International
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 800 കടന്നു. 2500 ലധികം പേരെ ഇപ്പോഴും കാണാനില്ല. ഇവർക്കായി തിരച്ചിൽ തുടരുന്നു. രക്ഷപ്പെടുത്തിയവരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 32 പേർക്ക് പരിക്കേറ്റുവെന്ന് നേപ്പാൾ പോലീസ് അറിയിച്ചു.
തമിഴ്നാട്ടിൽ നിന്ന് പോയ 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കാണാതായ മലയാളികളെ കുറിച്ചും പുതിയ സൂചനയൊന്നുമില്ല. പൊന്നാനി സ്വദേശികളായ നാലു പേർക്കായി ടിബറ്റിനോട് ചേർന്ന് കിടക്കുന്ന ചില മേഖലകളിൽ തിരച്ചിൽ നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. തങ്ങളുടെ 85 പൗരൻമാരെ കണ്ടെത്താനുണ്ടെന്ന് അമേരിക്ക അറിയിച്ചു. ഒൻപത് പേരെയാണ് ഇതുവരെ രക്ഷിച്ചതെന്നും യുഎസ് വ്യക്തമാക്കി.
ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ തിരച്ചിൽ തുടരുകയാണ്. നൂറിലധികം തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കേന്ദ്രങ്ങൾ വഴി സ്ഥിതിഗതികൾ വിലയിരുത്തിവരുന്നു.
International
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ 688 പേരുടെ മരണം സ്ഥിരീകരിച്ചു. കാണാതായ ഇന്ത്യക്കാരിൽ ഇതുവരെ 108 പേരെ രക്ഷിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിക്കിടന്ന 598 പേർ സുരക്ഷിതമായി നേപ്പാൾ അതിർത്തി കടന്നു.
ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി. ഒരു ബെയ്ലി പാലത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് പാലങ്ങൾക്ക് കൂടിയുള്ള ഉപകരണങ്ങൾ ഉടൻ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
കൂടുതൽ ഡോക്ടർമാരെയും ഇന്ത്യ നിയോഗിക്കും. നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. ഇനിയും കണ്ടെത്താനുള്ള ഏഴ് മലയാളികളെ കുറിച്ചു വിവരങ്ങളില്ല.
International
കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശം വിതച്ച പ്രളയത്തിന് കാരണം ഭൂചലനമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS). ബുധനാഴ്ച രാവിലെ പ്രളയത്തിന് മുമ്പായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നും ശക്തമായ ഉരുൾപൊട്ടൽ മൂലമാണ് ഇത്തരത്തിൽ പ്രകമ്പനം ഉണ്ടായതെന്നുമാണ് യുഎസ്ജിഎസ് വ്യക്തമാക്കുന്നത്.
പ്രാദേശിക സമയം രാവിലെ 8.37നാണ് കാഠ്മണ്ഡുവിന് വടക്ക് നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി യുഎസ്ജിഎസ് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഏകദേശം ഇതേ സമയത്തുതന്നെ ചൈനയിൽനിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് മലഞ്ചെരിവിൽ നിന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടായി.
ഇതാണ് പ്രളയത്തിന് കാരണമെന്നാണ് യുഎസ്ജിഎസ് റിപ്പോർട്ടിൽ പറയുന്നത്. 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ ആഘാതം സൃഷ്ടിച്ച വൻ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടികൾ നടക്കുന്നുണ്ട്.
International
ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിലെ ശാന്തിയും സമാധാനവും നിലനിർത്തുന്നത് ഉൾപ്പെടെ എട്ട് പ്രധാന കാര്യങ്ങളിൽ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കാൻ തയാറെടുക്കുന്നതിനിടെ നടന്ന ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായകമാകും. പ്രത്യേകിച്ച്, അതിർത്തി പുനർനിർണയത്തിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.
യഥാർഥ നിയന്ത്രണ രേഖയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ രണ്ട് രാജ്യങ്ങളും പ്രത്യേക വഴികൾ തേടും. സേനാ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകൾക്കായി രണ്ട് സ്ഥലങ്ങളിൽക്കൂടി സൗകര്യം ഒരുക്കാനും കിഴക്കൻ, മധ്യ മേഖലകളിൽ ഓരോ ഹോട്ട്ലൈൻ കൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിർത്തിയിലെ പരസ്പര സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരം കൂട്ടാനും, കൈലാസ് മാനസരോവർ യാത്രയ്ക്ക് കൂടുതൽ തീർഥാടകരെ അനുവദിക്കാനും ചർച്ചയിൽ ധാരണയായി.
