International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ ഇറാനിയൻ കപ്പലുകൾ കടലിന്റെ അടിത്തട്ടിലെത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇറാനെതിരെ അതിരൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്.
ഉപരോധം ഭേദിക്കാൻ ഇറാൻ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉപരോധം ലംഘിക്കാൻ മുതിർന്നാൽ മറ്റ് യുദ്ധക്കപ്പലുകൾക്ക് സംഭവിച്ചതുപോലെ ഇറാന്റെ കപ്പലുകളും തകർക്കപ്പെടുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള സമാധാന ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടാകുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. വിട്ടുവീഴ്ചകൾക്ക് തയാറാകാതെ ഇറാൻ ചർച്ചകൾ മനഃപൂർവം നീട്ടിക്കൊണ്ടുപോകുകയാണ്. ഈ സാഹചര്യത്തിൽ ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ പുതുവർഷത്തിന് ശേഷം ഇറാനെതിരെ വീണ്ടും സൈനിക നടപടിയിലേക്ക് നീങ്ങാനുള്ള സാധ്യതയും അമേരിക്കൻ പ്രസിഡന്റ് തള്ളിക്കളഞ്ഞില്ല.
Kerala
തിരുവനന്തപുരം: മുഖകാന്തി വർധിപ്പിക്കുമെന്ന അവകാശവാദവുമായി വില്പനയ്ക്കെത്തുന്ന പല ഫെയർനെസ് ക്രീമുകളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണെന്ന് വ്യക്തമാകുന്നു. മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ചതിനു പിന്നാലെ സർക്കാർ പരിശോധനയും നടപടികളും ശക്തമാക്കുകയാണ്. വ്യാജ സൗന്ദര്യവർധക ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ ചട്ടത്തിൽ ഭേദഗതി കൊണ്ടു വരാൻ സർക്കാർ നീക്കം തുടങ്ങി.
നിരന്തരം പരിശോധന നടത്തി കേസെടുക്കുകയും പിഴ ഉൾപ്പെടെ ഈടാക്കുകയും ചെയ്തിട്ടും നടപടി സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർക്കശ നടപടി സ്വീകരിക്കാനാണ് സർക്കാർ നിർദേശം. വ്യാജ ഉത്പന്നങ്ങൾ ഓണ്‍ലൈൻ വഴി പ്രചരിപ്പിക്കുന്നവർക്കെതിരേയും ക്രിമിനൽ നടപടിയുണ്ടാകും. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരിശോധന നടത്തുന്നവർക്കെതിരേയും നടപടി സ്വീകരിക്കും. ആരോഗ്യത്തിനു ഹാനികരമാകുന്ന പ്രോട്ടീൻ പൗഡറിന്റെ വിൽപന നടത്തുന്നവർക്കെതിരേയും സംസ്ഥാന വ്യാപക പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു
മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ കേസെടുത്ത് പൊലിസ്. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്ന് അരീക്കോട് സിഐ ഹരിദാസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടി ഈ ക്രീം ഉപയോഗിക്കുന്നുണ്ട്. ഓൺലൈൻ വഴിയാണ് ക്രീം വാങ്ങിയത്. പെൺകുട്ടിയിൽനിന്നു ശേഖരിച്ച ക്രീമിന്റെ സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയയ്ക്കുമെന്നും പൊലിസ് അറിയിച്ചു.
വൃക്കരോഗം ബാധിച്ചെന്നു ഗായകൻ സലീം കോടത്തൂർ
മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് താൻ ഗുരുതരമായ വൃക്കരോഗത്തിന് (മെംബ്രനസ് നെഫ്രോപ്പതി) ഇരയായതായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. കാസർഗോഡുള്ള ഒരു സുഹൃത്ത് നിർദേശിച്ചതിനെ തുടർന്നാണ് ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ നിറം വച്ചെങ്കിലും, പിന്നീട് മുഖം മുന്പത്തേക്കാൾ കരിവാളിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആരംഭിക്കുകയുമായിരുന്നുവെന്ന് സലീം കോടത്തൂർ പറഞ്ഞു.
ശരീരത്തിൽ നടത്താത്ത പരിശോധനകളൊന്നും ബാക്കിയുണ്ടായിരുന്നില്ലെന്നും, മാസങ്ങളോളം ചികിത്സ നടത്തിയിട്ടും തുടക്കത്തിൽ രോഗകാരണം പോലും കണ്ടെത്താനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിന്റെ പ്രതിരോധശേഷി പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി.
നിർമിക്കുന്നത് പാക്കിസ്ഥാനിലെന്ന് ലേബൽ
തിരുവനന്തപുരം: മുഖം വെളുപ്പിക്കാനെന്ന പേരിൽ കേരളത്തിലെത്തുന്ന ക്രീമുകളിൽ പലതും നിർമിക്കുന്നത് പാക്കിസ്ഥാനിലെന്ന് ലേബൽ രേഖകൾ. എന്നാൽ ഉപയോഗിക്കുന്നവരെ രോഗികളാക്കുന്ന ഇത്തരം ക്രീമുകൾ പലതും ഇന്ത്യയിലെ പലഭാഗത്തുമാണ് നിർമിച്ചു വിൽപന നടത്തുന്നതെന്നാണു വിവരം.
ഓപ്പറേഷൻ സൗന്ദര്യ എന്ന പേരിൽ കഴിഞ്ഞ നാലു വർഷമായി തുടർച്ചയായി പരിശോധന നടത്തിയിട്ടും ഇത്തരം ക്രീമുകളുടെ വിൽപന പൂർണമായി തടയാൻ കഴിയുന്നില്ലെന്ന ദുരവസ്ഥ ഇവയുടെ ഉപയോഗം സംസ്ഥാനത്താകെ വർധിച്ചതിനു തെളിവായാണ് ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് കരുതുന്നത്.
ഓണ്‍ലൈനിൽ എത്തുന്ന ഇത്തരം ക്രീമുകൾ പിടിച്ചെടുക്കാനും ഏറെ ബുദ്ധിമുട്ടാണ്. സൗന്ദര്യ വർധക വസ്തുക്കൾ വിൽപന നടത്താൻ ലൈസൻസ് ആവശ്യമില്ല.
ഇതു നിർമിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമാണ് ലൈസൻസ് വേണ്ടത്. എന്നാൽ ബ്യൂട്ടി ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും വിൽപന നടത്തുന്ന ഇത്തരം സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുക്കുന്പോഴാണ് ലേബലിലെ വിലാസം പോലും വ്യാജമാണെന്നു തെളിയുന്നത്.
ഗുരുതര ത്വക്ക് രോഗങ്ങൾക്കും ഇടയാക്കും
ഫേസ് ക്രീമുകളിൽ ഒരു ശതമാനം പിപിഎം (പാർട്സ് പെർ മില്ല്യണ്‍) മാത്രമാണ് മെർക്കുറി അനുവദനീയമായിട്ടുള്ളത്. എന്നാൽ കേരളത്തിലെ വിപണിയിൽ നിന്ന് പിടികൂടിയ ഫൈസ, ഗോറി തുടങ്ങിയ ഫേസ്ക്രീമുകളിൽ 20,000 വരെ പിപിഎം മൂല്യം കണ്ടെത്തി. ഇത് ഗുരുതര ത്വക്ക് രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
പാക്കിസ്ഥാൻ നിർമിതമായ ഈ ക്രീമുകൾ പർച്ചേസ് ബില്ലുകൾ പോലുമില്ലാതെയാണ് വിപണിയിൽ എത്തുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കരുത്. ഇവ ബ്യൂട്ടി ഷോപ്പുകളിലും പാർലറുകളിലും ഉപയോഗിക്കുന്നതായും കണ്ടെത്തി. ഇവയുടെ ഉപയോഗം തടയാൻ ഇന്നു മുതൽ റെയ്ഡ് അടക്കമുള്ള കർശന നടപടികൾക്കാണ് സർക്കാർ നിർദേശം.
National
ഷിംല: 'ഓപ്പറേഷൻ സിന്ദൂറിനിടെ' പാകിസ്ഥാനെ നേരിടാൻ ഇന്ത്യയ്ക്ക് പ്രയാസകരമായ സാഹചര്യമുണ്ടായെന്നും റഫാൽ യുദ്ധവിമാന ഇടപാടിൽ വൻ അഴിമതി നടന്നെന്നും ഹിമാചൽ പ്രദേശ് റവന്യൂ മന്ത്രി ജഗത് സിംഗ് നേഗി നിയമസഭയിൽ നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.
നിയമസഭാ സമ്മേളനത്തിൽ അഴിമതി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ഒരു വിമാനത്തിന് 700 കോടി രൂപയ്ക്ക് പകരം 2,300 കോടി രൂപയാണ് ഇന്ത്യ നൽകിയതെന്നും, റഫാൽ യുദ്ധവിമാനങ്ങൾ "പ്രയോജനരഹിതമായി" മാറിയത് ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്ക് തിരിച്ചടിയായെന്നും നേഗി ആരോപിച്ചു.
എന്നാൽ, താൻ സൈന്യത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കിയ മന്ത്രി മാപ്പ് പറയാൻ വിസമ്മതിച്ചു. മന്ത്രിയുടെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയ്റാം ഠാക്കൂർ ആവശ്യപ്പെട്ടു.
സഭാ രേഖകളിൽ നിന്ന് ഈ പരാമർശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സായുധ സേനയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണിതെന്ന് ആരോപിച്ച് ബിജെപി എംഎൽഎമാർ സഭയ്ക്ക് പുറത്തും പ്രതിഷേധിച്ചു.
ഹിമാചൽ പ്രദേശിലെ ഓരോ മൂന്നാമത്തെ കുടുംബത്തിലും സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവരുണ്ടെന്നും, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അപലപനീയമാണെന്നും മുൻ മന്ത്രി സുധീർ ശർമ വിമർശിച്ചു.
അതേസമയം, നേഗി സൈന്യത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു മന്ത്രിയെ പ്രതിരോധിച്ചുകൊണ്ട് വ്യക്തമാക്കി. എന്നാൽ "യാഥാർത്ഥ്യം എല്ലാവർക്കും അറിയാം" എന്ന് പ്രതികരിച്ച പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല.
Kerala
തിരുവനന്തപുരം: നിലവിലെ കെഎഎസ് റാങ്ക് പട്ടികയിൽ നിന്നു കൂടുതൽ പേർക്കു നിയമനം നൽകുന്നതിനായി കെഎഎസിനെ (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പൊളിച്ചെഴുതാൻ സർക്കാർ. കഴിഞ്ഞ സർക്കാർ 31 പേരുടെ ഒഴിവിൽ കെഎഎസിലേക്ക് അപേക്ഷ ക്ഷണിച്ചു പരീക്ഷ നടത്തിയിട്ടും ഒന്നാം റാങ്കുകാരനു പോലും നിയമനം നൽകാതിരുന്ന സാഹചര്യത്തിലാണ് കെഎഎസ് ചട്ടങ്ങൾ പൊളിച്ചെഴുതാനുള്ള കരടു വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്.
വകുപ്പുകളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചും ഭരണപരിചയം ഉറപ്പാക്കിയും കേരളാ സിവിൽ സർവീസ് കേഡറാക്കി മാറ്റാനാണ് ശ്രമം. അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടത്തിനു കീഴിലുള്ള ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് റെഗുലേഷൻ പ്രകാരമായിരിക്കുംകെഎഎസിനെ സ്റ്റേറ്റ് സിവിൽ സർവീസ് കേഡറാക്കുക. വർഷാവർഷം ഒഴിവ് കണക്കാക്കുന്നതിന് പകരം വകുപ്പുകളിൽ നിശ്ചിത തസ്തികകൾ കെഎഎസിനായി മാറ്റിവയ്ക്കും. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി ജനുവരി 30ന് തീരുന്നതിനാൽ രണ്ടാംബാച്ചിൽ നിയമനം നടത്താൻ ലക്ഷ്യമിട്ടാണ് നിയമഭേദഗതി.
വയോജന വകുപ്പിൽ 14 ജില്ലാ ഓഫിസർ തസ്തിക സൃഷ്ടിച്ച് കെഎഎസിൽ ആക്കും. കൂടുതൽ തസ്തിക സൃഷ്ടിച്ചു നിലവിലെ റാങ്ക് പട്ടികയിൽ നിന്നു പരമാവധി നിയമനം നടത്തുകയാണ് ലക്ഷ്യം. സർക്കാരിലെ പ്രധാന വകുപ്പുകളിലും നിർവഹണ ഏജൻസികളിലും ഏകീകൃത ഭരണനിലവാരം ഉറപ്പാക്കാൻ മേൽനോട്ട ചുമതല കെഎഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ജില്ലകളിലെ സബ്ഡിവിഷനുകളിലും റവന്യുവിലും ഭരണപരിചയം ഉറപ്പാക്കും.
