International
കുവൈത്ത് സിറ്റി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ കുവൈറ്റിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഉടൻ ഇന്ത്യയിലെത്തിക്കും. തമിഴ്നാട് രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് ഇദ്ദേഹം.
ശുഐബയിലെ ജല ശുദ്ധീകരണ പ്ലാന്റിനു നേരെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടു പാടുകൾ സംഭവിച്ചതായും ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.
സന്താന ശെൽവം മരിച്ച സംഭവത്തിൽ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. യുവാവിന്റെ കുടുംബത്തോടുള്ള അനുശോചനം എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങിപ്പോയ ആരോഗ്യ പ്രവർത്തകരെ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) കുവൈറ്റിലെത്തിച്ചു.
ആർഇജി ലേണിംഗ് സെന്റർ, ജസീറ എയർവേസ് എന്നിവയുമായി സഹകരിച്ചാണ് നാട്ടിൽ നിന്ന് ആരോഗ്യ പ്രവർത്തകരെയും കുടുംബാംഗങ്ങളെയും കുവൈറ്റിലെത്തിച്ചത്.
നഴ്സുമാർ ഉൾപ്പെടെ അൻപതിലധികം ആളുകളടങ്ങുന്ന ആദ്യ ബാച്ച് യാത്രക്കാർ കൊച്ചിയിൽ നിന്ന് സൗദി അറേബ്യയിലെ ഖൈസുമ എയർപോർട്ട് വഴിയാണ് കുവൈത്തിലെത്തിയത്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ (KNPC) കീഴിലുള്ള മിന അൽ അഹമ്മദി റിഫൈനറിയിൽ വ്യാഴാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായതായി കമ്പനി അറിയിച്ചു. റിഫൈനറിയിലെ ഒരു യൂണിറ്റിൽ നേരിയ തോതിൽ തീപിടുത്തമുണ്ടായി.
വ്യാഴാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവം നടന്ന ഉടൻ തന്നെ റിഫൈനറിയിലെ അത്യാഹിത വിഭാഗവും ധൃത കർമ്മ സേനയും സ്ഥലത്തെത്തി തീ പൂർണമായി നിയന്ത്രണവിധേയമാക്കി.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്ലാന്റിന് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാനുമുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് കെപിസി അറിയിച്ചു.
രാജ്യത്തെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ മിന അൽ അഹമ്മദിയിലുണ്ടായ ഈ സംഭവം ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സുപ്രധാന സർക്കാർ ആസ്ഥാനങ്ങളെയും തന്ത്ര പ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണങ്ങൾ സൈന്യം പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു.
കുവൈറ്റ് എയർവേസിന്റെ ഇന്ധന ടാങ്കിനു നേരെ നടന്ന ആക്രമണം സൈന്യം നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സഊദ് അബ്ദുൽ അസീസ് അൽ ഉതൈബി പറഞ്ഞു.
സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിനു നേരെയും ഞായറാഴ്ച അതിരാവിലെ ആക്രമണമുണ്ടായി. രണ്ടു സംഭവങ്ങളിലും ആളപായങ്ങളുണ്ടായതായി റിപ്പോർട്ടുകളില്ല.
NRI
കുവൈറ്റ് സിറ്റി: ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ് (ഫിമാ) കുവൈറ്റ് റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അൽ ഹാഷ്മി ബാൾ റൂമിൽ നടന്ന പരിപാടിയിൽ കുവൈത്ത് രാജ കുടുംബാംഗവും ഫർവാനിയ ഗവർണറുമായ ഷെയ്ഖ് അത്ബി നാസർ അൽ-സബാഹ്, ഇന്ത്യൻ അംബാസഡർ പരമിതാ ത്രിപാഠി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, കുവൈത്തി ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, ഫിമയുടെ അംഗ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഫിമ പ്രസിഡന്റ് കരീം ഇർഫാൻ തന്റെ ആമുഖ പ്രസംഗത്തിൽ ഫിമയുടെ സേവനങ്ങളും സാമൂഹ്യ മുന്നേറ്റ പ്രവർത്തനങ്ങളും അവലോകനം ചെയ്ത് സംസാരിച്ചു. അംഗ സംഘടനകൾ തമ്മിലുള്ള ഐക്യം, സേവനം, സഹകരണം എന്നിവയോടുള്ള ഫെഡറേഷന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യൻ അംബാസഡർ പരമിതാ ത്രിപാഠി, കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനായി ഫിമ നൽകുന്ന സംഭാവനകളെ പ്രശംസിക്കുകയും അംഗ സംഘടനകൾ തമ്മിലുള്ള ശക്തമായ ഐക്യത്തെയും സഹകരണത്തെയും അഭിനന്ദിക്കുകയും ചെയ്തു.