ഇരുരാജ്യങ്ങൾക്കും ഇടയിലുണ്ടാകുന്ന ഏത് തർക്കവും നിലവിലെ നയതന്ത്ര, സൈനിക തല സംവിധാനങ്ങൾ വഴി സമാധാനപരമായി പരിഹരിക്കും. അതിർത്തി കടന്നൊഴുകുന്ന നദികളുടെയും ഡാമുകളുടെയും ഡേറ്റ പരസ്പരം കൈമാറുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അടുത്ത മാസം വിദഗ്ധ സമിതി യോഗം ചേരും. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ഈ ഉന്നതതല സംവിധാനത്തിന്റെ അടുത്ത വർഷത്തെ യോഗം ഇന്ത്യയിൽ നടത്താനും അജിത് ഡോവലും വാങ് യീയും ധാരണയിലെത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും സഹായത്തിനായി നോർക്ക റൂട്ട്സിന്റെ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
സഹായത്തിനായി നോർക്കയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലോ അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയം തുറന്നിട്ടുള്ള 0086 139 8999 0012, 0086 185 1428 4905 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
International
കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോഷി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. അപകടത്തിൽ 250 ത്തോളം ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
അപകടത്തിൽ ഇതുവരെ അറനൂറിലധികം വിനോദസഞ്ചാരികളെ കാണാതായതായി നേപ്പാൾ സർക്കാർ സ്ഥിരീകരിക്കുന്നു. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല.
പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണമായി തകർന്നു. മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 384 വിനോദസഞ്ചാരികളെയാണ് കാണാതായത്. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേതുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാൾ ഭരണകൂടം പറയുന്നത്.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവും പിതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുജ്തബ അധികാരം ഏറ്റെടുത്തത്.
എന്നാൽ പദവിയിലെത്തിയ ശേഷം കഴിഞ്ഞ ആറ് മാസമായി ഒരിക്കൽ പോലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ ചിത്രങ്ങൾ പുറത്തുവരുകയോ ചെയ്യാത്തത് അദ്ദേഹം മരിച്ചുവെന്ന തരത്തിലുള്ള ശക്തമായ ഊഹാപോഹങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ പുതിയ പ്രതികരണം പുറത്തുവരുന്നത്.
പ്രശസ്ത റേഡിയോ അവതാരകൻ ഗ്ലെൻ ബെക്കുമായി നടത്തിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് നിർണയക വിവരം പങ്കുവച്ചത്. ‘‘അദ്ദേഹം മരണപ്പെട്ടുവെന്ന് ഞാൻ കരുതുന്നില്ല. ആക്രമണത്തിൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാൽ എന്നിവയ്ക്കെല്ലാം മാരകമായ പരിക്കേറ്റിട്ടുണ്ട്. എങ്കിലും അദ്ദേഹം മരിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്’’ ട്രംപ് പറഞ്ഞു. ഒരുപക്ഷേ ഇറാന്റെ പരമോന്നത നേതാവ് ജീവനോടെയില്ലെങ്കിൽ, അത് മറച്ചുവയ്ക്കാൻ ഇറാൻ ഭരണകൂടം ലോകത്തിനു മുന്നിൽ വലിയൊരു നാടകം തന്നെയാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
International
ഇസ്ലാമാബാദ്: ∙ ഇസ്ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ വെന്തുമരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം അരങ്ങേറിയത്. പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെ മദർ ആൻഡ് ചൈൽഡ് വാർഡിലാണ് അഗ്നിബാധയുണ്ടായത്. വാർഡിലുണ്ടായിരുന്ന 15 കുഞ്ഞുങ്ങളിൽ ഒരാളെ മാത്രമാണ് അത്ഭുതകരമായി രക്ഷിക്കാൻ കഴിഞ്ഞത്.
ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള എയർ കണ്ടീഷണറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് വൻ തീപിടിത്തത്തിനു കാരണമായത്. തീ പടർന്നതോടെ വാർഡാകെ കറുത്ത പുകകൊണ്ട് മൂടുകയും കുഞ്ഞുങ്ങൾ ഉള്ളിൽ കുടുങ്ങുകയുമായിരുന്നു. ദിവസങ്ങൾക്ക് മുൻപ് മാത്രം പ്രസവിച്ച സ്വന്തം കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചാണ് പല അമ്മമാരും താഴേക്ക് ഓടിയത്. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ കിടന്നിരുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആർക്കും സാധിച്ചില്ല.
അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് രക്ഷാപ്രവർത്തകരും പോലീസും എത്തിയതെന്ന് മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആരോപിച്ചു. പ്രസവ വാർഡിന്റെ പ്രധാന വാതിലുകൾ അധികൃതർ പൂട്ടിയിട്ടിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതെന്ന് ജവേരിയ എന്ന അമ്മ കുറ്റപ്പെടുത്തി. ഡോക്ടർമാരും ജീവനക്കാരും കുഞ്ഞുങ്ങളെ അവിടെയിട്ട് ഓടിരക്ഷപ്പെട്ടു. നാല് മണിക്കൂർ കഴിഞ്ഞാണ് പോലീസ് അന്വേഷിക്കാൻ വന്നത്. ഒരു കുഞ്ഞിനെപ്പോലും രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ലെന്നും ജവേരിയ പറഞ്ഞു.
International
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ മരണം 157 ആയി ഉയർന്നു. 750-ഓളം പേരെ കാണാതായിട്ടുണ്ട്. ഇതിൽ 133 ഇന്ത്യക്കാരുമുണ്ട്. ടിബറ്റൻ അതിർത്തിയിൽനിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നൽപ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളിൽ വൻനാശനഷ്ടമാണ് വിതച്ചത്.
ബുധനാഴ്ച രാവിലെ ഒൻപതോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റിൽനിന്നുള്ള ഭോട്ടെ കോഷി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിൽ വൻനാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നദിയിലൂടെ പ്രളയജലം ഇരച്ചെത്തിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങൾക്കുള്ളിൽ നിലംപൊത്തി. ബസുകളടക്കമുള്ള നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. പ്രാണരക്ഷാർഥം പലരും ഓടിരക്ഷപ്പെട്ടു. പക്ഷേ, മിന്നൽപ്രളയത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി.
മേഖലകളിൽ നേപ്പാൾ സർക്കാരിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, വിദേശികളായ വിനോദസഞ്ചാരികളടക്കം നിരവധിപേർ ഇപ്പോഴും കാണാമറയത്താണ്.
അതേസമയം, പ്രളയദുരന്തം നേപ്പാളിലെ വൈദ്യുതിവിതരണത്തെയും ബാധിച്ചു. വിവിധ ജലവൈദ്യുത പദ്ധതികളടക്കം 430 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പവർസ്റ്റേഷനുകൾ പ്രളയത്തിൽ തകർന്നതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു.
International
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽ 250ലധികം ഇന്ത്യക്കാരെ കാണാതായതായി സൂചന. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. ഹെൽപ്പ്ലൈനിലേക്ക് നിരവധി ആളുകളുടെ ബന്ധുക്കൾ വിളിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ചൈനീസ് ടിബറ്റൻ അതിർത്തിയോട് ചേർന്ന വടക്കൻ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ 95 പേരാണ് മരിച്ചത്. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 384 വിനോദസഞ്ചാരികളെയാണ് കാണാതായത്. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
സൈന്യത്തിന്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാൾ ഭരണകൂടം പറയുന്നത്. രാവിലെ എട്ടരയോടെ റസുവ ജില്ലയിലെ ഭോട്ടെ കോശി നദിയിലാണ് മിന്നൽ പ്രളയം ഉണ്ടായത്.
International
വാഷിംഗ്ടൺ ഡിസി: വിദേശതൊഴിലാളികൾക്ക് യുഎസ് നൽകിവരുന്ന എച്ച്-1ബി വിസാ അപേക്ഷകൾക്ക് 1,03,265 ഡോളർ (ഏകദേശം 98 ലക്ഷം രൂപ) അധിക ഫീസ് ഏർപ്പെടുത്താൻ അമേരിക്കൻ ആഭ്യന്തര സുരക്ഷാവകുപ്പ് നിർദേശം. നിലവിലുള്ള ഫീസുകൾക്ക് പുറമേയാണിത്. യുഎസ് സർവകലാശാലയിൽനിന്ന് മാസ്റ്റേഴ്സ് ബിരുദമോ അതിനുമുകളിലുള്ള യോഗ്യതയോ നേടിയവർക്ക് ലഭിക്കുന്ന ‘അഡ്വാൻസ്ഡ് ഡിഗ്രി എക്സംപ്ഷൻ’ വിഭാഗത്തിലെ അപേക്ഷകൾക്കും അധിക ഫീസ് ബാധകമാകും.
