ദൈവത്തിന്റെ സമയം ഏറ്റവും നല്ല സമയം
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Sunday, May 18, 2025 12:01 AM IST
തന്റെ ജനതയെ ഈജിപ്തിൽനിന്നു കാനാൻ ദേശത്ത് എത്തിക്കാൻ മോശയ്ക്ക് 40 വർഷം വേണ്ടിവന്നു. അതേസമയം, നിയമാവർത്തന പുസ്തകത്തിൽ പറയുന്ന പ്രകാരം രണ്ടാഴ്ചകൊണ്ട് യാത്ര ചെയ്തു തീർക്കാവുന്ന ദൂരമേ അവർക്കുണ്ടായിരുന്നുള്ളൂ.
"ജനതകളുടെ പിതാവ്' ആയിട്ടാണ് അബ്രാഹം ബൈബിളിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിനും ഭാര്യ സാറായ്ക്കും പ്രായമേറെ ചെന്നിട്ടും മക്കളുണ്ടായിരുന്നില്ല. അബ്രാഹത്തിന് 72 വയസുള്ളപ്പോൾ ദൈവം പ്രത്യക്ഷപ്പെട്ട് ഒരു പുത്രനെ വാഗ്ദാനം ചെയ്തു. എന്നാൽ, ആ വാഗ്ദാനം പൂർത്തിയാകാൻ 25 വർഷം അദ്ദേഹം കാത്തിരിക്കേണ്ടിവന്നു!
അബ്രാഹത്തിന്റെ പുത്രനായ ഇസഹാക്കിൽനിന്നു ജനിച്ച ഒരു പുത്രനാണ് യാക്കോബ്. യാക്കോബിന്റെ പുത്രനായ ജോസഫ് സ്വന്തം സഹോദരന്മാരുടെ അസൂയ മൂലം അടിമവ്യാപാരികൾക്കു വിൽക്കപ്പെടുകയും പിന്നീട് അന്യായമായി കാരാഗൃഹത്തിലടയ്ക്കപ്പെടുകയും ചെയ്തു. അവിടെനിന്നു മോചിക്കപ്പെട്ട ശേഷം ജോസഫ് ഈജിപ്തിലെ ഫറവോയുടെ കീഴിൽ അധികാരി ആയെങ്കിലും അതിനും കുറെ കാത്തിരിപ്പ് വേണ്ടിവന്നു.
ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ഇസ്രയേൽക്കാരെ രക്ഷിക്കാൻ ദൈവം നിയോഗിച്ച നേതാവായിരുന്നു മോശ. എന്നാൽ, അവരെ ഈജിപ്തിൽനിന്നു കാനാൻ ദേശത്ത് എത്തിക്കാൻ മോശയ്ക്ക് 40 വർഷം വേണ്ടിവന്നു. അതേസമയം, നിയമാവർത്തന പുസ്തകത്തിൽ പറയുന്ന പ്രകാരം രണ്ടാഴ്ചകൊണ്ട് യാത്ര ചെയ്തു തീർക്കാവുന്ന ദൂരമേ അവർക്കുണ്ടായിരുന്നുള്ളൂ (നിയമ 1-2).
ദാവീദ് വളരെ ചെറുപ്പമായിരുന്നപ്പോൾ ദൈവം ആവശ്യപ്പെട്ടതനുസരിച്ചു സാമുവൽ പ്രവാചകൻ ദാവീദിനെ രാജാവായി അഭിഷേകം ചെയ്തതാണ്. എന്നാൽ, അതിനു ശേഷം 15 വർഷം കഴിഞ്ഞാണ് ദാവീദ് യൂദയായിൽ രാജാവാകുന്നത്. അതുപോലും വളരെ പ്രതിസന്ധികളിൽകൂടി കടന്നുപോയ ശേഷം. യൂദയായിലെ രാജാവായി ഏഴര വർഷം കഴിഞ്ഞ ശേഷമാണ് ഇസ്രയേലിന്റെ മുഴുവൻ രാജാവാകാൻ ദാവീദിനു സാധിച്ചത്.
അബ്രാഹവും ജോസഫും മോശയും ദാവീദുമൊക്കെ ദൈവത്തിന്റെ വാഗ്ദാനം പാലിച്ചുകാണാൻ എത്രയോ വർഷങ്ങളാണ് കാത്തിരുന്നത്. അവർക്ക് അതിനു ക്ഷമ ഉണ്ടായിരുന്നോ? തീർച്ചയായും. എന്നാൽ, അവരും ദൈവത്തിന്റെ വഴികളറിയാതെ ഏറെ ആകുലപ്പെട്ടിട്ടുണ്ടാവണം. എങ്കിൽപ്പോലും അവർ എല്ലാവരും ക്ഷമയോടെ കാത്തിരുന്നതുകൊണ്ടാണ് വാഗ്ദാനത്തിന്റെ പൂർത്തീകരണം ജീവിതത്തിൽ അനുഭവിക്കാൻ സാധിച്ചത്.
