അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ലോഗോസ് പ്രതിഭയായ അലോന നോജിക്ക് കെസിബിസി ബൈബിൾ
കൊച്ചി: 26-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ചങ്ങനാശേരി അതിരൂപതയിലെ അലോന നോജി ലോഗോസ് പ്രതിഭയായി. നെടുങ്കുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി ഇടവകാംഗമായ അലോന, സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. ലോഗോസിൽ ആദ്യമായാണു ബി ഗ്രൂപ്പിലെ മത്സരാര്‍ഥി ലോഗോസ് പ്രതിഭയാകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ബൈബിൾ ക്വിസ് പ്രോഗ്രാമെന്ന് അറിയപ്പെടുന്ന ലോഗോസിൽ ഇക്കുറി 4.70 ലക്ഷം പേർ പങ്കെടുത്തു. 600 പേര് രണ്ടാം റൗണ്ടിലേക്കും ആറുപേര്‍ ഫൈനല്‍ റൗണ്ടിലേക്കും യോഗ്യത നേടി. അതില്‍നിന്നാണു ലോഗോസ് പ്രതിഭയ്ക്കുള്ള സ്വര്‍ണമെഡലും 1,16,000 രൂപയുടെ കാഷ് അവാര്‍ഡും ട്രോഫിയും അലോന നോജി കരസ്ഥമാക്കിയത്.
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല ഫൈനലില്‍ ഒന്നാം സ്ഥാനത്തിന് എറണാകുളം അങ്കമാലി അതിരൂപതയില്‍നിന്നുള്ള റീമ ടോംസണ് അര്‍ഹയായി. കുടുംബങ്ങള്‍ക്കായുള്ള ലോഗോസ് ഫമിലിയ ക്വിസില്‍ ഇരിങ്ങാലക്കുട രൂപതയിലെ പീറ്റര്‍, ബിന്‍സി പീറ്റര്‍, ബെനറ്റ പീറ്റര്‍ ടീം ഒന്നാം സ്ഥാനത്തെത്തി.
കെസിബിസി ബൈബിള്‍ സൊസൈറ്റി നേതൃത്വം നൽകുന്ന ലോഗോസ് ക്വിസിൽ കേരളത്തിനകത്തും പുറത്തും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ മത്സരങ്ങള്‍ നടന്നു.
ആറു പ്രായവിഭാഗങ്ങളിലെ ചാമ്പ്യന്മാരെ പങ്കെടുപ്പിച്ച് പാലാരിവട്ടം പിഒസിയില്‍ ഇന്നലെയാണു ഗ്രാൻഡ് ഫിനാലെ നടന്നത്. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും : എ - ഇമ്മാക്കുലാറ്റ ജോസ് (കാഞ്ഞിരപ്പള്ളി), ബി - ബ്രദര്‍ മനീഷ് മാര്ട്ടിന് (കൊല്ലം), സി - സോജി ചാക്കോ (ചങ്ങനാശേരി ), ഡി - റൂബി ജോര്‍ജ് (തൃശൂർ ), ഇ- ആനി ജോര്‍ജ് (തൃശൂർ ).
കെസിബിസി ബൈബിൾ സൊസൈറ്റി ചെയർമാൻ ബിഷപ് മാർ ജോസ് പുളിക്കൽ വിജയികൾക്കു സമ്മാനങ്ങൾ നൽകി.
ഏറ്റവും കൂടുതല്‍ മത്സരാർഥികളെ പങ്കെടുപ്പിച്ച രൂപതകള്‍ക്കുള്ള അവാര്‍ഡുകള്‍ എറണാകുളം - അങ്കമാലി, പാലാ, തൃശൂര്‍ എന്നിവർക്കു ലഭിച്ചെന്ന് കെസിബിസി ബൈബിൾ കമ്മിഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് അറിയിച്ചു. ഏറ്റവും കൂടുതല്‍ പേരെ പങ്കെടുപ്പിച്ച ഇടവകകള്‍ക്കുള്ള അവാര്‍ഡ് കുറവിലങ്ങാട്, ഓച്ചന്തുരുത്ത്, അങ്കമാലി എന്നീ ഇടവകകൾക്കാണ്.
Tags : All-India Quiz Deepika DeepikaNewspaper BreakingNews Alona Noji Logos Pratibha