എച്ച്-1ബി വിസയുടെ 70 ശതമാനം ഗുണഭോക്താക്കളും ഇന്ത്യക്കാരാണെന്നിരിക്കേ, ഇന്ത്യൻ പ്രഫഷണലുകളെ കാര്യമായി ബാധിക്കുന്നതാണ് ഈ തീരുമാനം. ഐടി പ്രഫഷണലുകൾ ഉൾപ്പെടെ വൈദഗ്ധ്യമുള്ള വിദേശതൊഴിലാളികൾക്ക് യുഎസ് നൽകിവരുന്ന വിസയാണ് എച്ച്-1ബി വിസാ.
എച്ച്-1ബി അപേക്ഷകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ പരിശോധന, ഫെഡറൽ ഏജൻസികളുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന ചെലവ് തിരിച്ചുപിടിക്കാനാണ് ഫീസ് ഏർപ്പെടുത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിലൂടെ പ്രതിവർഷം ഏകദേശം 880 കോടി ഡോളർ വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്. നിർദേശം സംബന്ധിച്ച് ജനങ്ങളിൽനിന്ന് 30 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഇതുപരിശോധിച്ച ശേഷമാകും അന്തിമതീരുമാനം.
കഴിഞ്ഞവർഷം എച്ച്-1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർഫീസ് ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം പിന്നീട് കോടതി ഇടപെടലിനെത്തുടർന്ന് മരവിപ്പിച്ചിരുന്നു.
International
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് യുഎസ് ഏർപ്പെടുത്തുന്ന പുതിയ താരിഫുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ ആവശ്യപ്പെടുന്നത് നൽകാൻ തയാറല്ലെന്നും മാർക്ക് കാർണി പറഞ്ഞു. കാനഡയിലെ തൊഴിലാളികൾ, കർഷകർ, കുടുംബങ്ങൾ, ബിസിനസുകൾ എന്നിവരെ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ തൊഴിലാളികളെയും കർഷകരെയും കുടുംബങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിനായി യുഎസിന്റെ പുതിയ താരിഫുകൾക്ക് ഡോളറിന് ഡോളർ എന്ന കണക്കിൽ കാനഡ മറുപടി നൽകും. കാനഡയുടെ താരിഫ് നടപടികളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകി വാഷിംഗ്ടണും ഓട്ടവയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഈ സംഭവവികാസങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെ ഏകദേശം 28 ബില്യൺ ഡോളർ വിലമതിക്കുന്ന കനേഡിയൻ ഇറക്കുമതിക്ക് മേൽ അമേരിക്ക 50 ശതമാനം താരിഫ് ചുമത്തി.
കാനഡയുടെ തീരുമാനത്തെ യുണൈറ്റഡ് യുഎസ് റെപ്രസെന്റേറ്റീവ് വിമർശിച്ചു. കാനഡ അവസരം നഷ്ടപ്പെടുത്തിയെന്ന് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചർച്ചകൾക്കിടെ കാനഡ ഉറപ്പുകളിൽനിന്ന് പിന്മാറുകയും പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
International
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനം അനിശ്ചിതത്വത്തിൽ. അദ്ദേഹം ഈയാഴ്ച വരുമെന്നു കേട്ടിരുന്നെങ്കിലും ഇതുവരെ ഇരുഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പൊന്നുമില്ല. ഇന്ത്യ ഷെയ്ക്ക് ഹസീനയ്ക്ക് അഭയം നല്കിയ വിഷയമാണ് തടസമെന്നാണ് സൂചന.
ഷെയ്ക്ക് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽനിന്ന് അനുകൂല പ്രതികരണമില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെയും ഇത് ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ രണ്ടു ക്ഷണക്കത്തിനും കാര്യമായ പ്രതികരണം ബംഗ്ലാദേശ് പക്ഷത്തുനിന്നില്ല.
