അതിർത്തിയിലെ ജീവനം
സിജോ പൈനാടത്ത്
Saturday, May 17, 2025 11:50 PM IST
ഇന്ത്യ-പാക് ഏറ്റുമുട്ടലിനിടെ പെട്ടെന്നു വെടിനിർത്തൽ വന്നതിൽ നിരാശ പൂണ്ടവർ. എതിരാളികളെ തീർക്കാൻ യുദ്ധം കുറെ ദിവസംകൂടി തുടരേണ്ടിയിരുന്നെന്ന് ആവേശംകൊള്ളുന്നവർ. മിസൈൽ കുതിക്കുന്നതും യുദ്ധവിമാനം ഇരന്പുന്നതും കണ്ട് ടിവിക്കു മുന്നിൽ ആഘോഷം നടത്തുന്നവർ...
യുദ്ധത്തെ ഇങ്ങനെ ആഘോഷമായി ആസ്വദിക്കുന്നവർ കാണാതെ പോകുന്ന കുറെ ജീവിതങ്ങളുണ്ട്. അതിർത്തികളിലെ കർഷകരും ഗ്രാമീണരും. സംഘർഷ നിമിഷങ്ങൾക്കിടെ അതിർത്തിയിലെ ഒരു ഗ്രാമത്തിലേക്കു നടത്തിയ യാത്ര...
മാനത്ത് ഒരു പെരുമഴപ്പെയ്ത്തിനുള്ള ഒരുക്കംകൂട്ടി കാർമേഘങ്ങൾ... ഇടയ്ക്കിടെ പേടിപ്പെടുത്തി ഇടിമിന്നൽ.! അകലെ പാടങ്ങളിൽ മേയാൻ വിട്ട എരുമകളെയും പശുക്കളെയും ഒരുമിച്ചുകൂട്ടി കർഷകർ വീടുപറ്റാൻ തിടുക്കം കൂട്ടുന്നുണ്ട്. കൊയ്ത്തൊഴിഞ്ഞ ഗോതന്പു പാടത്തുനിന്ന് സർദാർ മസി കന്പിവേലികൾക്കപ്പുറത്തേക്കു കൈചൂണ്ടി ഇങ്ങനെ പറഞ്ഞു:
ഓ ഖർ, ജോ തു സി ദേഖ്ദേ ഹോ, പാക്കിസ്ഥാൻ വിച്ച് ഹെ.
(ദാ, ആ കാണുന്ന വീട് പാക്കിസ്ഥാനിലാണ്...!)
ഏറെ ദൂരെയല്ലാതെ വെള്ള നിറം പൂശിയ കൊച്ചു വീട്. ചുറ്റും ഗോതന്പുപാടങ്ങൾ തന്നെ.... ശത്രുരാജ്യത്താണെങ്കിലും നാട്ടുഭാഷയിൽ പറഞ്ഞാൽ ആ വീട്ടുകാർ സർദാർ മസിയുടെ അയൽവാസികളാണ്.
വേലിക്കിപ്പുറത്തെ ജീവിതം
പഞ്ചാബിലെ അമൃത്സർ ജില്ലയിൽ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള കോട്ട് റസാദ ഗ്രാമവാസിയായ 82കാരൻ സർദാർ മസിക്കു കൃഷിഭൂമിയും കാർഷികവൃത്തിയുമെല്ലാം ജീവിതം തന്നെയാണ്. 24 മണിക്കൂറും സൈന്യം റോന്തു ചുറ്റുന്ന ഗ്രാമം. ഗോതന്പു പാടങ്ങൾക്കിടയിലും സൈനിക ചെക്ക് പോസ്റ്റുകളും ബങ്കറുകളുമെല്ലാമുള്ള അതിർത്തി പ്രദേശം. ഏതു നിമിഷവും അതിർത്തിക്കപ്പുറത്തുനിന്ന് ഷെല്ലുകളോ മിസൈലുകളോ ഡ്രോണുകളോ ഒക്കെ പാഞ്ഞെത്താൻ സാധ്യതയുള്ള സ്ഥലം.
എന്നാൽ, മസിയുൾപ്പടെയുള്ള ഇവിടത്തെ ജനങ്ങൾ അതേക്കുറിച്ചൊന്നും ഏറെ ആലോചിക്കാറേയില്ല. അതിനെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെട്ടാൽ പിന്നെ സമാധാനവും ഉറക്കവുമുണ്ടാവില്ല, അതുപോലെ ജീവിതം തന്നെയായ കൃഷിയും. ആശങ്കകളെ കന്പിവേലിക്ക് അപ്പുറെ നിർത്തി കൃഷിയും ജീവിതവുമായി അവർ തിരക്കിലാണ്.
