ഇങ്ങനെയും ഒരു ഡോക്ടർ
2007ലാണു സംഭവം. മദ്യപിച്ച് തൃശൂർ ജില്ലാ ആശുപത്രിയിൽവന്ന് ബഹളം വയ്ക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്നതു പതിവാക്കിയ ഒരാൾ വഴിയരികിൽവീണ് ഇടുപ്പെല്ല് പൊട്ടി. ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ പോലീസുകാർ കൊണ്ടുവന്ന് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ മൂന്നു മാസത്തോളം ശുശ്രൂഷിച്ചു. ഇയാൾ എഴുന്നേറ്റു നടക്കാൻ കൂട്ടാക്കിയില്ല.

ഒടുവിൽ .... ബാക്കി ഇയാൾ തന്നെ പറയട്ടെ: "എന്‍റെ പേര് സുരേഷ് എന്ന ജോസഫ് ബാബു. എറണാകുളം ജില്ലയിലെ നോർത്ത് പറവൂരായിരുന്നു വീട്. വർഷങ്ങൾക്കുമുന്പ് വീടുവിട്ടിറങ്ങി തൃശൂരിലെത്തിപ്പെട്ടതാണ്. അപകടം സംഭവിച്ച് ഇടുപ്പെല്ല് പൊട്ടി അര മുതൽ പ്ലാസ്റ്ററിട്ട് കിടക്കുന്പോഴും പുകവലി ക്കണം, മദ്യപിക്കണം എന്നായിരുന്നു മോഹം. പല തവണ ശ്രമിച്ചെങ്കിലും നടക്കാൻ പോയിട്ട് എഴുന്നേൽക്കാൻ പോലുമായില്ല. ഒരു ദിവസം എന്നെ ചികിത്സിക്കുന്ന ടോണി ഡോക്ടർ വന്നിട്ടു പറഞ്ഞു, എഴുന്നേറ്റു നടക്കാൻ. പറ്റു ന്നില്ലെന്നു പറഞ്ഞതോടെ അദ്ദേഹം എന്‍റെ തോളിൽ കൈയിട്ട് പതുക്കെ പ്പതുക്കെ പിടിച്ചു നടത്തി. എനിക്കു തന്നെ വിശ്വസിക്കാനായില്ല. അന്നു ഞാൻ ഡോക്ടറിലൂടെ ദൈവത്തെ കണ്ടു..! അടുത്ത കുറച്ചു ദിവസങ്ങളിൽ ഇതാവർ ത്തിച്ചതോടെ മെല്ലെമെല്ലെ ഞാൻ നടക്കാൻ തുടങ്ങി.

