ഗോതമ്പ് കയറ്റുമതി നിയന്ത്രണം ഇന്ത്യ പിൻവലിക്കണമെന്ന് അമേരിക്ക
Wednesday, May 18, 2022 4:19 PM IST
പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി: ഗോതന്പിന് ഏർപ്പെടുത്തിയ കയറ്റൂമതി നിയന്ത്രണം ഇന്ത്യ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ അമേരിക്കൻ പ്രതിനിധി ലിൻഡ തോമസ് .

അമേരിക്കയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇന്ത്യൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ലിൻഡാ തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. റഷ്യൻ അധിനിവേശത്തെ തുടർന്നു യുക്രെയ്നിൽ ഉണ്ടായ ഭക്ഷ്യക്ഷാമം എങ്ങനെ പരിഹരിക്കാമെന്നും കൗൺസിൽ ചർച്ച ചെയ്തു.

ആഗോളവ്യാപകമായി റഷ്യയും യുക്രെയ്നുമാണ് ആവശ്യമായ ഗോതമ്പിന്‍റെ 30 ശതമാനവും കയറ്റി അയക്കുന്നത്. യുദ്ധത്തെ തുടർന്നു ഈ കയറ്റുമതി താറുമാറായിരിക്കുന്നത് മറ്റു രാജ്യങ്ങളുടെ ഭക്ഷ്യ സുസ്ഥിരതയെ കാര്യമായി ബാധിക്കും. അതുകൊണ്ടാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെടുന്നതെന്നും ലിൻഡ പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പു കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. യുദ്ധം ആരംഭിച്ചതിനുശേഷം ഗോതമ്പിന്‍റെ വില 60 ശതമാനമാണ് ഉയർന്നിരിക്കുന്നത്. മാത്രമല്ല 2022 –2023 ൽ ഗോതമ്പിന്‍റെ ഉത്പാദനം മുൻ വർഷങ്ങളെ അപേക്ഷിച്ചു കുറയുമെന്ന് യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്‍റ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.