വാഷിംഗ്ടൺ ഡിസി: വിദേശതൊഴിലാളികൾക്ക് യുഎസ് നൽകിവരുന്ന എച്ച്-1ബി വിസാ അപേക്ഷകൾക്ക് 1,03,265 ഡോളർ (ഏകദേശം 98 ലക്ഷം രൂപ) അധിക ഫീസ് ഏർപ്പെടുത്താൻ അമേരിക്കൻ ആഭ്യന്തര സുരക്ഷാവകുപ്പ് നിർദേശം. നിലവിലുള്ള ഫീസുകൾക്ക് പുറമേയാണിത്. യുഎസ് സർവകലാശാലയിൽനിന്ന് മാസ്റ്റേഴ്സ് ബിരുദമോ അതിനുമുകളിലുള്ള യോഗ്യതയോ നേടിയവർക്ക് ലഭിക്കുന്ന ‘അഡ്വാൻസ്ഡ് ഡിഗ്രി എക്സംപ്ഷൻ’ വിഭാഗത്തിലെ അപേക്ഷകൾക്കും അധിക ഫീസ് ബാധകമാകും.
എച്ച്-1ബി വിസയുടെ 70 ശതമാനം ഗുണഭോക്താക്കളും ഇന്ത്യക്കാരാണെന്നിരിക്കേ, ഇന്ത്യൻ പ്രഫഷണലുകളെ കാര്യമായി ബാധിക്കുന്നതാണ് ഈ തീരുമാനം. ഐടി പ്രഫഷണലുകൾ ഉൾപ്പെടെ വൈദഗ്ധ്യമുള്ള വിദേശതൊഴിലാളികൾക്ക് യുഎസ് നൽകിവരുന്ന വിസയാണ് എച്ച്-1ബി വിസാ.
എച്ച്-1ബി അപേക്ഷകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ പരിശോധന, ഫെഡറൽ ഏജൻസികളുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന ചെലവ് തിരിച്ചുപിടിക്കാനാണ് ഫീസ് ഏർപ്പെടുത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിലൂടെ പ്രതിവർഷം ഏകദേശം 880 കോടി ഡോളർ വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്. നിർദേശം സംബന്ധിച്ച് ജനങ്ങളിൽനിന്ന് 30 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഇതുപരിശോധിച്ച ശേഷമാകും അന്തിമതീരുമാനം.
കഴിഞ്ഞവർഷം എച്ച്-1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർഫീസ് ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം പിന്നീട് കോടതി ഇടപെടലിനെത്തുടർന്ന് മരവിപ്പിച്ചിരുന്നു.
Tags : US Imposes Additional Fees H-1B Visa Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews