പ്രവാസി യാത്രക്കാരെ ദ്രോഹിക്കുന്ന പുതിയ യാത്ര നിയമം പിൻവലിക്കണം: ഫൊക്കാന
Saturday, February 27, 2021 7:46 AM IST
ന്യൂജേഴ്‌സി: വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നാട്ടില്‍ ഇറങ്ങിയശേഷം വിമാനത്താവളത്തില്‍ കണ്‍ഫര്‍മേറ്ററി മോളിക്യുളാര്‍ ടെസ്റ്റും നടത്തണമെന്ന ഇന്ത്യ സർക്കാരിന്‍റെ ഫെബ്രുവരി 22 ലെ ഉത്തരവ് കോവിഡിന്‍റെ മറവില്‍ പ്രവാസികളായ യാത്രക്കാരെ പീഡിപ്പിക്കുന്ന നടപടിയാണെന്ന് ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ് ആരോപിച്ചു.

വിദേശത്ത് 5,000 രൂപയിലധികമുള്ള തുക മുടക്കിയാണ് പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടുന്നത്. അതിനു ശേഷം 72 മണിക്കൂറിനുള്ളില്‍ വീണ്ടും 2000 രൂപക്കടുത്തുള്ള മറ്റൊരു ടെസ്റ്റ് കൂടി വേണമെന്ന് നിര്‍ബന്ധിക്കുന്നത് പ്രവാസികളോട് കാട്ടുന്ന കടുത്ത ദ്രോഹമാണ്. കൊറോണ വാക്‌സിന്‍ എടുത്തവര്‍ക്കും കൊച്ചു കുട്ടികള്‍ക്കും ഈ നിബന്ധന ബാധകമാണെന്നതും വിദേശത്ത് നിന്നും കുടുംബമായി നാട്ടിലെത്താന്‍ പദ്ധതിയിട്ട പ്രവാസികളെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്.

അപ്പോയിന്‍റ്മെന്‍റ് എടുത്തശേഷം പിസിആർ ടെസ്റ്റ് എടുത്ത് മൂന്ന് ദിവസം കഴിഞ്ഞു യാത്ര ചെയ്യാനായി വിമാനത്താവളത്തിൽ എത്തുമ്പോൾ വീണ്ടും പി.സി.ആർ.ടെസ്റ്റ് എടുക്കാൻ നിർബന്ധിതരാകുകയാണ് യാത്രക്കാർ. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് ഇത് പിന്നെയും കാലതാമസമുണ്ടാക്കുകയാണ് ചെയ്യുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ഇക്കാര്യത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അമേരിക്കയിൽ ഇന്ത്യൻ കോൺസുലേറ്റിലും നോർക്ക ഡയറക്ടറേറ്റിലും പരാതി നൽകാനും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി
പ്രസിഡന്‍റ് ജോർജി വർഗീസ്, സെക്രെട്ടറി ഡോ.സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജെയ്‌ബു മാത്യു, വൈസ് പ്രസിഡന്‍റ് തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