മഡോണ സോണ്‍!
ഹരിപ്രസാദ്
Sunday, May 18, 2025 12:54 AM IST
പോപ് മ്യൂസിക്കിനും ഒപ്പം വിവാദങ്ങൾക്കും മറുവാക്കാണ് മഡോണ എന്ന പേര്. ജീവിതവും സംഗീതവും ജീവിതകാലത്തുതന്നെ പഠനവിഷയമാകുന്ന കൗതുകം കണ്ടയാൾ. ക്വീൻ ഓഫ് പോപ് എന്ന വിശേഷണത്തിന് മറ്റാരാണ് അർഹയാകുക! ഇതാ, മഡോണ ബയോപിക് വരുന്നു -നെറ്റ്ഫ്ളിക്സിൽ...
അമേരിക്കൻ ഗായിക മഡോണയുടെ സംഗീത, വ്യക്തിജീവിതങ്ങളെക്കുറിച്ചുള്ള പഠനശാഖയാണ് മഡോണ സ്റ്റഡീസ്. മഡോണോളജിയെന്നും മഡോണ സ്കോളർഷിപ് എന്നും മഡോണ ഫിനോമെനൻ എന്നുമെല്ലാം ഇതിനെ വിളിക്കാറുണ്ട്. സാംസ്കാരിക, മാധ്യമ പഠനങ്ങൾ അടങ്ങുന്ന ബഹുമുഖ സമീപനമാണ് ഇതിനുള്ളത്. ഒരു ഗായികയെക്കുറിച്ച് എന്താണിത്ര ഗൗരവമായി പഠിക്കാനെന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളൂ- മഡോണയെപ്പോലെ മറ്റൊരാളില്ല! (ടെയ്ലർ സ്വിഫ്റ്റിന്റെ ജീവിതവും പിന്നീട് ഇത്തരത്തിൽ പഠനവിഷയമാകുന്നുണ്ട്).
1958ൽ മിഷിഗണിൽ ജനിച്ച് നർത്തകിയാവാൻ ഇരുപതാം വയസിൽ ന്യൂയോർക്കിലെത്തി സൂപ്പർ താരമായി മാറിയ കഥയാണ് മഡോണയുടേത്. റോക്ക് ബാൻഡുകളിൽ ഡ്രമ്മറും ഗിറ്റാറിസ്റ്റും ഗായികയുമെല്ലാമായി പ്രവർത്തിച്ച് സോളോ പെർഫോർമറായി കുതിച്ചുയർന്ന കഥ. ആദ്യ ആൽബം മുതൽ മെഗാ ഹിറ്റുകൾ, സിനിമകൾ, റിക്കാർഡ് ലേബൽ, ഫാഷൻ ബ്രാൻഡുകൾ, പുസ്തകങ്ങൾ, ഹെൽത്ത് ക്ലബ്ബുകൾ... രണ്ടു നൂറ്റാണ്ടു കാലങ്ങളിൽ തിളങ്ങിയ സ്റ്റാർഡം... തൊട്ടതെല്ലാം പൊന്നാക്കിയെന്ന വിശേഷണത്തിന്റെ ജീവിക്കുന്ന ഉദാഹരണം.
നെറ്റ്ഫ്ളിക്സിൽ
മഡോണയെക്കുറിച്ചുള്ള ബയോപിക് വരുന്നുവെന്ന വാർത്തകൾ കേട്ടു തുടങ്ങിയിട്ട് ഒരുപാടു കാലമായി. ഉൗഹാപോഹങ്ങൾ കണക്കില്ലാതെ പരന്നു. ആര്, എങ്ങനെ, എവിടെ അത്തരമൊരു ജീവിതചിത്രം ഒരുക്കുമെന്ന ചോദ്യങ്ങൾക്കു വലിയ സാംഗത്യമുണ്ടായിരുന്നു. ഒട്ടും എളുപ്പത്തിൽ ചെയ്യാവുന്നതല്ല അതെന്നുറപ്പ്. അവരുടെ ജീവിതത്തിലേതെന്നപോലെ സിനിമയിലും വിവാദങ്ങൾ തീയാകുമെന്നതിലുമില്ല ലവലേശം സംശയം.
ഇപ്പോൾ പുറത്തുവന്ന വാർത്തകളനുസരിച്ച് മഡോണയുടെ കഥപറയുന്ന ടിവി സീരീസ് ഉറപ്പായി. സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ളിക്സിലാവും ഇതു വരിക. ഡെഡ്പൂൾ ആൻഡ് വോൾവെറിൻ സംവിധായകൻ ഷോണ്‍ ലെവി ആയിരിക്കും പ്രോജക്ടിന്റെ അമരക്കാരൻ. ഇരുവരും തമ്മിൽ നടന്ന നീണ്ട നാളുകളുടെ ചർച്ചകൾക്കൊടുവിലാണ് തീരുമാനമെന്ന് വാർത്തകളിൽ പറയുന്നു.
ആരാവും മഡോണ?