തുടർന്നുള്ള കെഎഎസ് പരീക്ഷാ സന്പ്രദായം പിഎസ്സിയുമായി ആലോചിച്ച് പരിഷ്കരിക്കും. കെഎഎസ് പ്രൊബേഷണർമാർക്ക് ഇടയ്ക്കിടെ വകുപ്പുതല പരീക്ഷ നടത്തും. പുതുതായി നിയമിക്കപ്പെടുന്നവർക്ക് 18 മാസത്തെ പരിശീലനം നൽകും. കേഡർ തസ്തികകളിൽ 15 % പരിശീലന റിസർവും 25 % ഡെപ്യൂട്ടേഷൻ റിസർവും അനുവദിക്കും. ഏതെങ്കിലും തസ്തികയിൽ കെഎഎസ് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്പോൾ ആ തസ്തികയിലുള്ള സംസ്ഥാന സർവീസ് ഉദ്യോഗസ്ഥൻ സ്വമേധയാ തസ്തികയൊഴിയണം. അവർക്ക് പ്രത്യേകം നിയമനം നൽകണം. കെഎഎസ് ചട്ടങ്ങളെ 1958ലെ സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളുടെ ഭാഗമാക്കും.
കെഎഎസ് തസ്തികകൾ സർക്കാരിന് നിശ്ചയിച്ച് കേഡർ അവലോകനത്തിന് ശേഷം വിജ്ഞാപനമിറക്കാം. ശന്പളപരിഷ്കാര കമ്മിഷന്റെ ശിപാർശകൾ കെഎഎസിനും ബാധകമാകും. ഉദ്യോഗാർഥിയുടെ സ്വഭാവവും പൂർവചരിത്രവും നിയമനത്തിനു മുൻപു കർശനമായി പരിശോധിക്കും. സർവീസിൽ നിന്ന് നിയമനം നേടാവുന്ന സ്ട്രീം-രണ്ടിൽ സ്ഥിരം ഉദ്യോഗസ്ഥർക്കും പ്രൊബേഷണർമാർക്കും അപേക്ഷിക്കാം.
മൂന്നാം സ്ട്രീമിൽ അപേക്ഷിക്കാൻ അർഹതയുള്ള ഒന്നാം ഗസറ്റഡ് ഓഫിസറോ അതിന് മുകളിലുള്ള തസ്തികയിലുള്ളവർക്കോ രണ്ടാംസ്ട്രീമിൽ അപേക്ഷിക്കാനാകില്ല. കെഎഎസിലേക്ക് തസ്തികകൾ ലയിപ്പിക്കുന്നതിലൂടെ നേരിട്ടു ബാധിക്കപ്പെടുന്ന സർവീസുകളിലേക്ക് മാത്രം സ്ട്രീം-3 നിയമനങ്ങൾ പരിമിതപ്പെടുത്താനും കരട് ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇതോടെ പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ കെഎസ്ആർടിസിക്ക് സർക്കാർ അനുവദിച്ച ആകെ തുക 342.95 കോടി രൂപയായി ഉയർന്നു.
സൗജന്യ യാത്ര ആരംഭിച്ച ജൂണ്‍ 15 മുതൽ ആദ്യം മാസത്തിൽ രണ്ടുഘട്ടമായും പിന്നീട് ഓരോ മാസവും തുക അനുവദിക്കുകയായിരുന്നു. പ്രതിമാസം 80 മുതൽ 90 കോടി രൂപ വരെ പ്രിയദർശിനി പദ്ധതിക്കായി സർക്കാർ ചെലവഴിക്കുന്നുണ്ടെന്നാണു കണക്കുകൾ.
കഴിഞ്ഞ ഒക്ടോബർ ഒന്നു മുതൽ 15 വരെയുള്ള കാലയളവിൽ പദ്ധതി നടപ്പാക്കിയതുമൂലം കെഎസ്ആർടിസിക്കുണ്ടായ വരുമാന നഷ് ടം നികത്തുന്നതിനാണ് ഇപ്പോൾ 44.35 കോടി രൂപ അനുവദിച്ചത്. ഈ 15 ദിവസത്തിനകം മാത്രം 2,08,58,236 സ്ത്രീ യാത്രക്കാരാണ് സൗജന്യ യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.
National
ഭുജ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ച് മൂന്നു മാസമായ പെൺകുഞ്ഞ് ഉൾപ്പടെ സൈനിക കുടുംബാംഗങ്ങളായ ഏഴു പേർക്ക് ദാരുണാന്ത്യം. സൗരഭ് സിംഗ് നേഗി (30), ഭാര്യ സവിത (30), മൂന്നു മാസം പ്രായമുള്ള മകൾ ശിവിക, രാജേഷ് സിംഗ് റാവത്ത് (35), മകൾ രക്ഷിത (7), റിങ്കി ഗോസായി (30), മകൾ വാമിക (4) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.
റാൻ ഓഫ് കച്ച് സന്ദർശിച്ചശേഷം ഭുജിലേക്കു മടങ്ങിയ ഇവർ സഞ്ചരിച്ച കാറിലാണ് ട്രക്കിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന ഏഴു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉത്തരാഖണ്ഡിലെ ഗഡ്വാൾ സ്വദേശികളാണ് മരിച്ചവരെല്ലാം. ഭുജിൽ സൈനികസേവനം അനുഷ്ഠിക്കുന്നവരുടെ കുടുംബാംഗങ്ങളാണിവർ.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് (PMNRF) രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
National
ഷിംല: ഹിമാചൽ പ്രദേശ് നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിനം ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതിനെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നടപടികൾ ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ സഭ നിർത്തിവെച്ചു. ദേശീയ ഗാനത്തോടെയാണ് സഭാ നടപടികൾ ആരംഭിച്ചത്. എന്നാൽ, സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ വന്ദേമാതരവും ആലപിക്കണമെന്ന് പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെടുകയായിരുന്നു.
സഭാ ചട്ടങ്ങൾ പ്രകാരം സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയ ഗാനവും സമാപനത്തിലാണ് ദേശീയ ഗീതവും ആലപിക്കുന്നതെന്ന് സ്പീക്കർ കുൽദീപ് സിംഗ് പഠാനിയ വ്യക്തമാക്കി. സ്പീക്കറുടെ വിശദീകരണം അംഗീകരിക്കാൻ തയ്യാറാകാതെ ബിജെപി അംഗങ്ങൾ സഭയ്ക്കുള്ളിൽ മുദ്രാവാക്യം വിളിച്ചതോടെ നടപടികൾ ശനിയാഴ്ച രാവിലെ 11 മണിയിലേക്ക് മാറ്റി വെച്ചു.
സഭയ്ക്ക് പുറത്തും കോൺഗ്രസ്-ബിജെപി എംഎൽഎമാർ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടർന്നു. ദേശീയ ഗാനത്തെയും ദേശീയ ഗീതത്തെയും കോൺഗ്രസ് ഒരുപോലെ ബഹുമാനിക്കുന്നുണ്ടെന്നും, സഭാ പാരമ്പര്യങ്ങളെ മാനിക്കാതെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി വിവാദമുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ആരോപിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് 10 വർഷം അധികാരത്തിനു പുറത്ത് നിന്നിട്ടും ചിലർ പാഠം പഠിച്ചില്ലെന്നും ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരേ പാർട്ടിയിൽ ഒരുവിഭാഗത്തിൽ നിന്നും ഉയർത്തുന്ന വിവാദങ്ങൾ സർക്കാരിനും യുഡിഎഫിനും ലഭിച്ചിട്ടുള്ള ജനകീയ പിന്തുണയെ അവഹേളിക്കുന്നതിനു തുല്യമെന്നും വി.ഡി. സതീശൻ പക്ഷം.
നിയമനകാര്യങ്ങളിൽ മുഖ്യമന്ത്രി ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപത്തിൽ തുടങ്ങിയ അഭിപ്രായ വ്യത്യാസമാണ് ഇപ്പോൾ കോണ്‍ഗ്രസിനുള്ളിൽ ശക്തമായ ആരോപണ പ്രത്യാരോപണമായി മാറിയത്. ഇതിനിടെ നിയമന കാര്യങ്ങളിൽ ഉൾപ്പടെ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നു കാട്ടി എ ഗ്രൂപ്പ് നേതാക്കൾ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു പരാതി നൽകുകയും ചെയ്തു.
ഗുരുവായൂർ ദേവസ്വം നിയമനം, പിഎസ്സി അംഗങ്ങളുടെ നിയമനം എന്നിവയിൽ കൃത്യമായ കൂടിയാലോചനകൾ നടന്നില്ലെന്ന വാദമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ എതിർക്കുന്നവർ മുന്നോട്ടുവയ്ക്കുന്നത്.
എന്നാൽ, കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷ നേതാവായിരുന്ന് വി.ഡി. സതീശൻ നടത്തിയ ജനകീയ ഇടപെടലുകളിലാണ് യുഡിഎഫിനു മികച്ച വിജയം നേടാൻ കഴിഞ്ഞതെന്നും ആ നേട്ടത്തെ ഇകഴ്ത്തിക്കാട്ടാനാണ് ഇപ്പോൾ മറുപക്ഷം ശ്രമിക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവർ പറയുന്നത്.
പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ ഇരുന്നപ്പോൾ ഉണ്ടായ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ചേലക്കര ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ വിജയിപ്പിക്കാൻ കഴിഞ്ഞു. ചേലക്കരയിൽ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം തൊട്ടുമുൻപത്തേതിന്റെ നേർപ്പകുതി ആക്കാൻ കഴിഞ്ഞതും നേട്ടമെന്ന വാദമാണ് വി ഡി പക്ഷം മുന്നോട്ടുവയ്ക്കുന്നത്. തുടർച്ചയായി രണ്ടു വട്ടം അധികാരത്തിനു പുറത്തു നിൽക്കുന്ന സമയത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉൾപ്പടെ പണം കണ്ടെത്തിയതു സ്വന്തം നിലയ്ക്കാണെന്ന വാദവും മുന്നോട്ടു വെയ്ക്കുന്നു.
വർഷങ്ങളായി കോണ്‍ഗ്രസുമായി അകന്നു നിന്ന ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാനും കഴിഞ്ഞത് വി.ഡി. സതീശന്റെ ഇടപെടലിലൂടെയാണെന്നു പറയുന്ന വിഡി അനുകൂലികൾ ഇപ്പോൾ ഗ്രൂപ്പിന്റെ പേരിൽ മുറവിളി കൂട്ടുന്നവർ ഒന്നുംതന്നെ അന്നു വേണ്ടത്ര പിന്തുണ നൽകിയില്ലെന്നും ആരോപിക്കുന്നു. ചില സാമുദായിക നേതാക്കൾ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹത്തെ കടന്നാക്രമിച്ചപ്പോൾ കോണ്‍ഗ്രസിനുള്ളിൽനിന്നു സതീശനു വേണ്ടത്ര പിന്തുണയും ലഭിച്ചിരുന്നില്ല. യുഡിഎഫിന്റെ മികച്ച വിജയത്തിന്റെ അടിത്തറയിൽ പ്രധാന ഘടകം വി.ഡി സതീശന്റെ നിലപാടാണെന്ന വാദമാണ് വി ഡി അനുകൂലികൾ പറയുന്നത്.
എന്നാൽ, മുഖ്യമന്ത്രി സ്വന്തം ഇഷ്ടത്തിൽ കാര്യങ്ങളെല്ലാം മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന പരാതിയാണ് എ ഗ്രൂപ്പും കെസി പക്ഷവും ആരോപിക്കുന്നത്. ഇതിനിടയിൽ കോണ്‍ഗ്രസ് പുനഃസംഘടന വൈകുന്നതിനെതിരേയും ബോർഡ് കോർപറേഷൻ ചെയർമാൻമാരുടെ നിയമനം വൈകുന്നതിനെതിരേയും ശക്തമായ വികാരമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്.
National
ചണ്ഡീഗഡ്: ഡിസംബർ 23-ന് നടക്കാനിരിക്കുന്ന ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തുടക്കം കുറിച്ചു. ചണ്ഡീഗഡിലെ ബൂത്ത് പ്രവർത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നിതിൻ നബിൻ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
വിദേശ ശക്തികളുടെ 'ടൂൾകിറ്റ്' ആയി പ്രവർത്തിക്കുന്ന രാഹുൽ ഗാന്ധി, അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്ന് നിതിൻ നബിൻ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത് പ്രതിപക്ഷ നേതാക്കൾക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്നും, പ്രധാനമന്ത്രിയുമായി സംവാദത്തിന് വെല്ലുവിളിക്കുന്ന രാഹുൽ ഗാന്ധിക്ക് മറുപടി നൽകാൻ ഒരു ബിജെപി മണ്ഡലം പ്രസിഡന്റ് മാത്രം മതിയെന്നും അദ്ദേഹം പരിഹസിച്ചു.
മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തുടങ്ങിയ മുതിർന്ന നേതാക്കളെ ബഹുമാനിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും, ഒരു കുടുംബത്തിന്റെ രാഷ്ട്രീയ ഭാവിയിൽ മാത്രമാണ് അവർക്ക് താത്പര്യമെന്നും നബിൻ കുറ്റപ്പെടുത്തി.
