പരാജയ ഭീതി മൂലം വ്യക്തിഹത്യനടത്തുന്നത് അന്തസിനു ചേർന്നതല്ല: ഡോ. ബാബു സ്റ്റീഫൻ
Saturday, July 2, 2022 8:59 AM IST
ഫ്രാൻസിസ് തടത്തിൽ
വാഷിംഗ്‌ടൺ ഡിസി: ഫൊക്കാന തെരഞ്ഞടുപ്പ് പടിവാതിക്കൽ എത്തിനിൽക്കേ വ്യക്തിഹത്യയുമായി പ്രചാരണം നടത്തുന്ന എതിർ സ്ഥാനാർഥിയുടെ രീതി അന്തസിനു ചേർന്നതല്ലെന്ന് ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ. ബാബു സ്റ്റീഫൻ.

താൻ ഒരു ഡെലിഗേറ്റിനെയും പണം കൊടുത്ത് വാങ്ങിയിട്ടില്ലെന്നു വ്യകത്മാക്കിയ ബാബു സ്റ്റീഫൻ, ഫൊക്കാന കൺവൻഷന്‍റെ റോയൽ പേട്രൺ ആവുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി പലയിടങ്ങളിലും മീറ്റിംഗുകൾ സംഘടിപ്പിച്ചു. രാജ്യത്തിൻറെ പല ഭാഗങ്ങളിലുമുള്ള ഡെലിഗേറ്റുമാരുമായി നേരിൽ കാണാനാണ് യോഗം വിളിച്ചത്. ആരുടെയും വീട്ടിൽ പോയി ശല്യം ചെയ്തിട്ടില്ലെന്നും ബാബു സ്റ്റീഫൻ പറഞ്ഞു.

ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാർഥിയാകുന്നവർ ആ വർഷത്തെ കൺവൻഷന് സ്‌പോൺസർഷിപ്പ് നൽകുന്ന ഒരു പതിവുണ്ട്. കൺവെൻഷൻ പേട്രൺ ആകണമെന്നത് തന്റെ തീരുമാനമായിരുന്നില്ല. ഫൊക്കാനയുടെ ഇപ്പോഴത്തെ ഭാരവാഹികൾ അഭ്യർത്ഥിച്ചതുകൊണ്ടാണ് താൻ സ്‌പോൺസർഷിപ്പ് എടുത്തത്. 55,000 ഡോളർ നൽകുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമല്ല. കഴിഞ്ഞ തവണ ന്യൂജേഴ്‌സിയിൽ നടക്കാനിരുന്ന കൺവെൻഷനും താൻ റോയൽ പേട്രൺ സ്‌പോൺസർഷിപ്പ് എടുത്തിരുന്നു. കൺവെൻഷൻ റദ്ധാക്കിയതുകൊണ്ട് ഭാരവാഹികൾ പണം മടക്കി നൽകി ബാബു സ്റ്റീഫൻ പറഞ്ഞു.