ഫ്ളോറൻസ് പഫ്, അലെക്സ ഡെമി, ഒഡേസ യങ്... മഡോണയായി സ്ക്രീനിലെത്തുമെന്നു കരുതിയ നടിമാരുടെ നിര നീണ്ടതാണ്. എമ്മി പുരസ്കാരം മൂന്നുതവണ നേടിയ ജൂലിയ ഗാർണറാകും മിക്കവാറും മഡോണയാകുക എന്നതാണ് ഒടുവിലത്തെ വിവരം. എന്നാൽ, അവരുടെ തിരക്കുകൾക്കിടയിൽ സമയം കിട്ടിയാൽ മാത്രമേ അഭിനയിക്കാനെത്തൂ എന്നും പറയുന്നു.
ബയോപിക് എങ്ങനെ യാഥാർഥ്യമായാലും ഏതാനും വർഷങ്ങൾക്കുമുന്‍പ് മഡോണ പറഞ്ഞ വാചകങ്ങൾ ഓർമിക്കപ്പെടും- ഒരു ഗായിക, നർത്തകി, കലാകാരി എന്നീ നിലകളിൽ ജീവിതം എന്നെ നടത്തിയ അതിശയകരമായ വഴികളെക്കുറിച്ച് എനിക്കു പറയണമെന്നുണ്ട്. ഒരു സാധാരണ മനുഷ്യൻ ഈ ലോകത്ത് അവളുടെ വഴി കണ്ടെത്തിയ കഥ കൂടിയാണത്.
മഡോണയുടെ കഥ യൂണിവേഴ്സൽ പിക്ചേഴ്സ് ഫീച്ചർ ഫിലിമായി പുറത്തിറക്കുമെന്നും അവർതന്നെ അതു സംവിധാനംചെയ്യുമെന്നും മുന്‍പു സൂചനകളുണ്ടായിരുന്നു. എന്നാൽ, രണ്ടുവർഷംമുന്പ് ഈ പ്രോജക്ട് അനിശ്ചിതത്വത്തിലായി. കഴിഞ്ഞ നവംബറിലാണ് ടെലിവിഷൻ പരന്പരയായി ചിത്രം എത്തുമെന്നു മഡോണ ഫാൻസിനു സൂചന നൽകിയത്. ഇരുപതു ദശലക്ഷം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇതു സംബന്ധിച്ച് ആരാധകരുടെ വലിയ ചർച്ചകളും നടന്നു.
ഏകാകിയായ പെണ്‍കുട്ടി
അഞ്ചാം വയസിൽ അമ്മ മരിച്ച മഡോണ വിചിത്രമായ ചിന്തകളും പ്രവൃത്തികളുമായി ഏതാണ്ട് ഒറ്റപ്പെട്ട ജീവിതമാണ് കൗമാരത്തിൽ നയിച്ചത്. തന്നിഷ്ടങ്ങൾ മൂലം പ്രശ്നങ്ങളും വിവാദങ്ങളും അന്നുമുതൽക്കേ കൂട്ടുണ്ട്. എന്തിനോ വേണ്ടി അലഞ്ഞിരുന്ന ഏകാകിയായ പെണ്കുട്ടിയെന്നു മഡോണ സ്വയം ഓർമിച്ചിട്ടുണ്ട്. ഒരർഥത്തിൽ പ്രശ്നക്കാരി. എന്നാൽ, നന്നായി പഠിച്ചു. ആരെങ്കിലും ആയിത്തീരണമെന്ന് ആ പെണ്‍കുട്ടി തീവ്രമായി ആഗ്രഹിച്ചു.
ക്ലാസിക്കൽ പിയാനോ പഠിച്ചുതുടങ്ങി ബാലേയിലേക്കു മാറി നൃത്തത്തിൽ മനസുറപ്പിച്ചു. മിഷിഗണിൽനിന്നു ന്യൂയോർക്കിൽ എത്തുന്പോൾ വെറും 35 ഡോളറാണ് തന്റെ കൈവശമുണ്ടായിരുന്നതെന്ന് മഡോണ ഓർമിച്ചിട്ടുണ്ട്, താൻ എടുത്ത ഏറ്റവും ധീരമായ തീരുമാനമായിരുന്ന ആ പറിച്ചുനടലെന്നും. പിന്നീടുള്ള പതിറ്റാണ്ടുകൾ സംഗീതചരിത്രത്തിൽ രേഖപ്പെടുത്തിയവയാണ്.
വിവിധങ്ങളായ വിജയപാതകളിലൂടെ, നിലപാടുകളിൽ ഉറച്ച് മഡോണയുടെ ജീവിതം ഒഴുകി. നിഴൽപോലെ വിവാദങ്ങളും വൈചിത്ര്യങ്ങളും ഒപ്പംകൂടി- യാതൊന്നും അവരെ തൊടുകപോലും ചെയ്തില്ല. അവർ ഒരു ക്ലാസിക് സിംബൽ ആയി തുടർന്നു. സംഗീതത്തിലെ ഗ്രേറ്റസ്റ്റ് വുമണ്‍ എന്നു വിശേഷിപ്പിക്കപ്പെട്ടു- ലോകം മുഴുവനുമറിഞ്ഞു.
ആ ജീവിതവും സംഗീതവും ഏതു രൂപത്തിൽ സ്ക്രീനിലെത്തിയാലും അവരെക്കുറിച്ചു പഠിക്കുന്നവർക്കു വലിയ സമ്മാനമാകുമെന്നുറപ്പ്.