ജില്ലാ ആശുപത്രിയിലെ ആരോരുമില്ലാത്ത രോഗികൾക്ക് എല്ലാ ദിവസവും ഭക്ഷണം കൊടുക്കുകയും കുളിപ്പിച്ച് വൃത്തിയാക്കുകയും ചെയ്യുന്ന ശക്തൻ തന്പുരാൻ മാർക്കറ്റിൽ ഇരുന്പുകട നടത്തുന്ന ബ്രദർ വിൻസനെ പരിചയപ്പെട്ടു. അദ്ദേഹമാണെന്നെ രാമവർമപുരം ക്രൈസ്റ്റ് വില്ലയിലാക്കിയത്. മദ്യപാനവും പുകവലിയുമെല്ലാം നിർത്തി പുതിയൊരു മനുഷ്യനായ എന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടപ്പോഴും ഡോ. ടോണി കത്തു തന്നതോടെ ജില്ലാ ആശുപത്രി യിൽതന്നെ എന്‍റെ കണ്ണ് ഓപ്പറേഷൻ സൗജന്യമായി നടത്തിക്കിട്ടി. കണ്ണിനു കാഴ്ച തിരിച്ചു കിട്ടിയതോടെ ഞാൻ ആശുപത്രിയിലെ നിത്യസന്ദർശകനായി. ആരോരുമില്ലാത്ത രോഗികൾക്ക് എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുമായിരുന്നു. ഇതിനിടെ 2016 മാർച്ചിൽ പാലക്കാട്ടേക്കു സ്ഥലം മാറിപ്പോയി. പക്ഷേ, മിക്ക ബുധനാഴ്ചയും ലീവെടുത്ത് പാവങ്ങളുടെ ഓപ്പറേഷനായി സാറെത്തുമാ യിരുന്നു. 10 വർഷമായതോടെ എനിക്കുവീണ്ടും വേദന വന്നു. നടക്കാൻ പറ്റാതെയായി. ഇതിനിടയിൽ സർക്കാരിന്‍റെ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഞാൻ എടുത്തിരുന്നു. ഞാൻ ടോണി സാറിനെ വീണ്ടും കണ്ടു. അദ്ദേഹമെന്നോട് പാലക്കാട്ടേക്കു ചെല്ലാൻ പറഞ്ഞു. അങ്ങനെ 2017 ജൂലൈ മൂന്നാം തീയതി ടോണി സാറിന്‍റെ നേതൃത്വത്തിൽ നാലു ഡോക്ടർമാർചേർന്ന് എന്‍റെ ഇടുപ്പ് മാറ്റിവച്ചു. അതോടെ അദ്ദേഹമെനിക്കു കണ്‍കണ്ട ദൈവമായി. എന്‍റെ മാത്ര മല്ല, പാവപ്പെട്ട ആരോരുമില്ലാത്ത നൂറുകണക്കിനു രോഗികളുടെ കണ്‍കണ്ട ദൈവമാണ് അദ്ദേഹം. ഇപ്പോൾ തൃശൂർ ജില്ലാ ആശുപത്രിയിൽ ഫിസിയോ തെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ് ഞാൻ.
സർക്കാർ ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞാൽ ഡോക്ടർമാരെ വീട്ടിൽ പോയി കാണുന്ന ഒരേർപ്പാടുണ്ട് എല്ലായിടത്തും. അങ്ങനെ ഡോക്ടറെ കണ്ട് സന്തോഷം നൽകുന്നവർക്ക് ആ പൈസ തിരികെ കൊടുത്തുകൊണ്ട് ഡോ ക്ടർ പറയും "ഈ പൈസകൊണ്ടു മക്കൾക്ക് ഒരു കിലോ ആട്ടിറച്ചി വാങ്ങിക്കൊടുക്ക്’എന്ന്. ഇങ്ങനെ പലരും വന്നു പറയുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഡോക്ടർ അത്രനല്ല മനുഷ്യനാണ്, വിതുന്പലോടെ സുരേഷ് ബാബു പറഞ്ഞു നിർത്തി.

എയ്ഡ്സ് രോഗിയോടും ആർദ്രതയോടെ

തൃശൂരിൽ ജോലിചെയ്യുന്നസമയത്ത് ഒരു പാലിയേറ്റീവ് കെയർ വോളന്‍റി യർ ഡോക്ടറെ സമീപിച്ചു ചോദിച്ചു: എച്ച്ഐവി പോസിറ്റീവായതിനാൽ മറ്റൊരു ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ട ഒരു രോഗിയെ കൊണ്ടുവന്നാൽ ചികിത്സിക്കാൻ കഴിയുമോ..? കൊണ്ടുവരാൻ പറഞ്ഞു. കാല് ഒടിഞ്ഞ് എല്ല് പുറത്തുവന്ന് പഴുത്ത് പുഴുവരിച്ചുതുടങ്ങിയ അവസ്ഥയിലായിരുന്നു. നഴ്സുമാരുടെ സഹായത്തോടെ എല്ലാം ക്ലീൻ ചെയ്തു. കാൽമുട്ടിനു മുകളിൽ വച്ച് മുറിച്ചു നീക്കേണ്ടിവന്നെങ്കിലും അദ്ദേഹം ആരോഗ്യത്തോടെ ദീർഘകാലം ജീവിച്ചു. ഒരു ഡോക്ടറെന്ന നിലയിൽ ഏറെ ആത്മസംതൃപ്തി തോ ന്നിയ ഒരു സംഭവമായിരുന്നു ഇതെന്നു ഡോക്ടർ ടോണി പറഞ്ഞു.