International
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ വ്യോമാക്രമണം. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിൽ മ്യാൻമർ സൈന്യമാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെ മ്യാംഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് യുദ്ധവിമാനം ബോംബെറിയുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വക്താവ് നവേ ഓ വ്യക്തമാക്കി. 15 മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ബോംബുകളാണ് വിമാനം വർഷിച്ചതെന്ന് പ്രദേശവാസി വെളിപ്പെടുത്തി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച ശേഷം ഗ്രാമീണർ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. മ്യാൻമർ സൈന്യം വീടുകൾ, സ്കൂളുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവ ലക്ഷ്യമിട്ട് ബോധപൂർവം വ്യോമാക്രമണങ്ങളും പീഡനങ്ങളും നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി നിയമിച്ച അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഐഐഎംഎം ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. വ്യോമാക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആക്രമണങ്ങൾക്കുള്ള ഉത്തരവുകൾ നൽകുന്ന സൈനിക കമാൻഡ് ഘടനയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സമിതി തലവൻ നിക്കോളാസ് കൂംജിയൻ പറഞ്ഞു. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളുടെ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ നരേന്ദ്ര മോദി ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. മന്ത്രിസഭ പുനഃസംഘടന അടുത്ത മാസം ഉണ്ടായേക്കുമെന്നാണ് സൂചന. മുപ്പതിലധികം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വന്നേക്കും. പത്തിനടുത്ത് മന്ത്രിമാർക്ക് രാജിവയ്ക്കാനുള്ള നിർദേശം നൽകാനും സാധ്യതയുണ്ട്.
സൗജന്യ ഓൺലൈൻ കോച്ചിംഗ് പദ്ധതിക്കുള്ള കരട് നിർദേശങ്ങൾ തയാറാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ഗാന്ധി ജയന്തി മുതൽ ഇത് നടപ്പാക്കാനാണ് ആലോചന. അതേസമയം, ബിജെപി പാർലമെന്ററി ബോർഡ് രൂപീകരണം വൈകുകയാണ്. മുഖ്യമന്ത്രിമാരെ ബോർഡിലേക്ക് കൊണ്ടു വരുന്നതിൽ ഇനിയും തീരുമാനമായില്ലെന്നാണ് വിവരം.
Kerala
കൊച്ചി: സൈലന്റ്വാലി വനത്തിലെ കുന്തിപ്പുഴയിൽനിന്ന് പുതിയ സസ്യത്തെ കണ്ടെത്തി. ചേനയും ചേമ്പുമൊക്കെ ഉൾപ്പെടുന്ന ‘അരീസി’ കുടുംബത്തിലുൾപ്പെടുന്നതാണ് പുതിയ സസ്യം. തേവര സേക്രഡ്ഹാർട്ട് കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനായിരുന്ന റിട്ട. പ്രഫസർ ഡോ. വി.ജെ. ഡൊമിനിക്ക് നൽകിയിട്ടുള്ള ശാസ്ത്രസംഭാവനകളും പരിസ്ഥിതിസംരക്ഷണ മാതൃകകളും പരിഗണിച്ച് ആദരസൂചകമായി ലാഗനാന്ദ്ര ഡോമിനിസി എന്ന ശാസ്ത്രനാമം സസ്യത്തിനു നൽകി.
ഇതുകൂടാതെ കിണർവാഴ, കരിമ്പോള എന്നിങ്ങനെ വിളിപ്പേരുകളുള്ള ലാഗനാന്ദ്ര ജനുസിൽപ്പെടുന്ന ഒന്പതിനങ്ങൾ ഇന്ത്യയിലുണ്ട്. ഇവയിൽ എല്ലാംതന്നെ ഔഷധഗുണമുള്ളവയും അലങ്കാരസസ്യമായി ഉപയോഗിക്കാൻ കഴിയുന്നവയുമാണ്. പൂങ്കുലയുടെ അഗ്രഭാഗത്തു നീളമുള്ള വാലില്ല എന്നതും കോണാകൃതിയിലുള്ള ഗന്ധവാഹിനികളും ഈ പുതിയ സസ്യത്തെ മറ്റിനങ്ങളിൽനിന്നു വേറിട്ടതാക്കുന്നു. ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ. ജോസ് മാത്യു, ഗവേഷക ജെ. ശരണ്യ, കൽപ്പറ്റയിലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടഷനിലെ സലീം പിച്ചൻ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തലിനു പിന്നിൽ.
സ്പീഷിസ് എന്ന അന്താരാഷ്ട്ര ജേർണലിൽ കണ്ടെത്തൽ പ്രബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ നടത്തിയ കേരളത്തിലെ കിഴങ്ങുവർഗ സസ്യങ്ങളുടെ രേഖപ്പെടുത്തൽ എന്ന ഗവേഷണ പ്രോജക്ടിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തൽ. ജലശുദ്ധീകരണത്തിലും അക്വേറിയം ചിട്ടപ്പെടുത്തുന്നതിലുമടക്കം ലാഗനാന്ദ്ര സസ്യങ്ങളെ ഉപയോഗിക്കാനാകും.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കടലിടുക്കിൽ സ്ഥാപിക്കപ്പെട്ടിരുന്ന മൈനുകൾ നീക്കംചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപിന്റെ അനുയായിയായ ജാരദ് കുഷ്നർ നേരത്തെ പറഞ്ഞിരുന്നു. കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും യുഎസ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ അംഗീകരിക്കാൻ അവർ തയാറാകുന്നില്ലെന്നും ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും കുഷ്നർ പറഞ്ഞിരുന്നു.
