പ്രതീകാത്മക ചിത്രം
കൊച്ചി: കുറ്റകൃത്യങ്ങൾ തടയുന്നതിനും ലഹരിമരുന്ന് വ്യാപനവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനുമായി കേരള പൊലിസ് സംസ്ഥാനമൊട്ടാകെ നടത്തിയ മെഗാ കോമ്പിംഗ്-2 പരിശോധനയിൽ മദ്യപിച്ചു വാഹനമോടിച്ച 1,708 പേർ പിടിയിലായി.
ക്രമസമാധാനവിഭാഗം എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി പത്തു വരെയും ഇന്നലെ പുലർച്ചെ 12 മുതൽ രാവിലെ ആറു വരെയും രണ്ടു ഘട്ടങ്ങളിലായാണ് 20 പൊലിസ് ജില്ലകളിലും പരിശോധന നടത്തിയത്.
സംസ്ഥാനത്താകെ 34,180 വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ചു വാഹനം ഓടിച്ചതിന് പാലക്കാട് (203), പത്തനംതിട്ട (155) ജില്ലകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. പരിശോധിച്ച വാഹനങ്ങളിൽ 2,780 എണ്ണം ടൂറിസ്റ്റ് വാഹനങ്ങളാണ്. വാഹന പരിശോധനയിൽ പാലക്കാട് (2,901), മലപ്പുറം (2,748) ജില്ലകളും ടൂറിസ്റ്റ് വാഹന പരിശോധനയിൽ കാസർഗോഡ് (367), ഇടുക്കി (356) ജില്ലകളുമാണ് മുന്നിൽ. പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ് പരിശോധനയിൽ ആകെ 66 കേസുകൾ കണ്ടെത്തി. വ്യാജ നമ്പർ പ്ലേറ്റ് പരിശോധനയിൽ അഞ്ചു കേസുകളും രജിസ്റ്റർ ചെയ്തു.
259 എൻഡിപിഎസ് കേസുകൾ
ലഹരിമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി 259 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 157 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാലക്കാട് നടത്തിയ വാഹനപരിശോധനയിൽ 55.186 ഗ്രാം എംഡിഎംഎയും ആലപ്പുഴയിൽ നടത്തിയ വാഹനപരിശോധനയിൽ 12.870 കിലോഗ്രാം കഞ്ചാവും കണ്ടെടുത്ത് പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തി. ലഹരിക്കേസുകളുടെ എണ്ണത്തിൽ പാലക്കാട് (41), കണ്ണൂർ സിറ്റി (22) എന്നിവയാണു മുന്നിൽ.
കോടതികളിൽനിന്നുള്ള 122 വാറന്റുകളും 641 ജാമ്യമില്ലാ വാറന്റുകളും നാല് കരുതൽ തടങ്കൽ ഉത്തരവുകളും നടപ്പാക്കി. ഗുരുതര കുറ്റകൃത്യങ്ങളിലെ 28 പ്രതികളെയും ഒളിവിലായിരുന്ന മൂന്നു കുറ്റവാളികളെയും അറസ്റ്റ് ചെയ്തു.244 സംശയാസ്പദ കേന്ദ്രങ്ങൾ, 1,159 ലോഡ്ജുകൾ, 224 ഒളിത്താവളങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.
46 കാപ്പ കേസുകൾ
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 1,152 പരിശോധനകൾ നടത്തി. കാപ്പ നിയമം സെക്ഷൻ 15 പ്രകാരം 46 കേസുകൾ രജിസ്റ്റർ ചെയ്തു. കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുള്ള ഇടങ്ങൾ പരിശോധിച്ചതുമായി ബന്ധപ്പെട്ട് 224 പേരെയും 80 തീവ്രവാദ സ്വഭാവമുള്ളവരെയും പരിശോധിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ, ലഹരിമരുന്ന് ഇടപാടുകൾ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിയന്ത്രിക്കുന്നതിനുമായി ഇത്തരം കോമ്പിംഗ് ഓപ്പറേഷനുകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ക്രമാസമാധാന വിഭാഗം എഡിജിപി പി. വിജയൻ അറിയിച്ചു.
Tags : influence of alcohol Deepika DeepikaNewspaper BreakingNews 1 708 people caught driving influence of alcohol