അതേസമയം, ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സുഖ്വീന്ദർ സിംഗ് ഡാനി രംഗത്തെത്തി. രാഹുൽ ഗാന്ധിക്കെതിരെ വിരൽ ചൂണ്ടുന്നതിന് മുൻപ് 'എപ്സ്റ്റീൻ ഫയലുകളുമായി'ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ രാജ്യത്തിനുണ്ടാക്കിയ നാണക്കേടിൽ ബിജെപി നേതാക്കൾ ആശങ്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാര കരാറുകളിൽ രാജ്യതാത്പര്യങ്ങൾ ബലികഴിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യങ്ങൾക്ക് ബിജെപി മറുപടി നൽകണമെന്നും, സത്യത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി എപ്പോഴും വിഷയങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2027-ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ചണ്ഡീഗഡ് തെരഞ്ഞെടുപ്പിലൂടെ പഞ്ചാബിൽ അടിത്തറ വിപുലീകരിക്കാനും ആം ആദ്മി പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് നിതിൻ നബിൻ പറഞ്ഞു.
ചണ്ഡീഗഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യമില്ലാതെ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഡിസംബർ 23-ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ഡിസംബർ 26-ന് പ്രഖ്യാപിക്കും.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം ആറു കോടിയോളം രൂപ വിലമതിക്കുന്ന 827 ഗ്രാം ഹെറോയിൻ പിടികൂടി. വടക്കൻ കാഷ്മീരിലെ കർനാഹിയിൽ രസുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഹെറോയിൻ പിടികൂടിയത്.
അമ്രോഹി സ്വദേശിയായ സമീർ അഹമ്മദിന്റെ താമസസ്ഥലത്ത് കറുത്ത പോളിത്തീൻ കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തു.
Kerala
കൊച്ചി: പൗരോഹിത്യശുശ്രൂഷയുടെ സുവർണ, രജതജൂബിലി ആഘോഷിക്കുന്ന വൈദികരെ ആദരിക്കുന്നതിനായി സീറോമലബാർ സഭ ക്ലർജി കമ്മിഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നാളെ ആഘോഷം നടക്കും.
രാവിലെ 9.45ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് ജൂബിലേറിയൻമാർക്ക് ആശംസകൾ അർപ്പിക്കുന്ന പൊതുസമ്മേളനം. ക്ലർജി കമ്മിഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, സഭാ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ നേതൃത്വം നൽകും.
സഭയുടെയും വിശ്വാസീസമൂഹത്തിന്റെയും ആത്മീയവളർച്ചയ്ക്കായി ദീർഘകാലം ശുശ്രൂഷ ചെയ്ത വൈദികരുടെ സമർപ്പണജീവിതത്തോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ് സഭാ ആസ്ഥാനത്തു നടക്കുന്ന ജൂബിലി ആഘോഷമെന്ന് ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് 41 ദിവസം പിന്നിട്ടിട്ടും സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാതെ കേന്ദ്രം.
ഓഗസ്റ്റ് 13-നാണ് ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. പാർലമെന്ററി നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന 'പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ ഓഫ് പാർലമെന്റ്' എന്ന റഫറൻസ് ഗ്രന്ഥം പ്രകാരം, സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞാൽ സാധാരണയായി രണ്ടു മുതൽ നാല് ദിവസത്തിനുള്ളിലാണ് രാഷ്ട്രപതി സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്. എന്നാൽ നിലവിലെ ഇടവേള അഞ്ച് ആഴ്ചയിലധികമായി നീളുകയാണ്.
പാർലമെന്റിറി ചരിത്രത്തിൽ മുൻപും സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാൻ വൈകിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. 1975-ൽ അഞ്ചാം ലോക്സഭയിൽ 27 ദിവസവും, 2015-ലെ മൺസൂൺ സമ്മേളനത്തിൽ 28 ദിവസവുമാണ് ഇത്തരത്തിൽ കാലതാമസം ഉണ്ടായിട്ടുള്ളതെന്ന് പാർലമെന്റിറി കാര്യ മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ നിലവിലെ 41 ദിവസത്തെ ഇടവേള ഈ റെക്കോർഡുകളെല്ലാം മറികടന്നിരിക്കുകയാണ്.
അനിശ്ചിതകാലത്തേക്ക് സഭ പിരിയുക എന്നാൽ അടുത്ത സിറ്റിംഗിന് തീയതി നിശ്ചയിക്കാതെ സഭാ നടപടികൾ താത്കാലികമായി നിർത്തിവെക്കുക എന്നതാണ്. രാഷ്ട്രപതി സമ്മേളനം അവസാനിപ്പിക്കാത്തതിനാൽ, പുതിയൊരു സമ്മേളനം വിളിച്ചുചേർക്കാതെ തന്നെ നിലവിലെ സമ്മേളനത്തിന്റെ തുടർച്ചയായി എപ്പോൾ വേണമെങ്കിലും പാർലമെന്റ് വീണ്ടും വിളിച്ചുചേർക്കാൻ സർക്കാരിന് സാധിക്കും.
2026-ലെ മൺസൂൺ സമ്മേളനത്തിൽ 25 ദിവസത്തിനിടെ 19 സിറ്റിംഗുകളാണ് നടന്നത്. സമ്മേളനം അവസാനിപ്പിക്കാൻ വൈകുന്നതിന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, വനിതാ സംവരണം, മണ്ഡല പുനർനിർണയം എന്നിവയുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ബില്ലുകൾക്കായി ഒരു പ്രത്യേക സിറ്റിംഗ് വിളിച്ചുചേർക്കാനുള്ള സാധ്യതയിലേക്കാണ് നിരീക്ഷകരും റിപ്പോർട്ടുകളും വിരൽചൂണ്ടുന്നത്.
National
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനം സംബന്ധിച്ച് കോൺഗ്രസും സമാജ്വാദി പാർട്ടിയും (എസ്പി) തമ്മിലുള്ള നിർണായക ചർച്ചകൾ ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധാരണയ്ക്ക് അന്തിമരൂപം നൽകുന്നതിനൊപ്പം സീറ്റുകൾ വിഭജിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും. എസ്പി ദേശീയ ജനറൽ സെക്രട്ടറി രാംഗോപാൽ യാദവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയെയാണ് അഖിലേഷ് യാദവ് ചർച്ചകൾക്കായി നിയോഗിച്ചിരിക്കുന്നത്.
മണ്ഡലം തിരിച്ചുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ, പ്രാദേശിക രാഷ്ട്രീയസാഹചര്യങ്ങൾ, സ്ഥാനാർഥികളുടെ വിജയസാധ്യത എന്നിവ വിലയിരുത്താൻ രണ്ടു ഡാറ്റാ വിദഗ്ധരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ സർക്കാർ രൂപവത്കരിക്കാൻ പാർട്ടി മത്സരരംഗത്തുണ്ടാകുമെന്നും സംഘടനാപ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും യുപി കോൺഗ്രസ് പ്രസിഡന്റ് ആരാധന മിശ്ര മോണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആകെയുള്ള 403 നിയമസഭാ മണ്ഡലങ്ങളിൽ 181 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടതായാണു റിപ്പോർട്ടുകൾ. എന്നാൽ ഇത്രയും സീറ്റുകൾ വിട്ടുനൽകാൻ എസ്പി തയാറല്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. നൂറിലധികം സീറ്റുകളിൽ കുറഞ്ഞൊരു ഒത്തുതീർപ്പിനു തയാറല്ലെന്ന നിലപാടിലാണു കോൺഗ്രസെന്നും സൂചനയുണ്ട്. ഇന്ന് ആരംഭിക്കുന്ന രണ്ടു ദിവസത്തെ യോഗത്തിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയായിരിക്കണം സീറ്റുവിഭജനത്തിന്റെ അടിസ്ഥാനമെന്നാണ് അഖിലേഷ് യാദവിന്റെ നിലപാട്. ഇതിനായി 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലെയും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെയും പ്രകടനങ്ങൾ ചർച്ചയിൽ വിലയിരുത്തും.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളിൽ മത്സരിച്ച എസ്പി 37 ഇടത്തു വിജയിച്ചപ്പോൾ 17 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ആറിടത്താണു ജയിക്കാനായത്. സഖ്യമില്ലാതെ മത്സരിച്ച 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 347 ഇടത്തു ജനവിധി തേടിയ എസ്പി 111 സീറ്റുകൾ നേടിയപ്പോൾ 399 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് രണ്ടിടത്തു മാത്രമാണ് വിജയിച്ചത്.
അതിനിടെ, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരുമായി അഖിലേഷ് യാദവ് കൂടിക്കാഴ്ച നടത്തിയിരുന്നു. എസ്പി-കോൺഗ്രസ് സീറ്റുവിഭജനത്തിൽ ധാരണയായശേഷം ഈ പാർട്ടികളെയും വിശാല പ്രതിപക്ഷ കൂട്ടായ്മയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച ചർച്ചകൾ മുന്നോട്ടുപോകുമെന്നാണു സൂചന.
National
ഇംഫാൽ: മണിപ്പുരിലെ ചാന്ദേലിൽ 16 പേരുടെ മരണത്തിന് ഇടയാക്കിയ വ്യാജമദ്യത്തിന്റെ സാന്പിളുകൾ വിശദപരിശോധനയ്ക്കായി കോൽക്കത്തയിലെ ദേശീയ ഭക്ഷ്യ ലബോറട്ടറിയിലേക്ക് അയച്ചു. ഫൊറൻസിക് സയൻസ് ലാബിലും പരിശോധന നടത്തുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
മൊത്തം 1130 പേരാണ് ഇതുവരെ ചികിത്സതേടിയത്. 228 പേർ ആശുപത്രികളിൽ തുടരുകയാണ്. 38 പേരെ ഡയാലിസിസിന് വിധേയരാക്കി. അന്വേഷണത്തിനായി ഉന്നതല സംഘത്തെയും നിയോഗിച്ചുവെന്നും സർക്കാർ പ്രതിനിധികൾ അറിയിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണു നിർദേശം.
ചാന്ദേൽ ദുരന്തവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആറുപേരെ അറസ്റ്റ് ചെയ്തുവെന്നും സർക്കാർ പ്രതിനിധികൾ വ്യക്തമാക്കി.
National
ന്യൂഡൽഹി: ബിജെപിയുടെ രാജ്യസഭാ എംപി റാംറാവു സഖാറാം വഡ്കുതെ(72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറോടെ ഹൃദയാഘാതമുണ്ടായതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയിലുള്ള പർഭാനി സ്വദേശിയായ വഡ്കുതെ, ഈ വർഷം ഏപ്രിലിലാണു രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2014 ജൂൺ മുതൽ 2019 ഒക്ടോബർ വരെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ ഓം ബിർള തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
National
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാനിപ്പിച്ച് വിജ്ഞാപനം ഇറക്കുന്നതിലുണ്ടായ അസാധാരണ കാലതാമസം ചൂണ്ടിക്കാട്ടിയും, പുതിയ മണ്ഡല പുനർനിർണയ നിർദേശങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ ഏകപക്ഷീയമായി പാസാക്കാൻ ശ്രമിക്കരുതെന്നും ഖാർഗെ കത്തിൽ മുന്നറിയിപ്പ് നൽകി.
ഓഗസ്റ്റ് 13-ന് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിട്ട് 64 ദിവസമായിട്ടും ഇരുസഭകളും ഇതുവരെ ഔദ്യോഗികമായി പിരിച്ചുവിട്ടിട്ടില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർഗെ ചൂണ്ടിക്കാട്ടി. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവരുന്നതിന് മുൻപ് സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 11, ജൂലൈ 16, ഓഗസ്റ്റ് 27 എന്നീ തീയതികളിലും താൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നതായി ഖാർഗെ ഓർമിപ്പിച്ചു.
"ഏപ്രിൽ 14-ന് രാത്രി വൈകി ബില്ലുകൾ പരസ്യപ്പെടുത്തുകയും ഏപ്രിൽ 16-ന് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുകയുമാണ് സർക്കാർ ചെയ്തത്. എന്നാൽ ഏപ്രിൽ 17-ന് ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാതെ ആ ബിൽ പരാജയപ്പെട്ടു," ഖാർഗെ കത്തിൽ വ്യക്തമാക്കി.
പുതിയ നിർദേശങ്ങൾക്ക് അന്തിമരൂപം നൽകുന്നതിന് മുൻപ് വിശദമായ ചർച്ചകൾക്കായി നാലാം തവണയും സർവകക്ഷി യോഗം വിളിക്കാൻ ആവശ്യപ്പെടുകയാണെന്നും, എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മറ്റ് പങ്കാളികൾക്കും വിഷയം പഠിക്കാനും ചർച്ച ചെയ്യാനും മതിയായ സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖാർഗെ പ്രധാനമന്ത്രിക്ക് അയച്ച കത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിലൂടെപങ്കുവെച്ചു.
National
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഡിസംബർ 16ന് ഒപ്പുവച്ചേക്കുമെന്ന് സൂചന. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ ഈ വർഷം ജനുവരി 27നാണ് ഇരുപക്ഷവും ചർച്ചകൾ പൂർത്തിയാക്കിയത്.
ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസൽസ് സന്ദർശിക്കുന്ന വേളയിൽ കരാറിൽ ഒപ്പുവയ്ക്കുമെന്നും അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്നും ഇന്ത്യയിലെ ഇയു അംബാസഡർ ജീൻ എറിക് പാക്വെറ്റ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
കരാർ ഒപ്പുവയ്ക്കുന്നതിനും അന്തിമ അനുമതി നൽകുന്നതിനുമുള്ള നിർദേശങ്ങൾ, അന്തിമ നിയമരേഖകൾ, തീരുവ പട്ടിക എന്നിവ യൂറോപ്യൻ കമ്മിഷൻ ഇതിനകം യൂറോപ്യൻ യൂണിയൻ കൗൺസിലിനു സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള 93 ശതമാനം കയറ്റുമതി ഉത്പന്നങ്ങൾക്കും യൂറോപ്യൻ യൂണിയൻ വിപണിയിൽ നികുതിരഹിത പ്രവേശനം ലഭിക്കും.