പ്രായത്തിന്റെ അവശതകൾ അലട്ടുന്പോഴും പാടത്തിറങ്ങുന്നതും അതിന്റെ ഗന്ധമറിയുന്നതും വിയർപ്പൊഴുക്കുന്നതും അദ്ദേഹത്തിന് ആവേശം.
കന്പിവേലികൾ വിഭജിച്ചത്!
നെല്ലും ഗോതന്പും മാറിമാറി കൃഷി ചെയ്യുന്ന വിശാലമായ പാടങ്ങളിൽ നിൽക്കുന്പോൾ, രാജ്യാതിർത്തി നിർണയിക്കുന്ന ഈ കന്പിവേലികൾ കാണുന്പോൾ സങ്കടമാണെന്നു മസി.
എ ഇസ്തരാ ക്യോ ഹെ?
(എന്തുകൊണ്ടാണ് അങ്ങനെ? )
അല്പം പഠിച്ചെടുത്ത പഞ്ചാബി ഭാഷയിൽ ഞാൻ ചോദിച്ചു.
ഭാഷ പഠിക്കാൻ ശ്രമിച്ചതിൽ തോളത്തു തട്ടി അഭിനന്ദിച്ച ശേഷം സർദാർ മസി വാചാലനായി:
"കി എ സാരിയാം സർഹ്ധാം ദോവാ ദേശാം ദ്വാരാ നഹി ബണായിയാം ഗയിയാം ഹൻ ?
തുഹാടെ ദ്വാരാ ബണായിയാം ഗയിയാം ഇന്നാ സർഹധി രേഖാവാം ദേ ധോവേ പാസ്സെ സ്യാധാത്തർ ലോക് കിസാൻ ഹൻ......
( "അതിർത്തിയൊക്കെ രാജ്യങ്ങൾ ഉണ്ടാക്കിയതല്ലേ....? ഈ അതിർത്തിവരകളുടെ അപ്പുറത്തും ഇപ്പുറത്തുമുള്ളവരേറെയും കൃഷിക്കാരാണ്. കൃഷിയില്ലെങ്കിൽ ജീവിതം വഴിമുട്ടുന്നവർ. യുദ്ധമുണ്ടായാൽ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും പോകേണ്ടിവരുന്നവർ... ! കൃഷിയുടെ പേരിലുള്ള ഞങ്ങളുടെ ബന്ധത്തിന് അതിർത്തികളില്ല...')
അതിരുകളില്ലാത്ത സ്നേഹം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുനന്പിൽ നിൽക്കുന്ന ദിനങ്ങളിലൊന്നിലായിരുന്നു അമൃത്സറിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള സർദാർ മസിയുടെ വീട്ടിലും കൃഷിസ്ഥലങ്ങളിലും സന്ദർശനം നടത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഏതൊരു ഇന്ത്യക്കാരനും രാജ്യസ്നേഹം തിളച്ച ദിനങ്ങൾ. പാക്കിസ്ഥാനോട് രോഷം തിളച്ചുപൊന്തിയ നാളുകൾ. പ്രത്യേകിച്ച് പഞ്ചാബ് ഉൾപ്പടെയുള്ള അതിർത്തി മേഖലകളിൽ. അതിനിടയിലാണ് അതിർത്തിഗ്രാമത്തിൽ ജീവിക്കുന്ന പഞ്ചാബി വയോധികനിൽനിന്ന് അയൽ രാജ്യത്തെ അയൽവാസികളെക്കുറിച്ച് ആകുലമായ വാക്കുകൾ കേട്ടത്!
പാക് ഭീകരരുടെ കടന്നാക്രമണത്തിൽ സർദാർ മസിക്കു രോഷവും പ്രതിഷേധവും ഇല്ലാഞ്ഞിട്ടല്ല. രാജ്യങ്ങൾ നിർണയിച്ച അതിർത്തികളെ പൂർണമായും മാനിക്കുന്ന രാജ്യസ്നേഹിയാണ് അദ്ദേഹം. അവിടത്തെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിൽ കണിശക്കാരനും.
ഗോതന്പു പാടങ്ങൾക്കിടയിലെ ചെക്ക് പോസ്റ്റുകളിലും മോർച്ചകളിലും (ബങ്കർ) നിലയുറപ്പിച്ചിട്ടുള്ള സായുധരായ സൈനികർ സർദാർ മസിയെ അറിയും; അദ്ദേഹത്തിന്റെ രാജ്യസ്നേഹവും. സൈനികർക്കു മസിയോടും തിരിച്ചും വലിയ ആദരവും സ്നേഹവുമെന്ന് അദ്ദേഹത്തിനൊപ്പമുള്ള അതിർത്തിഗ്രാമയാത്രയിലെ വിശേഷം പറച്ചിലുകളിൽ വ്യക്തം.
