സെ​പ്റ്റം​ബ​ർ 21ന് കേരള ദിനമായി പ്രഖ്യാപിച്ച് നാഷ്‌വിൽ മേയർ
Wednesday, September 18, 2024 5:41 AM IST
നാഷ്‌വിൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാഷ്‌വില്ലിന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 21ന് ​ശ്രീ ഗ​ണേ​ശ ടെം​പി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും. അ​സോ​സി​യേ​ഷ​ന്‍റെ പ​തി​ന​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ലാ​ണ് ഈ ​ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത് . ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച്, നാ​ഷ്വി​ൽ മേ​യ​ർ അ​ന്നേ ദി​വ​സ​ത്തെ, ’കേ​ര​ള ദി​നം’ ആ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ടെ​നി​സി സ്റ്റേ​റ്റ് സെ​ന​റ്റ​ർ ജോ ​ഹെ​ൻ​സ്ലി​യും, ന​ടി ദി​വ്യ ഉ​ണ്ണി​യും മു​ഖ്യാ​തി​ഥി​ക​ളാ​യി ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​ർ ഇ​രു​പ​ത്തി​യൊ​ന്നാം തീ​യ​തി ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 11.30 മ​ണി​ക്ക് ഇ​രു​പ​ത്തി​മൂ​ന്നി​ൽ​പ്പ​രം വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഓ​ണ​സ​ദ്യ​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. ഈ ​വ​ർ​ഷ​ത്തെ ഓ​ണ​സ​ദ്യ അ​സോ​സി​യേ​ഷ​ൻ വെ​ളാ​ന്‍റി​യ​ർ​മാ​ർ ത​യ്യാ​റാ​ക്കി വാ​ഴ ഇ​ല​യി​ൽ വി​ള​മ്പും.


ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടു മ​ണി​ക്ക് ചെ​ണ്ട​മേ​ള​ത്തിന്‍റെ​യും താ​ല​പ്പൊ​ലി​യു​ടേ​യും പു​ലി​ക്ക​ളി​യു​ടേ​യും അ​ക​മ്പ​ടി​യോ​ടെ മ​ഹാ​ബ​ലി​യെ വ​ര​വേ​ൽ​ക്കും. തു​ട​ർ​ന്ന് മ​ഹാ​ബ​ലി​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കും. അ​തോ​ടൊ​പ്പം ചെ​ണ്ട​മേ​ള​വും മെ​ഗാ തി​രു​വാ​തി​ര​യും ന​ട​ത്തും.

തു​ട​ർ​ന്ന് ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം മു​ഖ്യാ​തി​ഥി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ശേ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ദി​വ്യ ഉ​ണ്ണി​യും സം​ഘ​വും ന​യി​ക്കു​ന്ന നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ളും അ​ര​ങ്ങേ​റും.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന "​ക​ല്പ​ട​വു​ക​ൾ​' എ​ന്ന സു​വ​നീ​റി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​കാ​ശ​ന​വും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 615 243 0460.