National
ന്യൂഡൽഹി: മധുരയിലെ തിരുപ്പറംകുണ്ഡ്രത്ത് ദീപം തെളിക്കലുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ദർഗയ്ക്കു സമീപമുള്ള ദീപത്തൂണിൽ നാളെ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരേ തമിഴ്നാട് ഹിന്ദു മത ധർമസ്ഥാപന വകുപ്പ് കമ്മിഷണറാണു ഹർജി നൽകിയത്.
കഴിഞ്ഞ 150 വർഷത്തിലേറെയായി കുന്നിനു താഴെയുള്ള ദീപമണ്ഡപത്തിൽ മാത്രമാണു കാർത്തിക ദീപം തെളിക്കുന്നതെന്നും മുകളിലെ തൂണിൽ വിളക്ക് തെളിക്കുന്ന ആചാരം മുന്‍പ് ഉണ്ടായിരുന്നില്ലെന്നുമാണ് സർക്കാരിന്റെ വാദം. വർഗീയസംഘർഷ ചരിത്രമുള്ള തർക്കസ്ഥലത്തു സമാധാനം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഹിന്ദു ധർമ പരിഷത്തിന്റെ അവകാശവാദങ്ങളെന്നും വകുപ്പ് ആരോപിക്കുന്നു.
ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങൾ ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വെള്ളിയാഴ്ച സ്റ്റേ ചെയ്തിരുന്നു. എന്നാൽ, ഈ വർഷത്തെ കാർത്തിക ദീപം ഉത്സവം നാളെ നടക്കുന്നതിനാൽ പ്രത്യേക ഒറ്റത്തവണ ഇളവെന്ന നിലയിൽ അന്നേദിവസം ദീപത്തൂണിൽ വിളക്ക് തെളിക്കാൻ കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകുകയായിരുന്നു. കേസിൽ അടുത്ത ജനുവരി രണ്ടാം വാരം മുതൽ വിശദമായ വാദം കേൾക്കാനും തീരുമാനിച്ചിട്ടുണ്ട്.
തർക്കസ്ഥലത്തു വിളക്ക് തെളിക്കുന്നത് നിലവിലുള്ള ആചാരമാണെന്ന അവകാശവാദത്തിനു കോടതി അംഗീകാരം നൽകിയതായി ഈ ഉത്തരവിനെ വ്യാഖ്യാനിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ചിനു മുന്നിൽത്തന്നെയാണു സർക്കാരിന്റെ പുനഃപരിശോധനാ ഹർജിയും എത്തുക.
National
ന്യൂഡൽഹി: പ്രമുഖ കുടിവെള്ള നിർമ്മാതാക്കളായ ബിസ്ലേരി ഇന്റർനാഷണലിന്റെ കുടിവെള്ള സാമ്പിളുകളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു.
ബിസ്ലേരിയുടെ പ്ലാന്റിൽ നിന്നും ശേഖരിച്ച കുടിവെള്ള സാമ്പിളിൽ നിശ്ചിത അളവിൽ കൂടുതൽ 'ബ്രോമേറ്റ്' അടങ്ങിയിട്ടുള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ അപ്പീലിനെത്തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിൽ വീണ്ടും പരിശോധിച്ചപ്പോൾ, അർബുദത്തിന് കാരണമാകുന്ന 'പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ' സാന്നിധ്യവും കണ്ടെത്തി. ഇതോടെയാണ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുമതി നൽകിയത്.
ഇതോടൊപ്പം, 'ആശാ കൺഫെക്ഷണറി' പുറത്തിറക്കുന്ന ചോക്ലേറ്റ് കുക്കികൾ വിപണിയിൽ നിന്നും പിൻവലിക്കാനും ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ലേബലിൽ രേഖപ്പെടുത്താത്ത 'കാർമോസിൻ', നിശ്ചിത പരിധിയിലും കൂടുതലുള്ള 'ടാർട്രാസിൻ', നിരോധിത നിറമായ 'സൺസെറ്റ് യെല്ലോ എഫ്സിഎഫ്'എന്നിവ കുക്കികളിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുകയാണ് അതോറിറ്റി.
Kerala
അഗർത്തല: കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്ന പോക്സോ നിയമം ഭേദഗതി ചെയ്യുന്നതിനു മുന്‍പുള്ള കുറ്റകൃത്യമെന്നു പരിഗണിച്ച് പ്രതിയുടെ ശിക്ഷ ഹൈക്കോടതി ഇളവു ചെയ്തു.
നാലുവയസുകാരിയായ മകളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന കുറ്റത്തിന് വിചാരണക്കോടതി വിധിച്ച 20 വർഷം തടവുശിക്ഷയാണു ത്രിപുര ഹൈക്കോടതി പത്തുവർഷമാക്കി ചുരുക്കിയത്.
ത്രിപുരയിൽ ധലൈ ജില്ലയിലെ റാഞ്ചിപാര സ്വദേശി രാജ് കുമാർ ഭാർ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് ഡോ.ടി. അമർനാഥ് ഗൗഡ്, ജസ്റ്റീസ് ബിശ്വജിത് പാലിത് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ തീരുമാനം. ധലൈയിലെ പോക്സോ കോടതി 2023 ഒക്ടോബർ 17 നാണു പ്രതിയെ 20 വർഷം കഠിനതടവിനു ശിക്ഷിച്ചത്. 10,000 രൂപ പിഴയും പ്രതിക്കു വിധിച്ചിരുന്നു.
ഉറങ്ങിക്കിടക്കുകയായിരുന്ന നാലുവയസുകാരിയെ 2019 ജനുവരി 22 നാണു പ്രതി ലൈംഗികചൂഷണത്തിന് ഇരയാക്കിയത്. കുട്ടിയുടെ സഹോദരനും സമീപത്തുണ്ടായിരുന്നു. പിറ്റേന്ന് അങ്കണവാടിയിൽവച്ചു പീഡനവിവരം കുട്ടി പറയുകയായിരുന്നു. കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കൽ പരിശോധനയിലും കണ്ടെത്തിയിരുന്നു. എന്നാൽ പോക്സോ നിയമഭേഗതി പ്രാബല്യത്തിൽവന്നത് 2019 ഓഗസ്റ്റ് 16 മുതലാണെന്നു കാണിച്ച് ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.
National
ഹിസാർ: ഹരിയാനയിൽ പരിശീലനത്തിനിടെ ശരീരത്തിൽ ടാങ്ക് കയറി രണ്ട് സൈനികർ മരിച്ചു. ഹിസാർ ജില്ലയിലെ ഭോജ്രാജ് ഗ്രാമത്തിൽ ശനിയാഴ്ചയാണു സംഭവം. നായിക് മനീഷ്കുമാർ, നായിക് അങ്കുഷ് കുമാർ എന്നിവരാണു മരിച്ചത്. ഇരുവരും യുപി സ്വദേശികളാണ്. പരിശീലനത്തിലിടെ ഉയർന്ന പൊടിമൂലം ടാങ്ക് ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകടത്തിനു കാരണമായത്.
ഗുരുതതരമായി പരിക്കേറ്റ സൈനികരെ ഉടൻ ഹിസാർ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ഉന്നത കരസേനാ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് അയച്ചു.
Kerala
കൊച്ചി: കുറ്റകൃത്യങ്ങൾ തടയുന്നതിനും ലഹരിമരുന്ന് വ്യാപനവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനുമായി കേരള പൊലിസ് സംസ്ഥാനമൊട്ടാകെ നടത്തിയ മെഗാ കോമ്പിംഗ്-2 പരിശോധനയിൽ മദ്യപിച്ചു വാഹനമോടിച്ച 1,708 പേർ പിടിയിലായി.
ക്രമസമാധാനവിഭാഗം എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി പത്തു വരെയും ഇന്നലെ പുലർച്ചെ 12 മുതൽ രാവിലെ ആറു വരെയും രണ്ടു ഘട്ടങ്ങളിലായാണ് 20 പൊലിസ് ജില്ലകളിലും പരിശോധന നടത്തിയത്.
സംസ്ഥാനത്താകെ 34,180 വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ചു വാഹനം ഓടിച്ചതിന് പാലക്കാട് (203), പത്തനംതിട്ട (155) ജില്ലകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. പരിശോധിച്ച വാഹനങ്ങളിൽ 2,780 എണ്ണം ടൂറിസ്റ്റ് വാഹനങ്ങളാണ്. വാഹന പരിശോധനയിൽ പാലക്കാട് (2,901), മലപ്പുറം (2,748) ജില്ലകളും ടൂറിസ്റ്റ് വാഹന പരിശോധനയിൽ കാസർഗോഡ് (367), ഇടുക്കി (356) ജില്ലകളുമാണ് മുന്നിൽ. പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ് പരിശോധനയിൽ ആകെ 66 കേസുകൾ കണ്ടെത്തി. വ്യാജ നമ്പർ പ്ലേറ്റ് പരിശോധനയിൽ അഞ്ചു കേസുകളും രജിസ്റ്റർ ചെയ്തു.
259 എൻഡിപിഎസ് കേസുകൾ
ലഹരിമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി 259 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 157 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാലക്കാട് നടത്തിയ വാഹനപരിശോധനയിൽ 55.186 ഗ്രാം എംഡിഎംഎയും ആലപ്പുഴയിൽ നടത്തിയ വാഹനപരിശോധനയിൽ 12.870 കിലോഗ്രാം കഞ്ചാവും കണ്ടെടുത്ത് പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തി. ലഹരിക്കേസുകളുടെ എണ്ണത്തിൽ പാലക്കാട് (41), കണ്ണൂർ സിറ്റി (22) എന്നിവയാണു മുന്നിൽ.
കോടതികളിൽനിന്നുള്ള 122 വാറന്റുകളും 641 ജാമ്യമില്ലാ വാറന്റുകളും നാല് കരുതൽ തടങ്കൽ ഉത്തരവുകളും നടപ്പാക്കി. ഗുരുതര കുറ്റകൃത്യങ്ങളിലെ 28 പ്രതികളെയും ഒളിവിലായിരുന്ന മൂന്നു കുറ്റവാളികളെയും അറസ്റ്റ് ചെയ്തു.244 സംശയാസ്പദ കേന്ദ്രങ്ങൾ, 1,159 ലോഡ്ജുകൾ, 224 ഒളിത്താവളങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.
46 കാപ്പ കേസുകൾ
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 1,152 പരിശോധനകൾ നടത്തി. കാപ്പ നിയമം സെക്ഷൻ 15 പ്രകാരം 46 കേസുകൾ രജിസ്റ്റർ ചെയ്തു. കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുള്ള ഇടങ്ങൾ പരിശോധിച്ചതുമായി ബന്ധപ്പെട്ട് 224 പേരെയും 80 തീവ്രവാദ സ്വഭാവമുള്ളവരെയും പരിശോധിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ, ലഹരിമരുന്ന് ഇടപാടുകൾ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിയന്ത്രിക്കുന്നതിനുമായി ഇത്തരം കോമ്പിംഗ് ഓപ്പറേഷനുകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ക്രമാസമാധാന വിഭാഗം എഡിജിപി പി. വിജയൻ അറിയിച്ചു.
Kerala
കൊച്ചി: 26-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ചങ്ങനാശേരി അതിരൂപതയിലെ അലോന നോജി ലോഗോസ് പ്രതിഭയായി. നെടുങ്കുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി ഇടവകാംഗമായ അലോന, സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. ലോഗോസിൽ ആദ്യമായാണു ബി ഗ്രൂപ്പിലെ മത്സരാര്‍ഥി ലോഗോസ് പ്രതിഭയാകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ബൈബിൾ ക്വിസ് പ്രോഗ്രാമെന്ന് അറിയപ്പെടുന്ന ലോഗോസിൽ ഇക്കുറി 4.70 ലക്ഷം പേർ പങ്കെടുത്തു. 600 പേര് രണ്ടാം റൗണ്ടിലേക്കും ആറുപേര്‍ ഫൈനല്‍ റൗണ്ടിലേക്കും യോഗ്യത നേടി. അതില്‍നിന്നാണു ലോഗോസ് പ്രതിഭയ്ക്കുള്ള സ്വര്‍ണമെഡലും 1,16,000 രൂപയുടെ കാഷ് അവാര്‍ഡും ട്രോഫിയും അലോന നോജി കരസ്ഥമാക്കിയത്.
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല ഫൈനലില്‍ ഒന്നാം സ്ഥാനത്തിന് എറണാകുളം അങ്കമാലി അതിരൂപതയില്‍നിന്നുള്ള റീമ ടോംസണ് അര്‍ഹയായി. കുടുംബങ്ങള്‍ക്കായുള്ള ലോഗോസ് ഫമിലിയ ക്വിസില്‍ ഇരിങ്ങാലക്കുട രൂപതയിലെ പീറ്റര്‍, ബിന്‍സി പീറ്റര്‍, ബെനറ്റ പീറ്റര്‍ ടീം ഒന്നാം സ്ഥാനത്തെത്തി.