അതിർത്തിയല്ല, ജീവിതമാണ്
അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെടുന്പോൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർ കാണാത്ത ഒരു കാഴ്ച ഇവർ കാണുന്നു. അത് അതിർത്തിയിലെ മനുഷ്യരുടെ പച്ചയായ ജീവിതവും ആശങ്കകളുമാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ളവർക്ക് ആക്രമണങ്ങളുടെ കണക്കെടുത്ത് ആവേശംകൊള്ളുന്നതിലായിരിക്കും ശ്രദ്ധ.
എന്നാൽ, അതിർത്തിയിലെ സാധാരണ ഗ്രാമീണർക്ക് തങ്ങളുടെയും അതിർത്തിക്കപ്പുറമുള്ള തങ്ങളുടെ അയൽവാസികളുടെയും ജീവനെയും കുടുംബത്തെയും കുറിച്ചുള്ള ആശങ്കയുടെ കണക്കെടുപ്പിന്റെ കാലമാണത്.
ഇരുവശങ്ങളിലുമുള്ള സാധാരണ ജനങ്ങളുടെ ജീവിതയാത്രയ്ക്ക് അവയുണ്ടാക്കുന്ന തടസങ്ങളെക്കുറിച്ച് മസിക്ക് ആശങ്കകളേറെ:
കാഷ്മീരിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു ശേഷം ഇവിടെ കർശനമായ നിരീക്ഷണവും സുരക്ഷയുമാണ്. കൃഷിക്കാർക്കു തങ്ങളുടെ പാടങ്ങളിലേക്കു പോകുന്നതിനു പോലും നിയന്ത്രണങ്ങളുണ്ട്.
യുദ്ധഭീതിക്കു മുന്പേ, ഗോതന്പ് കൊയ്തു ചന്തകളിലെത്തിയത് ആശ്വാസമായി. പക്ഷേ, അതിർത്തി ഗ്രാമമായതിനാൽ യുദ്ധമുണ്ടായാൽ കൃഷിഭൂമികളിലേക്കു പോകുന്നതു പോലും സൈന്യത്തിന് അനുവദിക്കാനാവില്ല. അടുത്ത തവണത്തെ കൃഷി വൈകും. അതു ഞങ്ങളുടെ വരുമാനത്തെയും ജീവിതത്തെയും സാരമായി ബാധിക്കും.
സൗഹൃദം കൃഷിചെയ്യുന്നവർ
പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും അതിർത്തികളോടു ചേർന്നുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർ എല്ലാവരുംതന്നെ കൃഷിക്കാരും കാലിവളർത്തലുകാരുമാണ്. പാടങ്ങളിലാണ് തങ്ങളുടെ ജീവിതമെന്നു മസി.
പാക്കിസ്ഥാനിലെ അതിർത്തിപ്രദേശമായ ബാനിയയിലെ കൃഷിക്കാരെ പലരെയും അറിയാം. പാടത്തു മേയാൻ വിടുന്ന എരുമകളിൽ ചിലതു ചിലപ്പോൾ അതിർത്തി കടന്നു പാക്കിസ്ഥാൻകാരുടെ പാടത്തേയ്ക്കു പോകും. വൈകുന്നേരമായിട്ടും കാണാതാവുന്പോഴാകും ചിലപ്പോൾ പാക്കിസ്ഥാൻകാർ അവയെ സുരക്ഷാ സൈനികരുടെ അനുവാദത്തോടെ അതിർത്തിയിലേക്ക് എത്തിച്ചു നൽകുന്നത്. ഇതുപോലെ അവരുടെ കന്നുകാലികൾ ഇവിടേയ്ക്കും എത്തും. ഞങ്ങൾ അതു തിരിച്ചേൽപ്പിക്കും.
പരസ്പരം സഹകരിച്ചും കൊടുക്കൽ വാങ്ങൽ നടത്തിയുമൊക്കെയാണ് ഞങ്ങൾ കൃഷി ചെയ്യുന്നത്. "കൃഷിഭൂമിയിൽ എന്തു കലഹം?'
മസിയുടെ നിർണായകമായ ചോദ്യം.
സൗഹൃദമൊഴുകുന്ന റാവി നദി
അഞ്ചു നദികളുടെ നാടാണ് പഞ്ചാബ്. സത് ലജ്, ബിയാസ്, റാവി, ചെനാബ്, ഝലം എന്നീ നദികൾ പഞ്ചാബിന്റെ ജീവനാഡികളെന്നു പറയണം. നാടിന്റെ സന്പദ് വ്യവസ്ഥയെയും ജനജീവിതത്തെയും താങ്ങി നിർത്തുന്ന കൃഷിയ്ക്ക് ഈ നദികളിൽനിന്നുള്ള വെള്ളം സമൃദ്ധം. വർഷത്തിൽ അഞ്ചു മാസം വീതം നെല്ലും ഗോതന്പും മാറിമാറിയാണു കൃഷി.