തെരുവു മക്കൾ, യാചകർ, മുന്പ് കുഷ്ഠരോഗം വന്ന് മാറിയെങ്കിലും പിന്നീട് കാലിനടിയിൽ വ്രണം വന്നവർ, പുഴുവരിക്കുന്ന രോഗികൾ അങ്ങനെയെത്ര യെത്ര പേർ സൗഖ്യംപ്രാപിച്ച ു തിരിച്ചുപോയിട്ടുണ്ട്.

ആർത്രോ സ്കോപ്പിയും ആർത്രോ പ്ലാസ്റ്റിയും

കാൽമുട്ടിന്‍റെ ലിഗ്‌മെന്‍റിനു സംഭവിക്കുന്ന തകരാറുമൂലവും മുട്ടുതേയ്മാനം മൂലവും ആർത്രോ സ്കോപ്പി (താക്കോൽദ്വാര ശസ്ത്രക്രിയ) ചെയ്യേണ്ടിവരു ന്ന അനേകം രോഗികൾ ജില്ലാ ആശുപത്രിയിൽ എത്തപ്പെടുമായിരുന്നു. സ്വ കാര്യ ആശുപത്രികളിൽ ഒന്നും ഒന്നരയും ലക്ഷം ചെലവാക്കാൻ കഴിവില്ലാത്ത പാവങ്ങൾ ജീവിതകാലം മുഴുവൻ വാക്കറിലോ വടിയിലോ നടക്കേണ്ട ഗതി കേടു കണ്ടപ്പോഴാണു ഡോ. ടോണിയുടെ ഹൃദയം അലിഞ്ഞത്. ഇതോടെ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി ടീച്ചറോട് സൂപ്രണ്ട് മുഖേന ആവശ്യം ഉന്നയിച്ചു. മാസങ്ങൾക്കുള്ളിൽ ഈ ഓപ്പറേഷനുകൾ ചെയ്യാൻ ആവശ്യമായ 12 ലക്ഷം രൂപ വിലയുള്ള മെഷീൻ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചു. ഇതോടെ പാവങ്ങൾക്ക് ഒന്നര ലക്ഷത്തിനുപകരം ആയിരം രൂപയ്ക്ക് ആർത്രോ സ്കോപ്പി ചെയ്തു കൊടുക്കാൻ കഴിഞ്ഞു. രണ്ടും മൂന്നും ലക്ഷം രൂപ ചെലവുവരുന്ന ആർത്രോപ്ലാസ്റ്റിയും (ഇടുപ്പ്, മുട്ട് മാറ്റിവയ്ക്കൽ ശസ്ത്ര ക്രിയ) സൗജന്യ നിരക്കിൽ ചെയ്തു കൊടുക്കനായി. ആർഎസ്ബിവൈ ഇൻഷ്വറൻസ് കാർഡ് ഉള്ളവർക്കും 60 വയസിനു മുകളിലുള്ളവർക്കും പൂർണ സൗജന്യമായും ഇവ ചെയ്തു കൊടുക്കാനായി.

ലീവെടുത്ത് തൃശൂർ ആശുപത്രിയിലേക്ക്

ഇങ്ങനെ സൗജന്യ സർജറി വിപ്ലവം നടത്തുന്നതിനിടയിലാണ് 2016 മാർച്ച് എട്ടിന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു പ്രമോഷനോടെ സ്ഥലം മാറ്റം കിട്ടിയത്. അന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ ഇത്തരം ഓപ്പറേഷനുകൾ ചെയ്യുന്ന മറ്റു ഡോക്ടർമാരില്ലായിരുന്നു. 12 ലക്ഷം മുടക്കിയ മെഷീൻ ഉപയോഗ ശൂന്യമായി കിടക്കുന്നതു ഡോ. ടോണിക്കു സഹിക്കാനായില്ല. ഇതോടെ ബു ധനാഴ്ചകളിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നും ലീവെടുത്ത് തൃശൂർ ജില്ലാ ആശുപത്രിയിൽവന്ന് പാവങ്ങൾക്ക് ഓപ്പറേഷൻ നടത്തി ക്കൊടുക്കാൻ തുടങ്ങി. ഇതിനായി അധികാരികളുടെ പ്രത്യേക അനുവാദവും വാങ്ങി. ഇക്ക ഴിഞ്ഞ ഒക്ടോബർ 15 വരെ ഇത്തരം 71 ദിവസങ്ങളാണ് അവധിയെടുത്ത് തൃശൂർ ജില്ലാ ആശുപത്രിയിൽ തന്‍റെ സേവനം ഇദ്ദേഹം കാഴ്ചവച്ചത്.

