പൂച്ചപ്പുഞ്ചിരിയിൽ പൂച്ചകൾ വീഴും!
പി.ടി. ബിനു
Sunday, May 18, 2025 12:11 AM IST
പൂച്ചകളെ അരുമയായി വളർത്താനും താലോലിക്കാനും ആഗ്രഹിക്കുന്നവർക്കായി ഒരു ശുഭവാർത്ത. പൂച്ചകളുമായി ബന്ധം സ്ഥാപിക്കാൻ ശാസ്ത്രജ്ഞർ ലളിതമായ പുതിയൊരു വിദ്യ കണ്ടെത്തിയിരിക്കുന്നു! പ്രത്യേക മുഖഭാവം ഉപയോഗിച്ചു മനുഷ്യർക്കു പൂച്ചകളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് ഈ പഠനം പറയുന്നത്.
നേച്ചർ ജേണലായ സയന്റിഫിക് റിപ്പോർട്സിൽ ആണ് ഇതു സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. കണ്ണുകൾ ഭാഗികമായി ഇറുക്കി പതുക്കെ ചിമ്മുന്നതു മനുഷ്യരെ പൂച്ചകൾക്കു കൂടുതൽ സ്വീകാര്യരാക്കുമത്രേ. ഇങ്ങനെ ചെയ്താൽ പൂച്ചകളുമായി വളരെയെളുപ്പം ചങ്ങാത്തം സ്ഥാപിക്കാൻ കഴിയുമെന്നാണ് ഗവേഷണഫലം സൂചിപ്പിക്കുന്നത്.
ഒരു ചിരി മതി
കൺപോളകൾ ചുരുക്കി മനുഷ്യൻ നടത്തുന്ന പുഞ്ചിരിയെ പൂച്ചപ്പുഞ്ചിരി- "സ്ലോ ബ്ലിങ്ക്'- എന്നാണ് വിളിക്കുന്നത്. ഇതു പൂച്ചകൾക്കു മനുഷ്യരോടുള്ള ആകർഷണം കൂട്ടുന്നു. പൂച്ചകളിലെ കണ്ണിറുക്കിയ മുഖചലനങ്ങൾക്കു മനുഷ്യരിലെ പുഞ്ചിരിയുമായി (ഡൂച്ചെൻ പുഞ്ചിരി) ചില സാമ്യതകളുണ്ട്. പൂച്ചകളിൽ മാത്രമല്ല, മറ്റു ചില ജീവിവർഗങ്ങളിലും കണ്ണിറുക്കിയുള്ള പുഞ്ചിരി മനുഷ്യനോടുള്ള ആകർഷണം കൂട്ടുമെന്നു പറയുന്നു!
സസെക്സ് സർവകലാശാലയിലെ മൃഗപെരുമാറ്റ ശാസ്ത്രജ്ഞരായ ഡോ. ടാസ്മിൻ ഹംഫ്രി, പ്രഫസർ കാരെൻ മക്കോംബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. കണ്ണിറുക്കി ചിമ്മിയപ്പോൾ പൂച്ചകൾ എളുപ്പം അടുക്കാൻ തുടങ്ങിയെന്നു ഗവേഷകർ പറയുന്നു. ഇതുവഴി പൂച്ചകൾക്കും മനുഷ്യർക്കും ഇടയിൽ "പോസിറ്റീവ്' ആയ ആശയവിനിമയം സാധ്യമാകും. പോർട്ട്സ്മൗത്ത് സർവകലാശാലയിലെ സൈക്കോളജി വിഭാഗം പ്രഫസർ ഡോ. ലിയാൻ പ്രൂപ്സ് പഠനത്തിനു സഹ-മേൽനോട്ടം വഹിച്ചു.
പരീക്ഷിച്ചുനോക്കൂ
മൃഗങ്ങളുടെ പെരുമാറ്റം പഠിച്ച, പൂച്ചയെ വളർത്തുന്ന സസെക്സ് സർവകലാശാല സൈക്കോളജി വിഭാഗം പ്രഫസർ കാരെൻ മക്കോംബ് ആണ് പഠനത്തിനു മേൽനോട്ടം വഹിച്ചത്. പല പൂച്ച ഉടമകളും ഇതിനകം സംശയിച്ചിരുന്ന കാര്യമാണിത്. അതുകൊണ്ട്, അതിനുള്ള തെളിവുകൾ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് മക്കോംബ് പറഞ്ഞു. പൂച്ചയും മനുഷ്യനും തമ്മിലുള്ള ആശയവിനിമയത്തിൽ പതുക്കെ കണ്ണുചിമ്മുന്നതിന്റെ പങ്ക് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്.
വീട്ടിൽ നിങ്ങളുടെ സ്വന്തം പൂച്ചയോടോ തെരുവിൽ കണ്ടുമുട്ടുന്ന പൂച്ചകളോടോ നിങ്ങൾക്കിതു സ്വയം പരീക്ഷിച്ചുനോക്കാം. പൂച്ചകളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താനുള്ള മികച്ച മാർഗമാണിത്. ശാന്തമായ ഒരു പുഞ്ചിരിയിൽ നിങ്ങൾ ചെയ്യുന്നതുപോലെ അവയെ നോക്കി കണ്ണുകളിറുക്കിയ ശേഷം കുറച്ച് സെക്കൻഡുകൾ കണ്ണുകൾ അടച്ചതിനു ശേഷം തുറക്കുക. അവയും അതേരീതിയിൽ പ്രതികരിക്കുന്നതു കാണാം.