ഡോ. യുയാക്കിം മാർ കൂറിലോസിന് സപ്തതി ആശംസകൾ
Friday, November 27, 2020 11:52 AM IST
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കൊട്ടാരക്കര പുനലൂർ ഭദ്രാസന അധിപൻ ഡോ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌ക്കോപ്പായുടെ സപ്‌തതി ആഘോഷങ്ങൾ കൊട്ടാരക്കര ജൂബിലി മന്ദിരം ചാപ്പലിൽ വെച്ച് നടന്നു. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്തയുടെയും സഹമേല്പട്ടക്കാരുടെയും വൈദികരുടെയും സാന്നിദ്ധ്യത്തിൽ മാർ കൂറിലോസ് വിശുദ്ധ കുർബ്ബാന അനുഷ്ഠിച്ചു. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ വചന ശുശ്രൂഷ നിർവ്വഹിച്ചു. തുടർന്നു നടന്ന സപ്തതി ആഘോഷത്തിൽ സഭാ സെക്രട്ടറി റവ. കെ. ജി. ജോസഫ് സഭയുടെ പേരിൽ മാർ കൂറിലോസിന്‌ ആശംസകൾ നേർന്നു. അബ്ബാ ന്യൂസ് നോർത്ത് അമേരിക്കയുടെ പ്രതിനിധികൾ എഴുപതിന്റെ നിറവിൽ എത്തിയ കൂറിലോസ് മെത്രാച്ചന് സപ്തതി ആശംസകൾ അറിയിച്ചു. സമൂഹത്തിൽ പിൻതള്ളപ്പെട്ടവരുടെയും അശരണരുടേയും പക്ഷം ചേരുന്ന ക്രിസ്തുശൈലിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് മാർ കൂറിലോസ് എപ്പോഴും നടപ്പാക്കുന്നത്.

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍റെ മെക്സിക്കോ മിഷൻ മാർ കൂറിലോസ് ഭദ്രാസന അധിപനായിരുന്നപ്പോൾ യുവജനങ്ങളുടെ താൽപ്പര്യപ്രകാരം ആരംഭിച്ച മിഷൻ പദ്ധതിയാണ്. ഇങ്ങനെ സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി ജനകീയ പദ്ധതികൾ വിവിധ ഭദ്രാസനങ്ങളിൽ മാർ കൂറിലോസ് ആരംഭിച്ചിട്ടുണ്ട്. ഓരോ വ്യക്തിയോടും ദൈവ സ്നേഹത്തിന്‍റേയും കരുതലിന്റേയും സ്പർശനം നൽകി ഇടപെടുവാനുള്ള നൈസർഗികമായ കഴിവിന്റെ ഉടമയാണ് അദ്ദേഹം. കേരളത്തിലെ മേല്പട്ടസമൂഹത്തിൽ പ്രേകടനാത്മകതയുടെ അതിപ്രസരങ്ങളില്ലാത്ത ജനകീയ മുഖമാണ് കൂറിലോസ് മെത്രാച്ചൻ. ദൈവവും മനുഷ്യരും മനുഷ്യൻ അന്യോന്യവുമുള്ള സ്നേഹബന്ധങ്ങളുടെ പൂർണതയ്ക്കുവേണ്ടി യത്‌നിക്കുന്ന വ്യത്യസ്തനായ കൂറിലോസ് മെത്രാച്ചന്‍റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് അബ്ബാ ന്യൂസ് നോർത്ത് അമേരിക്ക ആശംസകൾ നേർന്നു.

റിപ്പോർട്ട്: അലൻ ചെന്നിത്തല