ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
Sunday, January 23, 2022 10:52 AM IST
ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ വച്ച് നടക്കുന്ന ഫൊക്കാനാ ഗ്ലോബൽ ഡിസ്നി കൺവെൻഷനിൽ ആയിരിക്കും സ്പെല്ലിംഗ് -ബീ മത്സരത്തിന്‍റെ ഫൈനൽ മത്സരം. ജേതാക്കൾക്ക് കൺവെൻഷനിലെ മുഖ്യ വേദിയിൽ വച്ച് കാഷ് അവാർഡ്, ഫലകം , സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കും.

ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ് ആണ് സ്പെല്ലിംഗ് -ബീ മത്സരത്തിന്‍റെ നടത്തിപ്പിനു പിന്നിൽ ചുക്കാൻ പിടിക്കുന്നത്. സ്പെല്ലിംഗ് -ബീ മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലേയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണൽ സ്പെല്ലിംഗ് -ബീ മത്സരങ്ങൾ നടത്തിയ ശേഷം അതിലെ ജേതാക്കൾക്കായിരിക്കും കൺവെൻഷൻ വേദികളിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളുവെന്ന് സ്പെല്ലിംഗ് -ബീ മത്സരത്തിന്‍റെ നാഷണൽ കോർഡിനേറ്റർ ഡോ. മാത്യു വർഗീസ്‌ വ്യക്തമാക്കി.

5 വയസുമുതൽ 9 വയസുവരെയുള്ള കുട്ടികൾക്കായി നടത്തുന്ന സ്പെല്ലിംഗ് -ബീ മത്സരത്തിലെ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കായിരിക്കും കാഷ് അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിക്കുക. സ്പെല്ലിംഗ് -ബീ മത്സരത്തിന് മികച്ച തോതിലുള്ള സ്‌പോൺസർഷിപ്പ് ലഭ്യമാക്കി ഇക്കുറി കൂടുതൽ ആകർഷകമായ സമ്മാനങ്ങൾ നൽകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരി വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് റീജിയണൽ മത്സരങ്ങൾ വെർച്ച്വൽ മീറ്റിംഗിലൂടെ നടത്താവുന്നതാണ്. റീജിയണൽ തല സ്പെല്ലിംഗ് -ബീ മത്സരങ്ങൾ ഏപ്രിൽ 2, ശനിയാഴ്ച്ചയ്ക്കകം പൂർത്തീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് റീജിയണൽ വൈസ് പ്രസിഡണ്ടുമാർക്ക് നിർദ്ദേശം നൽകിയതായും ഡോ. മാത്യു വർഗീസ് അറിയിച്ചു. മത്സരത്തെ സംബന്ധിച്ചുള്ള വിശദമായ വിവിരങ്ങൾ ഫൊക്കാനയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. website: fokanaonline.org
നാഷണൽ- റീജിയണൽ തല മത്സരങ്ങളുടെ മാർഗ നിർദ്ദേശങ്ങൾ അറിയാൻ റീജിയണൽ വൈസ് പ്രസിഡണ്ടുമാരെ ബന്ധപ്പെടേണ്ടതാണ്.

ഡോ. മാത്യു വർഗീസ് (മിഷിഗൺ)- നാഷണൽ കോർഡിനേറ്റർ, ഡോ. വിജയൻ നായർ (ഫ്ലോറിഡ) എന്നിവരാണ് സ്പെല്ലിംഗ് -ബീ മത്സരങ്ങളുടെ നടത്തിപ്പിനു നേതൃത്വം നൽകുന്നത്. ഫൊക്കാന ട്രഷറർ സണ്ണി മറ്റമന (ഫ്ലോറിഡ), ചെറിയാൻ പെരുമാൾ ( ന്യൂയോർക്ക്), രേഷ്മ സുനിൽ (കാനഡ) എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.

കൂടുതൽ വിവരങ്ങൾക്കായി ഡോ.മാത്യു വർഗീസ് -(734)634-6616, സണ്ണി മറ്റമന -(813) 334-1293 (അമേരിക്ക). Reshma Sunil (416-903 -4900 കാനഡ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ഫ്രാൻസിസ് തടത്തിൽ