NRI
കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി ആവുന്നതെല്ലാം ഇന്ത്യൻ എംബസി ചെയ്യുന്നുണ്ടെന്ന് അംബാസഡർ പരമിത ത്രിപാഠി പറഞ്ഞു. ഇന്ത്യൻ സമൂഹത്തോടായി നടത്തിയ പ്രത്യേക വേർച്വൽ സന്ദേശത്തിലാണ് അംബാസഡർ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യക്കാരടക്കമുള്ള മുഴുവൻ ജനങ്ങളുടെയും സുരക്ഷയ്ക്കായി ജാഗ്രതയോടെയും പ്രഫഷണൽ മികവോടെയും കഠിനാധ്വാനം ചെയ്യുന്ന കുവൈറ്റ് സർക്കാരിനോടുള്ള കൃതജ്ഞത അംബാസഡർ എടുത്തു പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായും ഇന്ത്യ, കുവൈറ്റ് വിദേശ കാര്യ മന്ത്രിമാർ തമ്മിലും ഫോണിൽ സംസാരിച്ചതായും സ്ഥിതി ഗതികൾ ഇന്ത്യാ ഗവൺമെന്റ് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതായും അംബാസഡർ പറഞ്ഞു.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് താഴെ പറയും കാര്യങ്ങൾ അംബാസഡർ ഓർമിപ്പിച്ചു.
1. ഇന്ത്യൻ എംബസി ഈ പ്രത്യേക സാഹചര്യത്തിൽ 24 മണിക്കൂറും സേവന സന്നദ്ധമായി പ്രവർത്തിക്കും.
2. 24 മണിക്കൂറും പ്രവർത്തിക്കുന്ന എംബസി ഹെല്പ് ലൈനുമായും എംബസി ഇമെയിൽ മുഖേനയും എന്ത് സഹായത്തിനും ബന്ധപ്പെടാവുന്നതാണ്.
3. കുവൈറ്റിലെ നാല് എംബസി സേവന കേന്ദ്രങ്ങളും റംസാൻ സമയക്രമം പാലിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
4. കുവൈറ്റ് സർക്കാരും ഇന്ത്യൻ എംബസിയും പുറപ്പെടീക്കുന്ന എല്ലാ നിർദ്ദേശങ്ങളും അറിയിപ്പുകളും എംബസി വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്.
അവ ഫോളോ ചെയ്യാൻ ശ്രമിക്കുക. ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം ആശ്രയിക്കുക.
5. എയർ പോർട്ട് അടച്ചത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതരുമായി സംസാരിച്ചു വരികയാണ്.
6. മാർച്ച് അഞ്ച് വരെയുള്ള സിബിഎസ്ഇ പരീക്ഷകൾ നിർത്തി വെച്ചിരിക്കുന്ന വിവരം എംബസി നേരത്തെ അറിയിച്ചിരുന്നു. പരീക്ഷാ പുനക്രമീകരണം സിബിഎസ്ഇ പ്രഖ്യാപിക്കുന്നതായിരിക്കും.
അനാവശ്യമായി പുറത്ത് പോകാതിരിക്കാൻ അംബാസഡർ പ്രത്യേകം ആവശ്യപ്പെട്ടു. ഇന്ത്യൻ അസോസിയേഷനുകളുമായും ഇന്ത്യൻ മാധ്യമ സമൂഹവുമായും എംബസി ഓൺലൈൻ മീറ്റിംഗ് ചേർന്ന് കാര്യങ്ങൾ വിലയിരുത്തിയതയും അംബാസഡർ പറഞ്ഞു.