കെസിബിസി ബൈബിള്‍ സൊസൈറ്റി നേതൃത്വം നൽകുന്ന ലോഗോസ് ക്വിസിൽ കേരളത്തിനകത്തും പുറത്തും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ മത്സരങ്ങള്‍ നടന്നു.
ആറു പ്രായവിഭാഗങ്ങളിലെ ചാമ്പ്യന്മാരെ പങ്കെടുപ്പിച്ച് പാലാരിവട്ടം പിഒസിയില്‍ ഇന്നലെയാണു ഗ്രാൻഡ് ഫിനാലെ നടന്നത്. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും : എ - ഇമ്മാക്കുലാറ്റ ജോസ് (കാഞ്ഞിരപ്പള്ളി), ബി - ബ്രദര്‍ മനീഷ് മാര്ട്ടിന് (കൊല്ലം), സി - സോജി ചാക്കോ (ചങ്ങനാശേരി ), ഡി - റൂബി ജോര്‍ജ് (തൃശൂർ ), ഇ- ആനി ജോര്‍ജ് (തൃശൂർ ).
കെസിബിസി ബൈബിൾ സൊസൈറ്റി ചെയർമാൻ ബിഷപ് മാർ ജോസ് പുളിക്കൽ വിജയികൾക്കു സമ്മാനങ്ങൾ നൽകി.
ഏറ്റവും കൂടുതല്‍ മത്സരാർഥികളെ പങ്കെടുപ്പിച്ച രൂപതകള്‍ക്കുള്ള അവാര്‍ഡുകള്‍ എറണാകുളം - അങ്കമാലി, പാലാ, തൃശൂര്‍ എന്നിവർക്കു ലഭിച്ചെന്ന് കെസിബിസി ബൈബിൾ കമ്മിഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് അറിയിച്ചു. ഏറ്റവും കൂടുതല്‍ പേരെ പങ്കെടുപ്പിച്ച ഇടവകകള്‍ക്കുള്ള അവാര്‍ഡ് കുറവിലങ്ങാട്, ഓച്ചന്തുരുത്ത്, അങ്കമാലി എന്നീ ഇടവകകൾക്കാണ്.
Kerala
ചങ്ങനാശേരി: പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കയില്‍ അമലോത്ഭവമാതാ പള്ളി കൂദാശ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. കൂദാശ കര്‍മത്തിനും ആദ്യ വിശുദ്ധകുര്‍ബാനയ്ക്കും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, മോണ്‍. മാത്യു ചങ്ങങ്കരി, ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ഫാ. മാര്ട്ടിന് കുരിശിങ്കല്‍, ഫാ. വര്‍ഗീസ് പുതുവേലില്‍ എന്നിവര്‍ സഹകാര്‍മികരാകും.
മൂന്നുനിലകളിലായി നിര്‍മിച്ചിരിക്കുന്ന ബസിലിക്ക സമുച്ചയത്തിൽ കഴിഞ്ഞദിവസം കൂദാശ ചെയ്ത മര്‍ത്ത്മറിയം വലിയപള്ളിയുടെ താഴെ (ഒന്നാംനില)യാണ് അമലോത്ഭവമാതാ പള്ളി സ്ഥിതി ചെയ്യുന്നത്. ഫ്രാന്സില്നിന്നുമെത്തിച്ച പരിശുദ്ധ കന്യക മാതാവിന്റെ രൂപം ഈ പള്ളിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 900 പേര്‍ക്ക് ഇരുന്ന് ശുശ്രൂഷകളില്‍ പങ്കെടുക്കാനുള്ള ക്രമീകരണങ്ങള്‍ ഈ പള്ളിയിലുണ്ട്.
കല്‍ക്കുരിശും കൊടിമരവും വെഞ്ചരിച്ചു
ചങ്ങനാശേരി: പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കയിലെ കല്‍ക്കുരിശിന്റെ വെഞ്ചരിപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. പരിശുദ്ധ പാറേല്മാതാവിന്റെ അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് പാറേല്പ്പള്ളിയുടെ ബസിസിക്ക പദവിയെന്നും ഈ ദൈവാലയത്തിലൂടെ മാതാവ് വിശ്വാസീസമൂഹത്തിനു കൂടുതല്‍ അനുഗ്രഹം ചൊരിയുമെന്നും കര്‍ദിനാള്‍ ഉദ്ബോധിപ്പിച്ചു.
ഫാ. ടോമി കാട്ടാമ്പള്ളി സിഎംഐ, ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സിഎംഐ, ഫാ. ഷാജി കൊച്ചുപുരയില്‍ എംസിബിഎസ്, ഫാ. ജയിംസ് വാഴച്ചിറയ്ക്കല് ഒഎഫ്എം കപ്പൂച്ചിന്‍, ഫാ. തോമസ് ചെരുവില്‍ വിസി, ഫാ. മാത്യു ചെന്നക്കുടി എസ്വിഡി, ഫാ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കൊടിമരം വെഞ്ചരിപ്പിനും വിശുദ്ധകുര്‍ബാനയ്ക്കും ബിഷപ് മാര്‍ തോമസ് പാടിയത്ത് കാര്‍മികനായിരുന്നു. രാവിലെ ഫാ. ഡോ. ജോസഫ് മുണ്ടകത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു.
International
അന്റാലിയ: ഫോസിൽ ഇന്ധനത്തിൽ തെന്നി ഐക്യരാഷ്ട്രസഭയുടെ 31-ാം കാലാവസ്ഥാ ഉച്ചകോടി പരാജയപ്പെട്ടു. ആഗോളതാപനത്തിന് കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് അന്തിമ കരാറിൽ പരാമർശിക്കാത്തതിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ഉച്ചകോടി ഫലംകാണാതെ പിരിയാനിടയാക്കിയത്.
തുർക്കിയിലെ അന്റാലിയയിൽ രണ്ടാഴ്ച നീണ്ട ചർച്ചകൾക്കു തുടക്കം കുറിക്കുമ്പോൾത്തന്നെ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. ഫോസിൽ ഇന്ധനങ്ങളെ കരാറിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല. ഇതോടെ ഉച്ചകോടി ഒരു പ്രധാന കരാറിലെത്താനാകാതെ പിരിഞ്ഞു. തുർക്കിയും ഓസ്ട്രേലിയയും ചേർന്ന് അവതരിപ്പിച്ച ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശിക്കാത്ത അന്തിമ കരാർ നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്നു യൂറോപ്യൻ യൂണിയനും മറ്റ് ചില രാജ്യങ്ങളും നിലപാടെടുക്കുകയാണുണ്ടായത്.
വെള്ളിയാഴ്ച അവസാനിക്കേണ്ടിയിരുന്ന സമ്മേളനം, സമവായമാകാതെ ഞായറാഴ്ച വരെ നീണ്ടു. പലരാജ്യങ്ങളും എതിർപ്പറിയിച്ച് ഉച്ചകോടിയിൽനിന്നു മടങ്ങിപ്പോയിരുന്നു.
ആഗോളതാപനത്തിന് പ്രധാന കാരണമായ ഫോസിൽ ഇന്ധനങ്ങളെക്കുറിച്ചോ, വായു മലിനീകരണത്തിനു വഴിവയ്ക്കുന്ന കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവ ഒഴിവാക്കേണ്ടതിനെക്കുറിച്ചോ കരടിൽ പരാമർശമില്ലാതിരുന്നതാണു ഭൂരിപക്ഷം രാജ്യങ്ങളുടെയും എതിർപ്പിനു കാരണമായത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ നേരിടാൻ നിലവിലെ കരട് രേഖ പര്യാപ്തമല്ലെന്നു പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശിക്കാത്ത കരാർ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയനെ പ്രതനിധീകരിക്കുന്ന അയർലൻഡ് കാലാവസ്ഥാ മന്ത്രി ദാരോ ഒബ്രിൻ പറഞ്ഞു. കാലാവസ്ഥാ ഉച്ചകോടിയിലെ ചർച്ചകൾ ഇത്രയധികം സമയം നീളുന്നത് ഇതാദ്യമാണ്.
അതേസമയം, അന്തിമ കരാറിൽ /”ഫോസിൽ ഇന്ധനങ്ങൾ/”എന്ന പരാമർശം ഒഴിവാക്കാനുള്ള തീരുമാനത്തെ റഷ്യ പിന്തുണച്ചു.ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കണമെന്ന നിർദേശം ആദ്യ കരടിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സൗദി ഉൾപ്പടെയുള്ള എണ്ണ, വാതക ഉത്പാദക രാജ്യങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഒഴിവാക്കി. അടുത്ത കാലാവസ്ഥാ ഉച്ചകോടി 2027 നവംബറിൽ എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിൽ നടക്കും.
International
സ്കൻതോർപ്: വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും തിരിനാളങ്ങൾ കലകളിലൂടെ വരുംതലമുറയിലേക്ക് പകർന്നുനൽകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഒമ്പതാമത് ബൈബിൾ കലോത്സവം സ്കൻതോർപിലെ ഫ്രെഡറിക് ഗൗ സ്കൂളിൽ നടന്നു. പന്ത്രണ്ട് റീജനുകളിൽ നിന്നായി വിജയികളായ 1500ഓളം പ്രതിഭകൾ മാറ്റുരച്ചു. മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവമായി വിലയിരുത്തപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തിന് അയ്യായിരത്തിലധികം വിശ്വാസികളുടെ കുടുംബ സംഗമ വേദി സാക്ഷിയായി.
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ ഫാ. ഡോ. മാത്യു പിണക്കാട്, ഫിനാൻസ് ഓഫിസർ ഫാ. ജോ മൂലച്ചേരി വിസി, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ബൈബിൾ അപ്പോസ്തലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് പിണക്കാട്ട്, ഫാ. ഡോ. ജോൺ പുളിന്താനത്ത്, ഫാ. എബിൻ കൊച്ചുപുരയ്ക്കൽ, ബൈബിൾ അപ്പോസ്തലേറ്റ് കോ-ഓർഡിനേറ്റർ ജോൺ കുര്യൻ, ജോയിന്റ് കോ-ഓർഡിനേറ്റർമാരായ ജിമ്മിച്ചൻ ജോർജ്, മർഫി തോമസ് എന്നിവർ നേതൃത്വം നൽകി.
International
മെക്സിക്കോ സിറ്റി: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ പ്രധാനി മെക്സിക്കൻ മയക്കുമരുന്ന് മാഫിയതലവൻ എൽ ചാപോ ഇസിദ്രോ അറസ്റ്റിൽ.
മെക്സിക്കോയിലെ സിനോവയിൽനിന്നാണ് ചാപോ ഇസിദ്രോ എന്നറിയപ്പെടുന്ന ഫൗസ്റ്റോ ഇസിദ്രോ മെസ ഫ്ലോറസ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം ഏഴു പേർകൂടി മെക്സിക്കൻ സ്പെഷൽ ഫോഴ്സിന്റെ പിടിയിലായി. ക്രിമിനൽ സംഘത്തിലെ ഏഴു പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സ്പെഷൽ ഫോഴ്സിലെ നാലു പേരും കൊല്ലപ്പെട്ടു.
ഫെന്റനൈൽ, കൊക്കെയ്ൻ, ഹെറോയിൻ തുടങ്ങി മാരക മയക്കുമരുന്നുകൾ മെസ ഫ്ലോറസ് സംഘം അമേരിക്കയിലേക്ക് ഒഴുക്കിയിരുന്നതായി പറയുന്നു. ഗുസാവോ കാർട്ടൽ എന്ന പേരിലാണ് മെസ ഫ്ലോറസ് സംഘം അറിയപ്പെട്ടിരുന്നത്. ഇയാളെ അമേരിക്കയ്ക്കു കൈമാറിയേക്കും.
1990കൾ മുതൽ ഗുസാവോ കാർട്ടൽ മയക്കുമരുന്ന് കടത്തിൽ സജീവമാണ്. അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മെക്സിക്കോ സൈന്യം ഗുസാവോ കാർട്ടൽ വളഞ്ഞത്. ഹെലികോപ്റ്ററിൽനിന്നു മെസ ഫ്ലോറസ് സംഘത്തിനു നേർക്ക് സൈന്യം വെടിയുതിർത്തു. സൈനിക നടപടി ആരംഭിച്ചപ്പോൾ സുരക്ഷാസേനയ്ക്കു നേരെ വെടിവയ്പും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണവും ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
International
ധാക്കാ: ബംഗ്ലാദേശിൽ അക്രമം തുടരുന്നു. അവാമി ലീഗ് നേതാക്കൾക്കുനേരേയുണ്ടായ ആക്രമണത്തിനു പിന്നാലെ നരൈൽ ജില്ലയിൽ വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടു.
മുപ്പതോളം വീടുകൾക്ക് അക്രമികൾ തീയിട്ടു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രാഷ്ട്രീയ കലാപം വ്യാപിച്ചതോടെ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. കാലിയയിലെ ബെന്ദാർചാർ ഗ്രാമത്തിലാണ് അക്രമം നടന്നത്.
നിരവധി വീടുകളും കടകളും അക്രമികൾ തകർത്തു. കടകൾ കൊള്ളയടിച്ചു. മുൻ അവാമി ലീഗ് എംപി ബി.എം. കബിറുൽ ഹഖ് മുക്തി, മുൻ കാലിയ മേയർ മുഷ്ഫിഖുർ റഹ്മാൻ ലിറ്റൺ എന്നിവരുടെ വസതികളും ആക്രമിക്കപ്പെട്ടു.
International
വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയിലെ ആദ്യ മില്ലേനിയൽ വിശുദ്ധനായ കാർലോ അക്കുത്തിസിനു പിന്നാലെ രണ്ട് കൗമാരക്കാർകൂടി വിശുദ്ധപദവിയിലേക്കുള്ള പാതയിലേക്ക് നടന്നടുക്കുന്നു. ഇറ്റലിയിൽനിന്നുള്ള ജൂലിയ ഗബ്രിയേലിയും അമേരിക്കയിൽനിന്നുള്ള മരിയ മിഡിൽടണുമാണ് ചുരുങ്ങിയ ജീവിതംകൊണ്ട് വിശുദ്ധിയുടെ സൗരഭ്യം പരത്തി വിശുദ്ധാരാമത്തിലേക്ക് നടന്നടുക്കുന്നത്.
അർബുദബാധയെത്തുടർന്ന് 14-ാം വയസിൽ മരിച്ച ജൂലിയ ഗബ്രിയേലിയെ ധന്യയായി പ്രഖ്യാപിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ശനിയാഴ്ച അനുമതി നൽകി. 18-ാം വയസിൽ മരിച്ച മരിയ മിഡിൽടണിന്റെ നാമകരണത്തിനായി അമേരിക്കൻ മെത്രാൻ സമിതി കഴിഞ്ഞയാഴ്ച വത്തിക്കാനോട് ശിപാർശ ചെയ്യുകയും ചെയ്തു.
ജൂലിയ ഗബ്രിയേലി: രോഗത്തെ നേരിട്ട ധൈര്യം
1997 മാർച്ച് മൂന്നിന് വടക്കൻ ഇറ്റലിയിലെ ബെർഗാമോയിലാണ് ജൂലിയ ജനിച്ചത്. പത്താം വയസിൽ ‘അൽവിയോളാർ റാബ്ഡോമയോസാർക്കോമ’ എന്ന അപൂർവവും തീവ്രവുമായ അർബുദം സ്ഥിരീകരിച്ചു. രണ്ടുവർഷത്തെ ചികിത്സയ്ക്കിടെ നേരിട്ട വേദനകളെയും പ്രതിസന്ധികളെയും വിശ്വാസത്തോടെയും പ്രത്യാശയോടെയുമാണ് അവൾ നേരിട്ടത്.
പാദുവായിൽ റേഡിയോതെറാപ്പി ചികിത്സയിലിരിക്കെ വിശുദ്ധ അന്തോനീസിന്റെ കബറിടത്തിങ്കൽ പ്രാർഥിക്കുമ്പോൾ, അപരിചിതനായ ഒരാൾ നൽകിയ സ്നേഹപൂർണമായ പ്രതികരണം ജൂലിയയ്ക്കു വലിയ കരുത്തായി മാറി. രോഗം ഗുരുതരമായിരുന്ന ഘട്ടത്തിലും ആശുപത്രിയിലെ കുട്ടികൾക്കായുള്ള ‘സ്കൂൾ ഇൻ പൈജാമസ്’ സംരംഭത്തിലൂടെ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ട പരീക്ഷ അവൾ വിജയിച്ചു. 2011 ഓഗസ്റ്റ് 19ന് 14-ാം വയസിൽ ജൂലിയ അന്തരിച്ചു. രോഗത്തോടുള്ള ധീരമായ സമീപനവും ആത്മീയപക്വതയുമാണ് ധന്യപദവിയിലേക്ക് അവളെ നയിച്ചത്. രോഗബാധിതരായ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കുന്ന ‘കോൺ ജൂലിയ’ എന്ന സംഘടന ജൂലിയയുടെ മാതാപിതാക്കൾ ഇപ്പോഴും നടത്തുന്നുണ്ട്.
മരിയ മിഡിൽടൺ: കരുണയുടെയും പ്രത്യാശയുടെയും മാതൃക
2002 സെപ്റ്റംബർ 10ന് ജനിച്ച മരിയ, സ്പോർട്സും ഐറിഷ് നൃത്തവും സംഗീതവും ഇഷ്ടപ്പെട്ടിരുന്ന സാധാരണ കൗമാരക്കാരിയായിരുന്നു. ചെറുപ്പം മുതലേ ദൈവവിശ്വാസവും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയും അവളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. മൂന്നാം വയസ് മുതൽ അമ്മ സൂസനൊപ്പം ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തിരുന്ന മരിയ, പതിനൊന്നാം വയസിൽ ഡയറിയിൽ കുറിച്ച ആദ്യ വാചകം ‘ദൈവം കരുണയുള്ളവനാണ്’ എന്നായിരുന്നു.
ഹൈസ്കൂൾ പഠനകാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ മരിയ, അർബുദബാധിതരായ കുട്ടികൾക്കായി സ്കൂളിൽ സംഘടിപ്പിച്ചിരുന്ന നൃത്തപരിപാടിയുടെ സഹ അധ്യക്ഷയായിരുന്നു. മരിയയുടെ സ്മരണാർഥം ഈ പരിപാടി ഇപ്പോഴും തുടരുന്നു.
2019 ജനുവരിയിൽ, 16-ാം വയസിൽ മരിയയ്ക്ക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാകാത്ത മസ്തിഷ്ക മുഴ കണ്ടെത്തി. ഒമ്പത് മുതൽ 12 മാസം വരെയാണ് ഡോക്ടർമാർ ആയുസ് വിധിച്ചത്. എങ്കിലും പ്രത്യാശ കൈവിടാതെ, ദൈവഹിതത്തിനു കീഴടങ്ങി അവൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നു. രോഗനിർണയത്തിന് ഒമ്പത് മാസത്തിനുശേഷം മാതാപിതാക്കൾക്കൊപ്പം ഉഗാണ്ട സന്ദർശിച്ചപ്പോൾ ‘മേ എ വിഷ്’ ഫൗണ്ടേഷനിലൂടെ ലഭിച്ച ആനുകൂല്യം സ്വന്തം ആവശ്യങ്ങൾക്കുപകരം അവിടത്തെ ഒരു പാവപ്പെട്ട കുടുംബത്തെയും സ്കൂളിനെയും സഹായിക്കാനാണു മരിയ വിനിയോഗിച്ചത്.
2020ൽ കോവിഡ് നിയന്ത്രണങ്ങൾക്കിടെ പൊതു വിശുദ്ധ കുർബാന നിർത്തിവച്ചപ്പോൾ ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി മരിയ ഫിലാഡെൽഫിയ ആർച്ച്ബിഷപ് നെൽസൺ പെരസിന് കത്തെഴുതി. തുടർന്ന് ആർച്ച്ബിഷപ് നേരിട്ടെത്തി അവൾക്കു ദിവ്യകാരുണ്യം നൽകി. രോഗം മൂർച്ഛിച്ച് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട അവസാന നാളുകളിൽ, ഏറെ പ്രയാസപ്പെട്ട് അവൾ കുറിച്ച അവസാന വാക്കുകൾ ‘പ്രത്യാശയോടെ ചിന്തിക്കുക’ എന്നതായിരുന്നു. അവളുടെ സ്മരണാർഥം രൂപീകരിച്ച ഫൗണ്ടേഷനും ഇതേ പേരാണു നൽകിയിരിക്കുന്നത്. 2020 ഒക്ടോബർ എട്ടിന് 18-ാം വയസിൽ മരിയ അന്തരിച്ചു. മാതാപിതാക്കളായ ബ്രയാനും സൂസനും ചേർന്ന് പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അവളുടെ ജീവിതം പങ്കുവയ്ക്കുന്നുണ്ട്.
തുടക്കമിട്ട കാർലോ അക്കുത്തിസ്
കംപ്യൂട്ടർ പ്രോഗ്രാമിംഗിലും ഇന്റർനെറ്റിലും പ്രാവീണ്യമുണ്ടായിരുന്ന കാർലോ അക്കുത്തിസ്, സാങ്കേതികവിദ്യയെ സുവിശേഷവത്കരണത്തിനായി ഉപയോഗിച്ചതിലൂടെയാണു ലോകശ്രദ്ധ നേടിയത്. ‘ദൈവത്തിന്റെ ഇൻഫ്ലുവൻസർ’ എന്നറിയപ്പെടുന്ന കാർലോ രക്താർബുദം ബാധിച്ച് 2006 ഒക്ടോബർ 12നാണ് മരിച്ചത്. 2025 സെപ്റ്റംബർ ഏഴിന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Sports
ജെനീവ: മഞ്ഞുപൊഴിയുന്ന സ്വിറ്റ്സര്‍ലന്‍ഡിന്റെ മടിത്തട്ടില്‍ ലോക ചെസ് കിരീടത്തിനായുള്ള പോരാട്ടം. 2026 ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഓപ്പണ്‍ കിരീടത്തിനായി യൂത്ത് ഐക്കണുകളായ ഡി. ഗുകേഷും ജാവോഖിർ സിൻഡറോവും ഏറ്റുമുട്ടും. പോരാട്ടം നാളെ മുതലാണ് ആരംഭിക്കുന്നത്.
ഇന്നലെ ഇരുവരും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ഇന്നു ടെക്നിക്കല്‍ മീറ്റിംഗ് നടക്കും. 14 ഗെയിം നീളുന്ന ക്ലാസിക്ക് പോരാട്ടം നാളെ മുതല്‍ ഡിസംബര്‍ 11വരെ നടക്കും. ടൈബ്രേക്കര്‍ ആവശ്യമെങ്കില്‍ ഡിസംബര്‍ 12നായിരിക്കും അരങ്ങേറുക. അന്നുതന്നെയാണ് സമാപന സമ്മേളനവും.
യൂത്തന്മാര്
നിലവിലെ ചാമ്പ്യനാണ് ഇന്ത്യയുടെ ഡി. ഗുകേഷ്. തോല്‍വി അറിയാതെ ചലഞ്ചര്‍ ജയിച്ച് ചരിത്രം കുറിച്ചാണ് ഉസ്ബക്കിസ്ഥാന്റെ ജാവോഖിർ സിൻഡറോവിന്റെ വരവ്. ഇരുവര്‍ക്കും പ്രായം ഇരുപതു വയസ്. ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ കിരീടപോരാട്ടമാണിതെന്നതും ശ്രദ്ധേയം.
ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഗുകേഷ്, സിൻഡറോവിനെ എങ്ങനെ നേരിടുമെന്നതിനായാണ് ചെസ് ലോകം ഉറ്റുനേക്കുന്നത്. 2710 റേറ്റിംഗ് പോയിന്റുള്ള ഗുകേഷ്, ലോക 26-ാം നമ്പറുകാരനാണ്. 2782 റേറ്റിംഗുള്ള സിൻഡറോവ് ലോക നാലാം നമ്പര്‍ താരവും.
മത്സരം നാളെ 7.30 pm
ഇന്ത്യന്‍ സമയം നാളെ രാത്രി 7.30നാണ് ഗുകേഷ് x സിൻഡറോവ് ഒന്നാം പോരാട്ടം. ടൈബ്രേക്കര്‍ അടക്കമുള്ള എല്ലാ റൗണ്ടുകളും ഇതേ സമയത്താണ് അരങ്ങേറുക. ഓരോ മൂന്നു ഗെയിമുകള്ക്കുശേഷവും ഒരു വിശ്രമദിനം ഉണ്ട്.
23.18 കോടി രൂപയാണ് (2.5 മില്യണ്‍ ഡോളര്‍) സമ്മാനത്തുക. ഒരു ഗെയിം ജയിച്ചാല്‍ രണ്ടു ലക്ഷം ഡോളര്‍ സമ്മാനമായി ലഭിക്കും.
International
വത്തിക്കാൻ സിറ്റി: ക്രിസ്മസ് ആഘോഷങ്ങൾക്കു മുന്നോടിയായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പരമ്പരാഗത ക്രിസ്മസ് ട്രീ സ്ഥാപിച്ചു. തെക്കൻ ഇറ്റലിയിലെ പൊല്ലിനോ നാഷണൽ പാർക്കിൽനിന്നുള്ള 24 മീറ്റർ ഉയരവും ഏഴര ടൺ ഭാരവുമുള്ള സിൽവർ ഫിർ മരമാണു വെള്ളിയാഴ്ച ചത്വരത്തിലെത്തിച്ചത്. ടെറനോവ ഡി പൊല്ലിനോ മുനിസിപ്പാലിറ്റിയുടെ സമ്മാനമാണിത്.
50,000ത്തിലധികം എൽഇഡി വിളക്കുകളും ഇറ്റലിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾ സെറാമിക് ശില്പശാലകളിലൂടെ നിർമിച്ച കരകൗശലവസ്തുക്കളും ഉപയോഗിച്ചാണു മരം അലങ്കരിക്കുന്നത്. ഡിസംബർ ഏഴിന് റോം സമയം വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിൽ, അർബുദത്തിനു ചികിത്സയിൽ കഴിയുന്ന കുട്ടികൾ ചേർന്നു ക്രിസ്മസ് ട്രീയുടെ ദീപങ്ങൾ തെളിക്കും.