ഇടവേളയിൽ ചിലർ കന്നുകാലികൾക്കുള്ള പുല്ലും കൃഷി ചെയ്യും. നദികളോടു ചേർന്നു കൂറ്റൻ കനാലുകൾ വിശാലമായ പാടങ്ങളിലേക്കു വെള്ളമെത്തിക്കുന്നു. ഇതു ടൗണുകളിലെയും ഗ്രാമങ്ങളിലെയും ഗാർഹികഉപയോഗത്തിനുള്ള ജലസ്രോതസുകളെയും സമൃദ്ധമാക്കുന്നു.
അമൃത്സറിലെ സുഫ്യാൻ, കോട്ട് റസാദ ഗ്രാമങ്ങളിലൂടെ റാവി നദി ഒഴുകിയെത്തുന്നത് പാക്കിസ്ഥാനിലേക്കാണ്. ഇന്ത്യയിൽനിന്നുള്ള നദി പാക്കിസ്ഥാന്റെ മണ്ണിനെ നനയ്ക്കുന്നു, ഫലഭൂയിഷ്ടമാക്കുന്നു. സർദാർ മസി പറയും,
ഞങ്ങളുടെ കൃഷിക്കു വെള്ളം തരുന്ന റാവി നദി തന്നെയാണ് അവരുടെയും പാടങ്ങളിൽ ജലസേചനത്തിനുപയോഗിക്കുന്നത്. ഒഴുകുന്ന പുഴയ്ക്ക് അതിർത്തിയറിയാത്തത് എത്ര നന്നായി!
ഗ്രാമത്തിന്റെ പ്രിയപ്പെട്ട മസി
പരേതയായ മിൻതോയാണു സർദാർ മസിയുടെ ഭാര്യ. എട്ടു മക്കളിൽ മൂന്നു പേർ മരിച്ചു. ഇനി മൂന്ന് ആൺമക്കൾ. പെൺമക്കൾ മൂന്ന്. മസിയുടെ കൃഷിഭൂമികളെല്ലാം ഇന്ന് ആൺമക്കൾ പരിപാലിക്കുന്നു.
കോട്ട് റസാദ ഗ്രാമത്തിലുള്ളവർക്കു സർദാർ മസി തങ്ങളുടെ പ്രിയപ്പെട്ട കാരണവർ കൂടിയാണ്. നാട്ടിലെ ഏത് ആവശ്യത്തിനും അഭിപ്രായമറിയാൻ ഗ്രാമവാസികൾ ഇദ്ദേഹത്തെ സമീപിക്കും.
എല്ലാവരോടും സ്നേഹത്തോടും പുഞ്ചിരി നിറഞ്ഞ മുഖത്തോടും കൂടി ഇടപെടുന്ന മസിയെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ആളാണെന്നു സമീപത്തെ ചെംയാരി ഹോളി റോസറി പള്ളി വികാരി ഫാ. ലിബിൻ കോലഞ്ചേരി പറഞ്ഞു. മസിയുടെ വീട്ടിൽനിന്നു ചൂടുള്ള സമൂസയും മധുരമുള്ള ചായയും കഴിച്ചു പുറത്തേക്കിറങ്ങുന്പോൾ, കുട്ടികൾ പലരും സന്തോഷത്തോടെ അദ്ദേഹത്തിന്റെ ഊന്നുവടിയിൽ പിടിക്കാൻ മത്സരിക്കുന്നതു കാണാമായിരുന്നു.
1971 ലെ യുദ്ധസ്മൃതി
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം നടന്ന 1971ൽ സർദാർ മസിക്ക് വയസ് 28. അതിർത്തി ഗ്രാമത്തിലെ ജനങ്ങളെന്ന നിലയിൽ അന്നു നമ്മുടെ സൈനികർക്കു പൂർണ പിന്തുണയും സഹായവും തങ്ങൾ നൽകിയെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നു.
അതിർത്തി കടന്നു ദുരുദ്ദേശ്യത്തോടെ അനധികൃതമായി നമ്മുടെ മണ്ണിലേക്കെത്തിയ പാക്കിസ്ഥാൻകാരെ അന്നു നമ്മുടെ സൈന്യം കീഴ്പ്പെടുത്തി. ഏറ്റെടുക്കാൻ ആളില്ലാതിരുന്ന മൃതദേഹങ്ങൾ പലതും ഈ പാടങ്ങളിലാണ് ഞങ്ങൾ സംസ്കരിച്ചത്. - മസി പറഞ്ഞു.