1999-ൽ ഡി ഓർത്തോ കഴിഞ്ഞ ഇദ്ദേഹം തൃശൂർ വെസ്റ്റ് ഫോർട്ടിൽ സൈമണ്‍ വലിയവീട്ടിൽ സാറിന്‍റെ കീഴിൽ ഡിഎൻബി പരിശീലനം നടത്തി. 2001 -ൽ തിരുവില്വാമല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നാലുമാസം സേവനമനു ഷ്ഠിച്ചശേഷമാണു തൃശൂർ ജില്ലാ ആശുപത്രിയിലെത്തിയത്. തുടർന്ന് 14 വർഷക്കാലം ജോലി ചെയ്തതിനിടയിൽ രണ്ടുടേമിലായി മൂന്നുവർഷക്കാലം ആർഎംഒയുടെ ചാർജും വഹിച്ചു. അപ്പോഴാണ് ഒന്നരവർഷം മുന്പ് പാലക്കാട് ജില്ലാ ആശു പത്രിയിലേക്കു മാറ്റം കിട്ടിയത്.

വിശുദ്ധരുടെ ഡോക്ടർ

പാവങ്ങളുടെ മാത്രമല്ല വിശുദ്ധരുടെയും ഡോക്ടർ കൂടിയാണ് ഡോ. ടോണി. ദൈവദാസന്മാരായ ഫാ. അഗസ്റ്റിൻ ജോണ്‍ ഉൗക്കൻ (ചൊവ്വന്നൂർ), ഫാ. ആന്‍റണി തച്ചുപറന്പിൽ (ചേലക്കര), എംഎസ്ജെയുടെ സ്ഥാപകനായ ഫാ. ജോസഫ് പഞ്ഞിക്കാരൻ(കോതമംഗലം), ദൈവദാസിമാരായ സിസ്റ്റർ മറിയം ജെർത്രൂദ് (നാഗ്പൂർ), സിസ്റ്റർ റാണി മരിയ(ഇൻഡോർ) എന്നീ അഞ്ച് ദൈവ ദാസരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്‍റെ മുന്നോടിയായി കല്ലറ തുറന്നു പരിശോധിക്കുന്ന പ്രക്രിയയിലെ മെഡിക്കൽ എക്സ്പർട്ട് ആയിരുന്നു ഇദ്ദേഹം. കല്ലറതുറന്ന് പൂജ്യാവശിഷ്ടങ്ങൾ എടുത്ത് തിരിച്ചറിയാനും സംരക്ഷി ക്കാനും ഉതകുമാറ് ഗ്ലാസിന്‍റെയും സ്റ്റീലിന്‍റെയും പേടകങ്ങളിൽ സൂക്ഷിക്കുന്ന താണ് ഈ പ്രക്രിയ. വിശുദ്ധാത്മാക്കളുടെ ശവകുടീരങ്ങളിൽ ഇറങ്ങാൻ കഴിഞ്ഞത് ആത്മീയമായ വല്ലാത്തൊരു അനുഭവമായിരുന്നെന്ന് ഇദ്ദേഹം പറയുന്നു.

കൂടാതെ ദൈവദാസി സിസ്റ്റർ സെലിൻ കണ്ണനായ്ക്കലിന്‍റെ അദ്ഭുതം അം ഗീകരിക്കുന്നതിനു മുന്നോടിയായി സ്ഥാപിച്ചിരുന്ന ട്രൈബ്യൂണൽ കമ്മിറ്റി അംഗവും കൂടിയാണ് ഇദ്ദേഹം. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഇന്നലെ ഇൻഡോറിൽ പ്രഖ്യാപിച്ച അമൂല്യവേളയിൽ പങ്കെ ടുത്ത ത്രില്ലിലാണ് ഈ ഓർത്തോപീഡിക് സർജൻ.