ഇറ്റലിയിലെ ഗുബ്ബിയോ നഗരത്തിലെ ഇൻജിനോ മലനിരകളിൽ ഒരുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയിൽ ദീപം തെളിക്കുന്നതും ഇതാദ്യമായി വത്തിക്കാനിലെ ചടങ്ങിനൊപ്പമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രവേശനത്തിന്റെ എണ്ണൂറാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ക്രമീകരണം.
Sports
ന്യൂയോര്‍ക്ക്: ലാസ് വേഗാസ് ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ റെഡ് ബുള്ളിന്റെ മാക്സ് വെര്സ്റ്റപ്പന് ജേതാവ്. വെര്‍സ്റ്റപ്പനു പിന്നില്‍ മക്ലാരന്റെ താരങ്ങളായ ലന്‍ഡോ നോറിസും ഓസ്കര് പിയാസ്ട്രിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് പോഡിയത്തില്‍ കയറി.
2026 സീസണില്‍ മാക്സ് വെര്‍സ്റ്റപ്പന്റെ നാലാം ജയമാണ്. സീസണിലെ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് നേരത്തേതന്നെ കിമി അന്റോനെല്ലി സ്വന്തമാക്കിയതാണ്. അന്റോനെല്ലി 402 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. വെര്സ്റ്റപ്പന് 304 പോയിന്റുമായി രണ്ടാമതും ഫെരാരിയുടെ ലൂയിസ് ഹാമില്ട്ടണ് 267 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
International
സിയൂൾ: രാജ്യത്തെ പിടിച്ചുകുലുക്കിയ എഐ (നിർമിത ബുദ്ധി) കോപ്പിയടി വിവാദത്തിനും തുടർന്നുണ്ടായ പരീക്ഷാനടത്തിപ്പിലെ ആശയക്കുഴപ്പങ്ങൾക്കും പിന്നാലെ ദക്ഷിണ കൊറിയൻ വിദ്യാഭ്യാസ മന്ത്രി ചോയ് ക്യോ ജിൻ രാജിവച്ചു.
വ്യാഴാഴ്ച നടന്ന വാർഷിക കോളജ് പ്രവേശന പരീക്ഷയിൽ എഐ സഹായത്തോടെയുള്ള കോപ്പിയടി തടയാൻ അവസാനനിമിഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മുൻകൂട്ടി തയാറെടുപ്പുകൾ നടത്തുന്നതിൽ വീഴ്ച പറ്റിയെന്ന വിമർശനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും പരീക്ഷ പൂർത്തിയായ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്നും ചോയ് ക്യോ ജിൻ വ്യക്തമാക്കി.
നിലവിലെ പരീക്ഷാസമ്പ്രദായം ഉടച്ചുവാർക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുംഗ് മന്ത്രിയുടെ രാജി സ്വീകരിച്ചു. ഒരാഴ്ച മുന്‍പ് നടന്ന ദേശീയ ടാക്സ് അക്കൗണ്ടൻസി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ 34കാരനായ ഹാൻ വോൺ സിയോക്, മിനി കാമറയും സ്മാർട്ട്ഫോണും എഐ ടൂളുകളും ഉപയോഗിച്ചാണു കോപ്പിയടിച്ചതെന്ന് വെളിപ്പെടുത്തിയതോടെയാണു വിവാദങ്ങൾക്ക് തുടക്കമായത്. 160 ചോദ്യങ്ങളിൽ 159 എണ്ണത്തിനും ശരിയുത്തരം എഴുതിയതിൽ സംശയം ഉയർന്നതോടെയാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.
ഇതോടെ, അഞ്ചു ലക്ഷത്തോളം വിദ്യാർഥികൾ എഴുതുന്ന ഒന്‍പത് മണിക്കൂർ നീളുന്ന ‘സുനൂംഗ്’ എന്ന കോളജ് പ്രവേശന പരീക്ഷയിൽ ക്രമക്കേട് തടയാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി പരീക്ഷാക്രമക്കേട് പിടികൂടാൻ ദേശീയ ദുരന്ത മുന്നറിയിപ്പ് സംവിധാനം ഉപയോഗിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടിനും ഉച്ചകഴിഞ്ഞു മൂന്നിനുമിടയിൽ മൂന്നു തവണ രാജ്യത്തെ മുഴുവൻ മൊബൈൽ ഫോണുകളിലേക്കും എമർജൻസി അലർട്ടുകൾ അയച്ചു. ഫോൺ സൈലന്റ് മോഡിലാണെങ്കിൽ പോലും ഉച്ചത്തിൽ ശബ്ദമുണ്ടാകുന്ന ഈ സംവിധാനത്തിലൂടെ പരീക്ഷാഹാളിൽ ഒളിപ്പിച്ചുവച്ചിരുന്ന സ്മാർട്ട്ഫോണുകൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇത്തവണ 111 വിദ്യാർഥികളിൽനിന്ന് അനധികൃത സ്മാർട്ട് ഉപകരണങ്ങൾ പിടിച്ചെടുത്തതായി വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
കൂടാതെ, വസ്ത്രങ്ങളുടെ ബട്ടണുകളിൽ ഒളികാമറകൾ ഉണ്ടോയെന്നു പരിശോധിക്കാനും ബട്ടണുകൾ മറച്ചുവയ്ക്കാനും വിദ്യാർഥികൾക്കു നിർദേശം നൽകിയിരുന്നു. സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നത് തടയാൻ കണ്ണടകളിലും കർശന പരിശോധന നടത്തി.
അമിതമായ ഈ നിയന്ത്രണങ്ങൾ സത്യസന്ധമായി പരീക്ഷയെഴുതുന്ന വിദ്യാർഥികളിൽപ്പോലും വലിയ മാനസികസമ്മർദവും ആശങ്കയും സൃഷ്ടിച്ചതായാണു റിപ്പോർട്ടുകൾ. ലോകത്തിലെ കോളജ് പ്രവേശന പരീക്ഷകളിൽ ഏറ്റവും കഠിനമേറിയതായാണ് ദക്ഷിണ കൊറിയയിലെ സുനുംഗ് പരീക്ഷ അറിയപ്പെടുന്നത്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയ്ക്ക് പുറത്ത് എഐ ഡാറ്റാ സെന്ററുകൾ നിർമിക്കുന്ന യുഎസ് ടെക്നോളജി കന്പനികൾക്ക് വൻ നികുതി ചുമത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്ത്. വിദേശത്ത് ഇത്തരം സൗകര്യങ്ങൾ സ്ഥാപിച്ചാൽ ചൈനയ്ക്ക് കംപ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങളിലേക്കു പ്രവേശനം ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ഡാറ്റാ സെന്റർ നിർമാണം മറ്റ് രാജ്യങ്ങളിലേക്കു മാറ്റാൻ അമേരിക്കൻ കന്പനികളെ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഗോള എഐ മത്സരത്തിൽ അമേരിക്കൻ മുൻതൂക്കം നിലനിർത്താൻ ഈ അടിസ്ഥാനസൗകര്യങ്ങൾ യുഎസ് മണ്ണിൽത്തന്നെ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വിദേശപദ്ധതികളുമായി മുന്നോട്ടുപോകുന്ന കന്പനികൾക്ക് കനത്ത സാന്പത്തികപിഴ നേരിടേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടൊറോന്റോ: ഒന്റാരിയോ പ്രവിശ്യയിലെ ലിബറൽ പാർട്ടി നേതാവായി ഇന്ത്യൻ വംശജൻ നവദീപ് ബയിൻസ് (49) തെരഞ്ഞെടുക്കപ്പെട്ടു. മുൻ കനേഡിയൻ മന്ത്രിയായ ബയിൻസ് പാർട്ടിയുടെ ലീഡർഷിപ്പ് കൺവൻഷനിൽ 50.3 ശതമാനം വോട്ട് നേടി.
മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഉറ്റ അനുയായി ആണ് ബയിൻസ്. അന്‍പതു വർഷം മുമ്പ് രാജസ്ഥാനിൽനിന്നു ഒന്റാരിയോയിലെത്തിയതാണ് തന്റെ കുടുംബമെന്ന് ബയിൻസ് പറഞ്ഞു. 2018നു ശേഷം ഒന്റാരിയോ പ്രവിശ്യയിൽ ഭരണം കൺസർവേറ്റീവ് പാർട്ടിക്കാണ്.
Kerala
തിരുവനന്തപുരം: പൾസ് പോളിയോ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാവിയിലും വിട്ടുവീഴ്ചയുണ്ടാകരുതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൾസ് പോളിയോ പ്രതിരോധ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ 2011ഓടെ പോളിയോ മുക്തമായതാണ്. എന്നാൽ അയൽ രാജ്യങ്ങളിൽ ഈ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യക്കാർ ലോകത്തിന്റെ പല ഭാഗങ്ങളിലും കഴിയുന്നുണ്ട്.
ഇന്ത്യ പോളിയോ മുക്തമായി എന്ന് കരുതി അലംഭാവത്തോടെയിരുന്നാൽ വിദേശ രാജ്യങ്ങൾ വഴി ഈ രോഗം വീണ്ടും കടന്നുവരാം. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് അതിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണം. സംസ്ഥാനത്ത് ഇത്തവണ 12.92 ലക്ഷം കുഞ്ഞുങ്ങൾക്കാണ് പൾസ് പോളിയോ തുള്ളി മരുന്ന് നൽകുന്നത്. ഇതിനായി 13453 ബൂത്തുകളും 26906 സന്നദ്ധ പ്രവർത്തകരെയും സജ്ജമാക്കി. യാത്രയ്ക്കിടയിലും വാക്സിൻ ലഭ്യമാക്കാൻ 373 ട്രാൻസിറ്റ് ബൂത്തുകളും 149 മൊബൈൽ ബൂത്തുകളും ഏഴ് ഉത്സവ മേള ബൂത്തുകളും സംസ്ഥാന സർക്കാർ ഒരുക്കി.
International
ധാക്ക: ബംഗ്ലദേശിലെ നരായിൽ ജില്ലയിലുണ്ടായ രാഷ്ട്രീയ അക്രമങ്ങളിൽ അവാമി ലീഗ് നേതാക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും മുപ്പതോളം വീടുകൾ അഗ്നിക്കിരയാക്കി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബന്ദർചർ ഗ്രാമത്തിലായിരുന്നു സംഭവം. ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
മുൻ അവാമി ലീഗ് എംപി കബീറുൽ ഹഖ് മുക്തി, കാലിയ മുൻസിപ്പാലിറ്റി മുൻ മേയർ മുഷ്ഫിഖർ റഹ്മാൻ ലിറ്റോൻ എന്നിവരുടെ വസതികൾ ഉൾപ്പെടെയുള്ളവയാണ് തീയിട്ട് നശിപ്പിച്ചത്. പ്രദേശത്തെ നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും അക്രമത്തിൽ കേടുപാടുകൾ സംഭവിച്ചതായി പൊലിസ് വ്യക്തമാക്കി.
ഈ മാസം 18ന് ബിഎൻപി സംഘടിപ്പിച്ച ബൈക്ക് റാലിക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമായാണ് വെള്ളിയാഴ്ചത്തെ ആക്രമണങ്ങൾ അരങ്ങേറിയത്. നരായിലിന് പുറമെ പബ്ന ജില്ലയിലെ ബേര മുനിസിപ്പാലിറ്റിയിലും ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
2024ലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് നിലവിൽ രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. വരുന്ന ഡിസംബറിൽ ഷെയ്ഖ് ഹസീന ബംഗ്ലദേശിലേക്ക് മടങ്ങിയെത്തുമെന്ന പ്രഖ്യാപനം പുറത്തുവന്നതോടെയാണ് രാജ്യത്ത് വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. തുടർന്നുണ്ടായ വിവിധ അക്രമ സംഭവങ്ങളിൽ ഇതുവരെ നാല് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
National
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ മാരുതി വാൻ മരത്തിലിടിച്ച് തകർന്ന് എട്ട് യാത്രക്കാർക്കു ദാരുണാന്ത്യം. നാമക്കലിലെ എരുമപ്പട്ടിയിൽനിന്ന് തഞ്ചാവൂരിലെ തിരുക്കാട്ടുപ്പള്ളിയിലേക്കു യാത്രചെയ്ത പത്തംഗസംഘത്തിന്റെ വാഹനം ജംബുനാഥപുരം കോത്തൂർപ്പട്ടി ഫോർ റോഡിനു സമീപമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ വൈകുന്നേരം നാലോടെയുണ്ടായ അപകടത്തിൽ അഞ്ചുപേർ സംഭവസ്ഥലത്തുവച്ച് മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ മുസിരി സർക്കാർ ആശുപത്രിയിലും മരണത്തിനു കീഴടങ്ങി. അപകടകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലിസ് അറിയിച്ചു.
Kerala
മുഹമ്മ: ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഹമ്മ പഞ്ചായത്തിൽ കായിച്ചിറ വീട്ടിൽ കിരണിനെയാണ് (26) മുഹമ്മ പൊലിസ് പിടികൂടിയത്. മുഹമ്മ പൊലിസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട ഇയാൾ നേരത്തെ കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളാണ്.