NRI
കുവൈറ്റ് സിറ്റി: ഇറാനിൽ യുഎസ്, ഇസ്രയേൽ ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിൽ കുവൈറ്റിൽ കനത്ത ജാഗ്രത. കുവൈറ്റിൽ നിന്ന് ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും കുവൈറ്റ് വ്യോമയാന അധികൃതർ റദ്ദാക്കി.
അമേരിക്കൻ സൈനിക താവളം സ്ഥിതി ചെയ്യുന്ന രാജ്യമാണ് കുവൈറ്റ്. ഇത് കൊണ്ട് തന്നെ അമേരിക്കക്ക് എതിരേ ഇറാൻ നടത്തിയേക്കാവുന്ന പ്രത്യാക്രമണങ്ങൾ അതീവ ഗൗരവമയാണ് കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വീക്ഷിക്കുന്നത്.
സംഘർഷം തുടർന്നാൽ വരും മണിക്കൂറുകളിൽ കുവൈറ്റ് കൂടുതൽ മുൻ കരുതൽ നടപടികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ സേവന മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ "അൽ മത്ത്കൂറി ഫാർമസി' ജലീബിൽ പ്രവർത്തനമാരംഭിച്ചു. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് സ്പോൺസർ ഫഹദ് അൽ മുത്തൈരി, അബൂ അബ്ദുല്ല ലാഫി അൽ മുത്തൈരി, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ മാനേജിംഗ് പാർട്ണർ ഡോ. ബിജി ബഷീർ, മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം കുട്ടി, ഫാർമസി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റംഷാദ് ബിൻ റഹിം, ഫർമസി ഓപ്പറേഷൻസ് മാനേജർ ഇ.വി. നിഷാന്ത്, ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി, ഡെപ്യൂട്ടി ജനറൽ മാനേജർ വി.പി. പ്രിയേഷ്, ഓപ്പറേഷൻസ് മാനേജർ ജിഷ വർഗീസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
മെട്രോ ഐ പോയിന്റ് - ജലീബ് ഉദ്ഘാടന ചടങ്ങിൽ റവ. ഫാ. സ്റ്റീഫൻ നീടുവാക്കാട്ട് (സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് റീഷ്ശ് ചർച്ച്), റവ. ഫാ. അരുണ് ബോസ് (സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്) എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അത്യാധുനികമായ പുതിയ ടെർമിനൽ (ടി2) പദ്ധതി നിർമാണത്തിന്റെ 81.14 ശതമാനവും പൂർത്തിയായതായി ഗവൺമെന്റ് പെർഫോമൻസ് മോണിറ്ററിംഗ് ഏജൻസി അറിയിച്ചു.
2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരമാണിത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ഏറ്റവും ഉയർന്ന ഗുണനിലവാരത്തിലും കാര്യക്ഷമതയിലും പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
NRI
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെജെപിഎസ്) രൂപീകൃതമായതിന്റെ 20 -ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊല്ലം ഫെസ്റ്റ് - 2026 - ദേശിങ്ങനാട് മഹോത്സവത്തിന്റെ പോസ്റ്റർ പ്രകാശന, കമ്മിറ്റി രൂപീകരണ ചടങ്ങ് അബ്ബാസിയ ഹെവൻസ് ഹാളിൽ നടന്നു.
കെജെപിഎസ് പ്രസിഡന്റ് ടി.ടി. ബിനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ ജയൻ സദാശിവൻ, രക്ഷാധികാരി ജോയി ജോൺ തുരുത്തിക്കര എന്നിവർ പങ്കെടുത്തു. ഡോ. നീതു മറിയം ചാക്കോ മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.
ദേശിങ്ങനാട് മഹോത്സവത്തിന്റെ കമ്മിറ്റി രൂപീകരണം, സംഘാടനം, നടത്തിപ്പ് എന്നിവയെക്കുറിച്ചു യോഗത്തിൽ വിശദീകരിച്ചു. യോഗത്തിൽ കെജെപിഎസ് ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതവും അജയ് നായർ നന്ദിയും രേഖപ്പെടുത്തി.
