റിപ്പബ്ലിക്ക് ദിനത്തിൽ ഗാന്ധി സ്മാരകത്തിൽ ഫൊക്കാനാ പ്രസിഡന്‍റ് ജോർജി വർഗീസ് പുഷ്പാർച്ചന നടത്തി
Wednesday, January 27, 2021 12:07 PM IST
ഫ്‌ളോറിഡ: ഇന്ത്യയുടെ 72-മത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു സൗത്ത് ഫ്‌ളോറിഡയിലെ ദേവിയിലുള്ള ഗാന്ധി സ്മാരകത്തിൽ ഫൊക്കാനാ പ്രസിഡന്‍റ് ജോർജി വർഗീസ് പുഷ്പാർച്ചന നടത്തി. കൈരളി ആര്‍ട്സ് ക്ലബ് പ്രതിനിധികളോടൊപ്പം സംഘടിപ്പിച്ച മീറ്റിംഗിനോടനുബന്ധിച്ചാണ് പുഷ്പാർച്ചന നടത്തിയത്.

72 വർഷം മുൻപ് പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയായ ഇന്ത്യയുടെ ഭരണഘടന പൂർത്തിയായതോടെയാണ് 1950 ജനുവരി 26 നു ഇന്ത്യയിലെ ഫെഡറൽ ഗവണ്മെന്റ് സംവിധാനം നിലവിൽവന്നതെന്ന് പുഷ്പാർച്ചന നടത്തവേ ജോർജി വർഗീസ് പറഞ്ഞു. മൂന്ന് വർഷത്തോളമെടുത്തുകൊണ്ട് ഭരണഘടനയ്ക്ക് പൂർണ രൂപം നൽകിയ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്ക്കറിനെയും മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള രാജ്യ ശില്പികളെയും ഈ സുദിനത്തിൽ കൃതജ്ഞതയോടെ ഓർക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


കൈരളി പ്രസിഡന്‍റ് വർഗീസ് ജേക്കബ്, ഫൊക്കാനാ ട്രസ്റ്റി ബോർഡ്‌ മുൻ ചെയര്‍മാന്‍ ഡോ. മാമ്മൻ സി ജേക്കബ്‌, കൈരളി ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഡോ മഞ്ചു സാമുവേൽ തുടങ്ങിയവർ പ്രസംഗിച്ചു.