നവംബർ 16ന് രാത്രി 11.30ഓടെ മുഹമ്മ പുത്തനങ്ങാടിയിലുള്ള ബാറിന്റെ വളപ്പിലായിരുന്നു സംഭവം. ബാറിൽ സംഘം ചേർന്നിരുന്ന് സംസാരിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ട യുവാവിനെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. കല്ലും ആയുധവും ഉപയോഗിച്ചുള്ള മർദനത്തിൽ യുവാവിന്റെ മൂക്കിന്റെ അസ്ഥിയും നാലു പല്ലും പൊട്ടി. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
International
വത്തിക്കാൻ സിറ്റി: ലോക ദരിദ്രദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടന്ന പ്രത്യേക വിരുന്നിൽ 1,300ഓളം നിരാലംബർക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ടു ലെയോ പതിനാലാമൻ മാർപാപ്പ.
പത്താമത് ലോക ദരിദ്രദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലാണു സ്നേഹവിരുന്ന് സംഘടിപ്പിച്ചത്.
ത്രികാലജപ പ്രാർഥനയ്ക്കുശേഷമാണ് വിരുന്ന് നടന്നത്. റിക്കോട്ട ചീസും ചീരയും ചേർത്ത കാനലോണി, ഗ്രീൻപീസ് ചേർത്ത ബീഫ് സ്റ്റ്യൂ, മധുരപലഹാരങ്ങൾ എന്നിവയടങ്ങുന്ന പരമ്പരാഗത ഇറ്റാലിയൻ വിഭവങ്ങളാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്.
റോമിലെ ഇരുപതിലധികം ജീവകാരുണ്യ സംഘടനകൾ, ഇടവകകൾ, വിവിധ സന്നദ്ധസംഘടനകൾ എന്നിവയുടെ കീഴിലുള്ളവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇറ്റാലിയൻ റെഡ് ക്രോസ് വോളന്റിയർമാരാണു ഭക്ഷണം തയാറാക്കിയതും മേശകളിൽ വിളമ്പിയതും. 2017 മുതൽ വത്തിക്കാനിൽ തുടർന്നുവരുന്ന ഈ വാർഷിക ചടങ്ങ്, മാർപാപ്പയുടെ ലാറ്റിനമേരിക്കൻ സന്ദർശനം കാരണം ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
വത്തിക്കാനിലെ ചടങ്ങിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് റോമിലുടനീളമുള്ള സൗജന്യ ഭക്ഷണശാലകളിലും ഇന്നലെ പ്രത്യേക വിരുന്നുകൾ സംഘടിപ്പിച്ചിരുന്നു.
National
കോട്ട: ഖാട്ടു ശ്യാംജി ക്ഷേത്രത്തിലെ തീർഥാടനം കഴിഞ്ഞ് മടങ്ങിയ കുടുംബാംഗങ്ങൾ സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പടെ ഒമ്പതുപേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒന്നിന് രാജസ്ഥാനിലെ കോട്ട - ഉദയ്പുർ ദേശീയപാതയിലായിരുന്നു അപകടം.
മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമായതെന്നു പൊലിസ് പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
നവംബർ 17ന് ധൂലെയിൽനിന്ന് മൂന്ന് വാഹനങ്ങളിലായാണ് 36 പേർ തീർഥാടനത്തിന് പുറപ്പെട്ടതെന്ന് കുടുംബാംഗമായ പ്രദീപ് പറഞ്ഞു. ഓംകാരേശ്വർ, ഉജ്ജെയിൻ, സൻവാരിയ സേത്ത്, പുഷ്കർ, സലാസർ ബാലാജി എന്നിവിടങ്ങൾ സന്ദർശിച്ചശേഷം ഖാട്ടു ശ്യാംജി ക്ഷേത്രത്തിലെത്തി. ശനിയാഴ്ച വൈകുന്നേരം 4.30നാണ് ഇവർ ഇവിടെനിന്നു മടങ്ങിയത്.
Kerala
മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ 12 -ാം വാർഷികാഘോഷങ്ങൾ ഇന്ന് മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പള്ളിയിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സിഎംഐ സഭാസ്ഥാപനത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഭവന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
ആശ്രമം പള്ളി അങ്കണത്തിൽ തയാറാക്കിയിരിക്കുന്ന പന്തലിൽ ഉച്ചയ്ക്ക് 12.30നു നടക്കുന്ന സമ്മേളനത്തിൽ പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടി സിഎംഐ അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും മന്ത്രി മോൻസ് ജോസഫ് വിശുദ്ധ ചാവറ അനുസ്മരണവും നടത്തും.
വികാരി ജനറൽ ഫാ. ബെന്നി നൽക്കര സിഎംഐ, തിരുവന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ടോമി കാട്ടാമ്പള്ളി സിഎംഐ, ഫ്രാൻസിസ് ജോർജ് എംപി, നാട്ടകം സുരേഷ് എംഎൽഎ, ജോസഫ് വാഴയ്ക്കൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ, മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ എന്നിവർ പ്രസംഗിക്കും.
വിദ്യാർഥികളുടെ തീർഥാടനം ഇന്ന്
ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മാന്നാനത്ത് വിദ്യാർഥികളുടെ തീർഥാടനം നടത്തും. കെഇ സ്കൂൾ അങ്കണത്തിൽ നിന്ന് ആശമം പള്ളിയിലേക്കാണ് തീർഥാടനം.സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻസിലെ 76 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മൂവായിരം വിദ്യാർഥികളും അധ്യാപകരും രാവിലെ മാന്നാനം കെഇ സ്കൂൾ അങ്കണത്തിൽ സംഗമിച്ച ശേഷം ആശ്രമം പള്ളിയിൽ വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിലേക്ക് തീർഥാടനം നടത്തും.
International
വാഷിംഗ്ടൺ ഡിസി: സമാധാനപരമായി വിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരിൽ ഈജിപ്തിൽ 25 വർഷം തടവോ വധശിക്ഷയോ നേരിടുന്ന ക്രിസ്തുമത വിശ്വാസിയായ സെയ്ദ് അബ്ദുൽറസേക്കിനെ ഉടൻ വിട്ടയക്കണമെന്ന് യുഎസ് ജനപ്രതിനിധികൾ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയോട് ആവശ്യപ്പെട്ടു. ഇസ്ലാം മതത്തിൽനിന്നു ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് 2025 ജൂലൈയിൽ അറസ്റ്റിലായ അദ്ദേഹത്തിനെതിരേ മതനിന്ദ, തീവ്രവാദം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
ഡിസംബർ എട്ടിന് നടക്കുന്ന വിചാരണയിൽ അബ്ദുൽറസേക്കിന് കടുത്ത ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് യുഎസ് സെനറ്റർ ജോഷ് ഹാവ്ലി ഉൾപ്പടെയുള്ള ആറു ജനപ്രതിനിധികൾ കത്തെഴുതിയത്. ജയിലിൽ അദ്ദേഹത്തിനു ചികിത്സ നിഷേധിക്കപ്പെടുന്നതായും പീഡനമേൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ഈജിപ്തിനുള്ള യുഎസ് സഹായങ്ങൾ നൽകുന്നതെന്ന് ജനപ്രതിനിധികൾ ഓർമിപ്പിച്ചു.
മതനിന്ദ, തീവ്രവാദ വിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്തു ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അബ്ദുൽറസേക്കിനെതിരായ കുറ്റങ്ങൾ ഒഴിവാക്കി ഉടൻ മോചിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. 2018ൽ ക്രിസ്തുമതം സ്വീകരിച്ചതുമുതൽ അബ്ദുൽറസേക്കിന് കടുത്ത പീഡനങ്ങളും വിവേചനങ്ങളും നേരിടേണ്ടിവന്നതായി യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ വ്യക്തമാക്കുന്നു.
തുടർന്ന് 2019ൽ അദ്ദേഹം റഷ്യയിൽ അഭയം തേടി. എന്നാൽ, സ്വകാര്യ വീഡിയോ ചിത്രീകരിച്ചെന്നാരോപിച്ച് 2023ൽ റഷ്യൻ അധികൃതർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 2024ൽ ഈജിപ്തിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
ഈജിപ്തിലെത്തിയ അദ്ദേഹത്തെ 2025 ജൂലൈയിൽ വാറന്റില്ലാതെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
Kerala
കൂത്താട്ടുകുളം: ഫേസ്ബുക്കിൽ കണ്ട പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത കൂത്താട്ടുകുളം സ്വദേശിനിയായ സ്ത്രീക്ക് ഓൺലൈൻ നിക്ഷേപതട്ടിപ്പിലൂടെ 25,18,063 രൂപ നഷ്ടമായി. കൂത്താട്ടുകുളം അമ്പലംകുന്നേൽ സ്ഥിരതാമസക്കാരിയായ 69കാരി നൽകിയ പരാതിയിൽ കൂത്താട്ടുകുളം പൊലിസ് കേസെടുത്തു.
2026 ഓഗസ്റ്റ് 19 മുതൽ നവംബർ 20 വരെയുള്ള കാലയളവിലാണു തട്ടിപ്പ് നടന്നത്. ഫേസ്ബുക്കിൽ പരസ്യത്തിലെ ലിങ്കിൽ പ്രവേശിച്ചതോടെയാണു പരാതിക്കാരി തട്ടിപ്പുസംഘത്തിന്റെ വലയിലായത്. 20,000 രൂപ നിക്ഷേപിച്ചാൽ ദിവസവും 25,000 രൂപ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. ആദ്യഘട്ടത്തിൽ വിശ്വാസ്യത നേടിയെടുക്കുന്നതിനായി 1,000 രൂപയും പിന്നീട് വിവിധ ദിവസങ്ങളിലായി 4,867 രൂപയും പരാതിക്കാരിക്കു തിരികെ അയച്ചുനൽകി.
തുടർന്ന് വിവിധ തീയതികളിലായി ഗൂഗിൾ പേ, ഫെഡ് മൊബൈൽ എന്നിവ വഴി പല അക്കൗണ്ടുകളിലേക്കായി വലിയ തുകകൾ കൈമാറുകയായിരുന്നു. ആകെ 25,18,063 രൂപ തട്ടിപ്പുസംഘം കൈക്കലാക്കി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണു തട്ടിപ്പിനിരയായതായി ബോധ്യപ്പെട്ടത്. ആൽബർട്ട് ബിബിൻ, റോബിൻ, സ്റ്റെഫി എന്നിവരെ പ്രതികളാക്കിയാണു പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂത്താട്ടുകുളം എസ്എച്ച്ഒ ആർ. പ്രിൻസിയാണ് അന്വേഷണം നടത്തുന്നത്.
Kerala
കൊച്ചി: ഉത്തരേന്ത്യയിൽ ക്രൈസ്തവ മിഷനറിമാർ മതപരിവർത്തനം നടത്തുന്നുവെന്നത് വസ്തുതാവിരുദ്ധമായ ആരോപണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മിഷനറിമാർ മതപരിവർത്തനം നടത്തിയിരുന്നെങ്കിൽ ഇന്നു രാജ്യത്തെ ക്രൈസ്തവജനസംഖ്യ ഇത്രയും ന്യൂനപക്ഷമായി തുടരുമായിരുന്നില്ലല്ലോ. രാജ്യത്തെ ക്രൈസ്തവരുടെ എണ്ണം കുറയുകയാണു ചെയ്തത്.
മതംമാറ്റം എന്നതു വർഗീയവാദികളുടെ തെറ്റായ പ്രചാരവേലയാണ്. ആരെയും ദ്രോഹിക്കാതെ പാവങ്ങളുടെ നന്മയെക്കരുതി മാത്രമാണു മിഷനറിമാർ സേവനം ചെയ്യുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ക്രിസ്മസ് നാളുകളിൽ ക്രൈസ്തവർക്കുനേരേ അക്രമങ്ങളുണ്ടായ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ, അത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാകണമെന്നാവശ്യപ്പെട്ട് അവിടത്തെ മുഖ്യമന്ത്രിമാർക്ക് താൻ കത്തെഴുതുമെന്നും സതീശൻ പറഞ്ഞു.
2028നു ശേഷം മഴക്കാലം വരുന്പോൾ പേടിതോന്നും പോലെ, ക്രിസ്മസ് കാലമാകുന്പോൾ ഉത്തരേന്ത്യയെക്കുറിച്ചോർത്തു ഭയമാണ്. ക്രിസ്മസ് ആഘോഷ അവസരങ്ങളിലാണു ക്രൈസ്തവ മിഷനറിമാർക്കും വിശ്വാസികൾക്കും നേരേ വർഗീയവാദികൾ അക്രമം അഴിച്ചുവിടുന്നത്.
മിഷനറിയായിരുന്ന സ്റ്റാൻ സ്വാമി ജയിലിൽ പീഡനമേറ്റാണു മരിച്ചത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇതുപോലെ ക്രൈസ്തവ മിഷനറിമാർക്കു വലിയ വെല്ലുവിളികളും പീഡനങ്ങളും നേരിടേണ്ടിവരുന്നുണ്ടെന്നും കൊച്ചിയിൽ ‘ഫേസ് ഓഫ് ദ ഫേസ്ലെസ്’ സിനിമയുടെ വിജയാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.