അതേസമയം, ജൂൺ മാസത്തിൽ ഒപ്പുവെക്കപ്പെട്ട ഇടക്കാല കരാറിലെ ഇറാന്റെ നിബന്ധനകൾ അമേരിക്ക അംഗീകരിക്കുംവരെ ഹോർമുസ് അടഞ്ഞുകിടക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇറാൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം നീക്കുക, ഇറാന്റെ എണ്ണയ്ക്കു മേലുള്ള ഉപരോധം പിൻവലിക്കുക, ഇറാന്റെ ആസ്തികൾ മരവിപ്പിച്ച നടപടി പിൻവലിക്കുക തുടങ്ങിയവയാണ് നിബന്ധനകൾ. ഇവ അംഗീകരിക്കാത്തിടത്തോളം ഹോർമുസ് അടഞ്ഞുകിടിക്കുമെന്ന് ഇറാനുവേണ്ടി മധ്യസ്ഥ ചർച്ചകൾ നടത്തുന്ന ഉന്നതൻ മൊഹമ്മദ് ബാഘർ ഖലിബാഫ് ഇറാന്റെ ഔദ്യോഗിക മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.
National
ചാമരാജനഗർ: കര്ണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഹനുരുവില് വനപാലകരുടെ വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പ്രദേശവാസികളും റോഡ് ഉപരോധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സംഭവത്തില് വനപാലകർക്കെതിരേ കേസെടുത്തതായി അധികൃതര് അറിയിച്ചു. തുടർന്നാണ് മൈസൂരുവിലെ കെ.ആര്. ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്മോര്ട്ടം നടപടികള് ആരംഭിച്ചത്. സംഘർഷസാധ്യതയെത്തുടർന്ന് ചാമരാജനഗർ, മൈസൂരു എന്നിവിടങ്ങളില് കനത്ത പോലീസ് കാവല് ഏര്പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ടവർ തമിഴ്നാട്ടുകാരണെന്നും സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ കർണാടക സർക്കാരിൽനിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം വാങ്ങി നൽണമെന്ന് പട്ടാളി മക്കൾ കക്ഷി ആവശ്യപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് മൂന്നുപേർ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ടത്.
International
ടെഹ്റാൻ: യുഎസ് സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ (ഏകദേശം 28 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ സൈന്യം. വനിതകളാണ് ഈ ദൗത്യം നിർവഹിക്കുന്നതെങ്കിൽ ഇരട്ടി പാരിതോഷികം നൽകുമെന്നും ഇറാൻ അറിയിച്ചു.
ഇറാൻ സൈനികത്തലവൻ അമീർ ഹാതമിയെ ഉദ്ധരിച്ച് ‘ഇർന’ വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. സാമ്പത്തിക സഹായ പദ്ധതിയിൽ പങ്കാളികളാകാൻ ഒട്ടേറെപ്പേർ അഭ്യർഥിച്ചതിനെത്തുടർന്നാണ് ഈ നീക്കമെന്ന് അമീർ പറഞ്ഞു. നിലവിൽ യുഎസ് ഇറാനിൽ കരയുദ്ധം നടത്തുന്നില്ല. ഏപ്രിലിൽ യുഎസിന്റെ ഒരു വിമാനം ഇറാനിൽ തകർന്നുവീണപ്പോൾ, രക്ഷാപ്രവർത്തനത്തിനുമാത്രമാണ് യുഎസ് ഇറാൻ മണ്ണിൽ നേരിട്ടിറങ്ങിയത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് യുഎസിന്റെ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതിനു പിന്നാലെ തുടങ്ങിയ യുദ്ധം പശ്ചിമേഷ്യയെ പ്രക്ഷുബ്ധമാക്കാൻ തുടങ്ങിയിട്ട് ആറുമാസത്തോളമാകുന്നു. ഇതിനിടെ, പലതവണ വെടിനിർത്താനും യുദ്ധം അവസാനിപ്പിക്കാനും ശ്രമം നടന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. കരയുദ്ധം തുടങ്ങിയില്ലെങ്കിലും ഇറാനിൽ യുഎസ് ഇടവിട്ട് വ്യോമാക്രമണം നടത്തിവരുന്നു. യുദ്ധം തുടർന്നാൽ കരയുദ്ധം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലതവണ ഭീഷണി മുഴക്കിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: മെറ്റയ്ക്കെതിരായ നിയമയുദ്ധത്തിന് തുടക്കം. മെറ്റയ്ക്കെതിരെ യുഎസ് സംസ്ഥാനങ്ങളുടെ ഹർജികളിലാണ് ഫെഡറൽ കോടതിയിൽ നടപടികൾ ആരംഭിച്ചത്. കുട്ടികളെ മനപ്പൂർവം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അടിമപ്പെടുത്താൻ ഫീച്ചറുകൾ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചത്.
മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഇൻസ്റ്റഗ്രാം മേധാവി ആഡം മൊസേരിയും കോടതിയിൽ ഹാജരാകും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് അടക്കം സമൂഹമാധ്യമങ്ങളുടെ നിലനിൽപ്പുകൂടി ഇന്ന് തുടക്കമാകുന്ന നിയമപോരാട്ടത്തിൽ തീരുമാനമാകും. സാൻഫ്രാൻസിസ്കോയ്ക്ക് അടുത്തുള്ള ഫെഡറൽ കോടതിയിൽ ഇത് സംബന്ധിച്ച് നിയമനടപടികൾ നടക്കുന്നത്.
കാലിഫോർണിയ, കൊളറാഡോ, കെന്റക്കി, ന്യൂജഴ്സി തുടങ്ങിയ യുഎസ് സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാരാണ് മെറ്റയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ആകെ 29 സംസ്ഥാനങ്ങളാണ് കേസിൽ കക്ഷിചേർന്നിരിക്കുന്നത്.
കൂടുതൽ സമയം കുട്ടികളെ പ്ലാറ്റ്ഫോമുകളിൽ പിടിച്ചുനിർത്താൻ ഫീച്ചറുകൾ മെറ്റ ബോധപൂർവം ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇവ കുട്ടികൾക്ക് ദോഷകരമാകുമെന്ന് അറിയാമായിരുന്നിട്ടും അത് അവഗണിച്ചു കുട്ടികളെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും പിടിച്ചിരുത്താൻ ഫീച്ചറുകൾ ദുരുപയോഗം ചെയ്തെന്നാണ് സംസ്ഥാനങ്ങൾ കോടതിയിൽ വാദം ഉന്നയിച്ചിരിക്കുന്നത്. കേസിൽ ഇന്നലെ ജൂറി തെരഞ്ഞെടുപ്പ് നടന്നു. വിചാരണ ഓഗസ്റ്റ് 18ന് ആരംഭിക്കും.
സോഷ്യൽ മീഡിയ ആസക്തി വർധിപ്പിക്കാൻ ആൽഗൊരിതം, ഫീച്ചർ ഡിസൈനുകളിൽ കമ്പനി മനപ്പൂർവം ഇടപെടലുകൾ നടത്തിയെന്ന ഹർജികളെ തുടർന്നായതിനാൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ലഭിക്കുന്ന നിയമപരിരക്ഷ പുനർവിചിന്തനം ചെയ്യപ്പെട്ടേക്കാം. അതേസമയം യുവാക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചെയ്ത നടപടികളുടെ തെളിവുകൾ പക്കലുണ്ടെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മെറ്റ പറയുന്നു. കേസിൽ പരാജയപ്പെട്ടാൽ നഷ്ടപരിഹാരം 1.4 ട്രില്യൺ ഡോളർ വരെ ഉയരാമെന്നാണ് മെറ്റയുടെ കണക്കുകൂട്ടൽ. ഇത് കമ്പനിയുടെ വിപണി മൂല്യത്തിന് തുല്യമാണ്.
National
ന്യൂഡൽഹി: ഇന്ത്യയിൽ അഭയം പ്രാപിച്ച ഷെയ്ക് ഹസീനയെ കൈമാറണമെന്ന് ആവശ്യമുന്നയിച്ച് ബംഗ്ലാദേശ്. ഇതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ഹസീന ഇന്ത്യയിൽ തുടരവേയാണ് ബംഗ്ലാദേശ് വീണ്ടും ആവശ്യമുന്നയിച്ചത്.
ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് ത്രിവേദിയുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന നടത്തിയ പത്രസമ്മേളനത്തിൽ താരിഖ് റഹ്മാന്റെ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിരുന്നു. ഹസീനയുടെ പ്രസ്താവനയിൽ ബംഗ്ലാദേശ് സർക്കാർ ശക്തമായ അമർഷവും പ്രതിഷേധവും അറിയിച്ചിരുന്നു.
എന്നാൽ പരിപാടിയിൽ ഭാരത സർക്കാരിന് യാതൊരു പങ്കുമില്ലെന്നും ബംഗ്ലാദേശ് സർക്കാരിനെതിരെ ഉയർന്ന അഭിപ്രായങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി താരീഖ് റഹ്മാൻ പറഞ്ഞു.
അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി താരീഖ് റഹ്മാന് ഇന്ത്യയുടെ ക്ഷണമുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ നൽകിയ ഉറപ്പുകളിൽ ആശ്വാസമുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
International
ബീജിംഗ്: വിക്ഷേപിച്ച് 90 സെക്കൻഡിനുള്ളിൽ ചൈനയുടെ റോക്കറ്റ് പൊട്ടിത്തെറിച്ചു. ലോംഗ് മാർച്ച് 7എ റോക്കറ്റാണ് വിക്ഷേപിച്ച് 85 സെക്കൻഡ് തികയും മുമ്പേ ആകാശത്ത് പൊട്ടിത്തെറിച്ചത്. ഓഗസ്റ്റ് 10ന് ഹൈനാൻ പ്രവിശ്യയിലെ വെൻചാംഗ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 85 സെക്കൻഡിനുള്ളിൽ റോക്കറ്റ് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയുടെ ഫലമായി ആകാശത്ത് വലിയ തീഗോളവും പുകയും അവശിഷ്ടങ്ങളും രൂപപ്പെട്ടു. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് റോക്കറ്റ് തകർന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ചൈന എയറോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷനാണ് റോക്കറ്റ് വിക്ഷേപിച്ചത്. കമ്പനി ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. എന്നാൽ റോക്കറ്റും അതിലുണ്ടായിരുന്ന ഉപഗ്രഹവും പൂർണമായി നഷ്ടപ്പെട്ടിരിക്കാമെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അതിനാൽ ദൗത്യം പൂർണ പരാജയമായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ട്.
2020ൽ അരങ്ങേറ്റം കുറിച്ച ലോംഗ് മാർച്ച് 7എയുടെ 18-ാമത്തെ ദൗത്യമായിരുന്നു ഇത്. ആദ്യ വിക്ഷേപണവും റോക്കറ്റ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. എൻജിനിലുണ്ടായ തകരാറായിരുന്നു അന്നത്തെ അപകടത്തിന് കാരണമെന്ന് ചൈന പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ റോക്കറ്റ് അതിൻരെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ തകർന്നു. സാധാരണയായി വിക്ഷേപണം കഴിഞ്ഞ് ഏകദേശം മൂന്ന് മിനിറ്റിനുള്ളിലാണ് ആദ്യ ഘട്ട വേർപെടൽ നടക്കുന്നത്. എന്നാൽ ഈ ദൗത്യത്തിൽ 85 സെക്കൻഡിനുള്ളിൽ തന്നെ അപകടം സംഭവിച്ചു.
International
കാഠ്മണ്ഡു: ക്രമസമാധാന നില വഷളായതിനെതുടർന്നു നേപ്പാളിലെ മാധേശ് പ്രവിശ്യയുടെ വിവിധഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ഇന്ത്യയോട് അതിർത്തി പങ്കിടുന്ന കോശിയിലെ സുൻസരി ജില്ലയിലുണ്ടായ വർഗീയസംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണു നടപടി. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ മധേഷ് പ്രവിശ്യയിലെ ധനുഷ, സിരഹ എന്നീ ജില്ലകളിലാണ് അധികൃതർ കർഫ്യൂ ഏർപ്പെടുത്തിയത്.
സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻതോതിൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച സുൻസരിയിലെ കാപ്തൻഗഞ്ച് മേഖലയിൽ രണ്ട് സമുദായങ്ങളുടെ ആഘോഷങ്ങൾക്കിടയിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അക്രമിസംഘങ്ങളെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവയ്പിനിടെയാണ് ഒരാൾ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥരടക്കം 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ബീഹാറുമായി അതിർത്തി പങ്കിടുന്ന സുൽസരി, ഇന്ത്യ-നേപ്പാൾ വ്യാപാര, ഗതാഗത ഇടനാഴിയിലെ പ്രധാനമേഖലയാണ്.