെ വലുതാണെന്നും അവര്‍ പറഞ്ഞു. കൊറോണക്കാലത്ത് നിരവധി മാധ്യമപ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാണെന്നും ഇതില്‍നിന്നും കരകയറാനുള്ള പിന്തുണയാണ് ഐഎപിസി ഇപ്പോള്‍ നല്‍കുന്നതെന്നും ചെയര്‍മാന്‍ ഡോ. ജോസ്ഫ് എം. ചാലില്‍ പറഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഐഎപിസി ശക്തമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നു പ്രസിഡന്റ് ഡോ.എസ്.എസ് ലാല്‍ പറഞ്ഞു.

ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാനുള്ള ഐഎപിസിയുടെ ന്യൂസ്‌വയര്‍ പദ്ധതി മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ഐഎപിസി അംഗങ്ങള്‍ കണ്ടെത്തുന്ന വാര്‍ത്തകള്‍ ഈ സംവിധാനത്തിലൂടെ ലോകമെങ്ങുമുളള മാധ്യമങ്ങള്‍ക്ക് ലഭ്യമാകും. മാറുന്ന കാലത്ത് ഇത്തരത്തിലുള്ള സംവിധാനം ആവശ്യമാണെന്ന് ടി.പി.ശ്രീനിവാസന്‍ പറഞ്ഞു. അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ കൂടുതലെത്തുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായി അടുത്തബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറോണക്കാലത്ത് ടെക്‌നോളജിയുടെ ഉപയോഗം കൂടിയിട്ടുണ്ട്. ഇത് മാധ്യമപ്രവര്‍ത്തനത്തിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. കൊറോണ ലോക ഗതിയെ തന്നെ മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസി ഡയറക്ടര്‍ അജയ് ഘോഷ് ന്യൂസ്‌വയര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

ഐഎപിസിയുടെ ഈവര്‍ഷത്തെ സുവനീര്‍ പ്രകാശനം അംബാസിഡര്‍ പ്രദീപ് കപൂര്‍ നിര്‍വഹിച്ചു. ചീഫ് എഡിറ്റര്‍ ഡോ. മാത്യു ജോയിസ് ഇത്തവണത്തെ സുവീറിന്റെ പ്രത്യേകതകളെക്കുറിച്ച് വിശദീകരിച്ചു. എഡ്യൂക്കേഷന്‍ പ്ലാറ്റ്‌ഫോറമായ ബുദ്ധി ഡോട്ട്‌കോം ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണര്‍ ബിമല്‍ ജുല്‍ക്ക പ്രകാശനം ചെയ്തു. വെബ്‌സൈറ്റിനെക്കുറിച്ച് മാത്തുക്കുട്ടി ഈശോ സംസാരിച്ചു. ഇന്നത്തെ സമൂഹത്തില്‍ മീഡിയയ്ക്ക് വളരെ പ്രധാനറോളാണ് ഉള്ളതെന്ന് ബിമല്‍ ജുല്‍ക്ക പറഞ്ഞു. ടെക്‌നോളജിയുടെ ഫലമായി ആളുകള്‍ക്ക് വാര്‍ത്തകള്‍ വേഗത്തിലെത്തുന്നതായും അദ്ദേഹം പറഞ്ഞു. ഐഎപിസി എക്‌സിക്യൂട്ടവ് ഡയറക്ടര്‍ ആനി കോശി രചിച്ച പുസ്തകം പരിചയപ്പെടുത്തി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അംബാസഡര്‍ പ്രദീപ് കപൂറും ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് ചെയര്‍മാന്‍ ഡോ. ജോസഫ് ചാലിലും ചേര്‍ന്നു രചിച്ച പാന്‍ഡെമിക്: എന്‍വിഷനിംഗ് എ ബെറ്റര്‍ വേള്‍ഡ് ബൈ ട്രാന്‍സ്‌ഫോമിംഗ് ഫ്യൂച്ചര്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം ചടങ്ങിനോടനുബന്ധിച്ചു നടന്നു.

നാഷണല്‍ പ്രസിഡന്റ് ബിജു ചാക്കോ സ്വാഗതം പറഞ്ഞു. സ്ഥാപക ചെയര്‍മാനും ഡയറക്ടറുമായ ജിന്‍സ് മോന്‍ പി. സക്കറിയ, ഐഎപിസി ഡയറക്ടര്‍ പര്‍വീണ്‍ ചോപ്ര, ഐഎപിസി വാന്‍കൂവര്‍ ചാപ്റ്റര്‍ പ്രതിനിധി അനിത നവീന്‍, ആല്‍ബര്‍ട്ട ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ജോണ്‍, ടൊറന്റോ ചാപ്റ്റര്‍ പ്രസിഡന്റ് ബിന്‍സ് മണ്ഡപം, ഫിലാഡാല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് മില്ലി ഫിലിപ്പ്, അറ്റ്‌ലാന്റാ ചാപ്റ്റര്‍ പ്രസിഡന്റ് സാബു കുര്യന്‍, ഐഎപിസി ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് മീന ചിറ്റിലപ്പിള്ളി, ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഐഎസി സെക്രട്ടറി ആനി അനുവേലില്‍ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഡോ. മാത്യു ജോയിസ്