ലോഫും മതബോധനവും

കുടുംബ നവീകരണം ലക്ഷ്യംവച്ച് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴ ത്തിന്‍റെ നിർദേശപ്രകാരം അദ്ദേഹം രക്ഷാധികാരിയായി 2009-ൽ ആരംഭം കുറിച്ചിട്ടുള്ള കുടുംബങ്ങളുടെ സമർപ്പിത സമൂഹമാണ് ലോഫ് (ലീജിയൻ ഓഫ് അപ്പസ്തോലിക് ഫാമിലീസ്). ഇതിന്‍റെ സ്ഥാപക പ്രസിഡന്‍റും ഇപ്പോഴ ത്തെ അമരക്കാരുമാണ് ഈ ഡോക്ടർ ദന്പതികൾ. പ്രോ ലൈഫ് ആഭിമുഖ്യ മുള്ള ഡോക്ടർമാരും എൻജിനിയർമാരും അധ്യാപകരും ഉൾപ്പെട്ട ദന്പതികൾ ക്കുമാത്രം അംഗത്വം നൽകി പ്രവർത്തിക്കുന്ന ലോകത്തിലെതന്നെ പ്രഥമ സമർപ്പിത സമൂഹമാണിത്. അനുസരണം, ലളിതജീവിതം, ദാന്പത്യ വിശ്വ സ്തത എന്നിവയാണ് ഇതിന്‍റെ വ്രതങ്ങൾ. അതുകൊണ്ടുതന്നെ ലളിതജീ വിതം മുഖമുദ്രയാക്കി പരമാവധി കാർ ഉപേക്ഷിച്ച് സൈക്കിളിൽ യാത്ര ചെയ്യുന്ന ഇദ്ദേഹത്തെ ആശ്ചര്യത്തോടെ നോക്കി നിൽക്കാറുണ്ട് പലരും.

അ​ഡ​ൽ​റ്റ്സ് കാ​റ്റി​ക്കി​സം കോ​ഴ്സ്

(എ​സി​സി) ക്ലാ​സി​ലെ മ​ത​ബോ​ധ​നാ​ധ്യാ​പ​ക​നാ​യ ഡോ​ക്ട​റു​ടെ ഭാ​ര്യ​യും 12-ാം ക്ലാ​സിലെ ​മ​താ​ധ്യാ​പി​ക​യാ​ണ്. കൂ​ടാ​തെ ആ​റു രൂ​പ​ത​ക​ളി​ലെ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് റി​സോ​ഴ്സ് പേ​ഴ്സ​ൺ കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം.

മലപ്പുറം മാലാപറന്പ് കൊഴുപ്പക്കളം ജോസഫിന്‍റെയും തങ്കമ്മയുടെയും എട്ടുമക്കളിൽ ആറാമനായ ഡോ. ടോണിക്ക് കാത്തലിക് സ്റ്റുഡന്‍റ്സ് അസോ സിയേഷനിലൂടെ ലഭിച്ച അനുഭവങ്ങളാണു സാമൂഹ്യപ്രവർത്തനത്തിനു പ്രചോദനമായത്. കുടുംബത്തിന്‍റെ സന്പൂർണ പിന്തുണയും പ്രോത്സാഹ നവും തന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു കരുത്തു പകരുന്നതായും തൃശൂർ അഞ്ചേരിച്ചിറയിലെ ഹിൽഗാർഡൻസിൽ താമസിക്കുന്ന ഡോക്ടർ പറ യുന്നു. ഭാര്യ: ഡോ. സുനി (അസി. പ്രഫസർ, റേഡിയോ ഡയഗ്നോസിസ്റ്റ്, മെഡിക്കൽ കോളജ് തൃശൂർ). മകൾ: റോസ്മരിയ (തൃശൂർ നിർമലമാതാ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി).

സെബി മാളിയേക്കൽ
ഫോട്ടോ: വിമൽ പെരുവനം