ആവശ്യം, അസ്വസ്ഥത
ഇനി, നമ്മുടെ ജീവിതത്തിലേക്കു കണ്ണോടിച്ചാൽ നമുക്കെല്ലാവർക്കും ഓരോരോ രീതിയിലുള്ള നിരവധി ആവശ്യങ്ങളുണ്ട്. അവയെല്ലാം സാധിച്ചുകിട്ടാൻ നിരന്തരം പ്രാർഥിക്കുകയും ചെയ്യുന്നു. എന്നാൽ, ആവശ്യപ്പെടുന്ന കാര്യങ്ങൾ ആവശ്യപ്പെടുന്ന സമയത്തു ലഭിക്കാതെ വരുന്പോൾ നാം പലപ്പോഴും അസ്വസ്ഥരാകും. അതുമൂലം, നമ്മുടെ വിശ്വാസത്തിനുതന്നെ ക്ഷീണം സംഭവിച്ചെന്നും വരാം. പ്രാർഥിക്കുന്ന കാര്യത്തിൽപോലും നാം പിന്നാക്കം പോയെന്നും വരാം.
ഇവിടെ ഓർമിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്ന്, ദൈവത്തിന്റെ സമയം നമ്മുടെ സമയം പോലെയല്ല എന്നതാണ്. അവിടന്നു നമ്മുടെ ജീവിതത്തെ സമഗ്രമായി കണ്ടുകൊണ്ട് പരിപാലന അനുസരിച്ചാണ് കാര്യങ്ങൾ ക്രമീകരിക്കുന്നത്. അപ്പോൾപിന്നെ നാം പ്രാർഥിക്കുന്ന കാര്യങ്ങൾ ദൈവത്തിന്റെ തീരുമാനത്തിനു വിട്ടുകൊടുക്കുകയാണ് വേണ്ടത്. അതോടൊപ്പം വിശ്വാസം നഷ്ടപ്പെടാതെ പ്രാർഥന തുടരുകയും വേണം. എങ്കിൽ മാത്രമേ, നമ്മുടെ ആത്മാവ് പൂർണമായും ദൈവത്തിൽ ആശ്രയിക്കൂ.
ഓർമിക്കേണ്ട മറ്റൊരു കാര്യം നമുക്ക് അനുഭവവേദ്യമാകുന്നില്ലെങ്കിൽകൂടി ദൈവം എപ്പോഴും നമ്മിൽ പ്രവർത്തിക്കുന്നു എന്നതാണ്. അതുപോലെതന്നെ, നമുക്കു കാണാൻ സാധിക്കാത്തപ്പോഴും നമ്മുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നു. ദൈവത്തിന് നമ്മെക്കുറിച്ചുള്ള പദ്ധതി ഏറെ വിശിഷ്ടമണെന്നതും മറക്കേണ്ട. ദൈവവചനം പറയുന്നു: "കർത്താവ് അരുൾ ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മുന്പിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി'(ജെറ 29:11).
കാത്തിരിപ്പിന്റെ സുഖം
ദൈവത്തിനു നമ്മെക്കുറിച്ചുള്ള പദ്ധതി അറിയാനായിരിക്കണം പ്രാർഥനയിലൂടെ ആദ്യം ശ്രമിക്കേണ്ടത്. അതിന് എന്തു ചെയ്യണമെന്നു ദൈവവചനം പറയുന്നു: "നിന്റെ ജീവിതം കർത്താവിനു ഭരമേൽപ്പിക്കുക, കർത്താവിൽ വിശ്വാസം അർപ്പിക്കുക, അവിടന്നു നിന്റെ കാര്യങ്ങൾ നോക്കിക്കൊള്ളും' (സങ്കീ 37:5).
കർത്താവിൽ വിശ്വാസം അർപ്പിച്ചു ജീവിച്ചാൽ കാത്തിരിപ്പ് ഒരിക്കലും നിരർഥകമാവില്ല, വ്യർഥവുമാവില്ല. കാത്തിരിപ്പ് വിശ്വാസത്തിൽ ആഴപ്പെടാനും സ്നേഹത്തിൽ വളരാനും ദൈവം കാണിച്ചുതരുന്ന വഴിയിലൂടെ സഞ്ചരിക്കാനും നമ്മെ സജ്ജമാക്കും.
ദൈവം എന്തെങ്കിലും കാര്യങ്ങൾ വച്ചുതാമസിപ്പിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ നിരാശരാകേണ്ട. പ്രതീക്ഷിക്കാത്ത ദുഃഖങ്ങൾ ജീവിതത്തിലേക്കു വരുന്പോഴും നാം ഖിന്നരാകേണ്ട. അവയൊക്കെ നേരിടാനുള്ള ശക്തിക്കായി പ്രാർഥിച്ചാൽ മതി. കാരണം "ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു' എന്നു ബൈബിൾ പറയുന്നു (റോമ 8: 28).
നമ്മുടെ ഓരോ കാര്യത്തിനും ദൈവം നിശ്ചയിച്ചിരിക്കുന്ന സമയമാണ് നമുക്ക് ഏറ്റവും നല്ല സമയം. ദൈവത്തിന്റെ ആ സമയത്തിനായി കാത്തിരിക്കാം. അതായത്, നമ്മുടെ ക്ലോക്കിൽ നോക്കുന്നതിനു പകരം ദൈവത്തിന്റെ സ്വർഗീയ ക്ലോക്കിൽ നോക്കുന്നതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ.