‌ടെക്സസ് ഫെഡറൽ ജീവനക്കാരുടെ വർധിപ്പിച്ച വേതനം ജനുവരി 30 മുതൽ
Monday, January 24, 2022 3:56 PM IST
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്ത് ഫെഡറൽ ഏജൻസികളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഒരു മണിക്കൂറിലെ വേതനം 15 ഡോളറാക്കി ഉയർത്തിയത് ജനുവരി 30 (ഞായർ) മുതൽ പ്രാബല്യത്തിൽ വന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്‍റ് (ഒപിഎം) വെള്ളിയാഴ്ച പുറത്തിറക്കി.

പ്രതിരോധ മന്ത്രാലയം, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങി അമേരിക്കയിൽ ജോലി ചെയ്യുന്ന എഴുപതിനായിരത്തോളം ജീവനക്കാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

കഴിഞ്ഞവർഷം ഏപ്രിലിലാണ് ജീവനക്കാരുടെ ഉദ്പാദന ക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേതനം മണിക്കൂറിന് 15 ഡോളറാക്കി ഉയർത്തുവാനുള്ള നടപടികൾ ബൈഡൻ പ്രഖ്യാപിച്ചത്.

ഡമോക്രാറ്റിക് പാർട്ടിയും സംഘടിത തൊഴിലാളി ഗ്രൂപ്പുകളും അമേരിക്കയിലെ മുഴുവൻ ജീവനക്കാർക്കും മണിക്കൂറിന് 15 ഡോളർ നൽകണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഒരു നിർദേശവും കോൺഗ്രസിൽ ഇതുവരെ വന്നിട്ടില്ല. ഇപ്പോൾ ദേശിയ മിനിമം വേതനം മണിക്കൂറിന് 7.25 ഡോളറാണ്.

പി.പി. ചെറിയാൻ