സംഘടനാ സെക്രട്ടറി രാജു വർഗീസ്, വൈസ് പ്രസിഡന്റുമാരായ തമ്പി ലൂക്കോസ്, വാഹിദ്, ഷാജി സാമുവൽ, ടൈറ്റസ് വർഗീസ്, നൈസാം പട്ടാഴി, ഐസക് വർഗീസ്, ഷംന അൽ അമീൻ, ബിജിമോൾ തുടങ്ങിയവർ പരിപാടി ഏകോപിപ്പിച്ചു.
ഏപ്രിൽ 24ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന കൊല്ലം ഫെസ്റ്റ് - 2026 - ദേശിങ്ങനാട് മഹോത്സവത്തിന്റെ പ്രധാന ആകർഷണമായി മെഗാ മ്യൂസിക്കൽ പ്രോഗ്രാം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൊല്ലത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കലാപാരമ്പര്യവും ഒരുമിപ്പിക്കുന്ന മഹോത്സവമായാണ് കൊല്ലം ഫെസ്റ്റ് - 2026 ദേശിങ്ങനാട് മഹോത്സവം സംഘടിപ്പിക്കുന്നത്.
NRI
കുവൈറ്റ് സിറ്റി: ഫിറയുടെ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്റ്റേർഡ് അസോസിയേഷൻ) നേതൃത്വത്തിൽ അബ്ബാസിയയിൽ "ലോക കേരള സഭ - 2026 ചർച്ച സമ്മേളനം' സംഘടിപ്പിച്ചു. ഫിറ സെക്രട്ടറി ചാൾസ് പി. ജോർജ് സ്വാഗതം പറഞ്ഞു.
പ്രസ്തുത ചടങ്ങിൽ ജോയിന്റ് കൺവീനർ ഷൈജിത് അധ്യക്ഷത വഹിച്ചു. ഫിറ സ്ഥാപക കൺവീനറും ലോക കേരള സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അംഗവുമായ ബാബു ഫ്രാൻസീസ് ചർച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികൾക്കിടയിലെ ജനകീയ ഇടപെടലുകൾക്ക് ലോക കേരള സഭ അംഗം ബാബു ഫ്രാൻസീസിനെ ചടങ്ങിൽ ആദരിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് പീറ്റേഴ്സ് സിഎസ്ഐ ഇടവക ആദ്യഫല പെരുന്നാൾ റവ. സാജൻ പി. മാത്യു ഉദ്ഘാടനം ചെയ്തു. സഹജീവികളുടെ വേദനകളിൽ സാന്ത്വനമായി നിലകൊള്ളുമ്പോഴാണ് ഏതൊരു ആഘോഷവും പൂർണമാകുന്നത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മനുഷ്യർക്കിടയിൽ സ്നേഹവും ഐക്യവും വളർത്താൻ ഇത്തരം കൊയ്ത്തുത്സവങ്ങൾ വേദിയാകണമെന്നും അദ്ദേഹം ആഹ്വാനം നൽകി.
NRI
കുവൈറ്റ് സിറ്റി: ലോട്ട് - ദ വാല്യൂ ഷോപ്പ് കുവൈറ്റിൽ രണ്ടാം ഔട്ട്ലറ്റ് തുറന്നു കൊണ്ട് ശൃംഖല വിപുലീകരണം ശക്തമാക്കി. ഈ മാസം 14ന് സാൽമിയയിലെ ദ വാക്ക് മാൾ കൊമേഴ്സ്യൽ കോംപ്ലക്സിലാണ് ഏകദേശം 2200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ പുതിയ ഔട്ട്ലറ്റ് ആരംഭിച്ചത്.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ബൈയിംഗ് ഡയറക്ടർ മുജീബ് റഹ്മാൻ, ഡയറക്ടർ കുവൈത്ത് റീജിയൺ ശ്രീജിത്ത്, റീജിയണൽ ഡയറക്ടർ കുവൈറ്റ് സക്കീർ ഹുസൈൻ എന്നിവർ ചേർന്നാണ് സ്റ്റോർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ലുലു മാനേജ്മെന്റിലെ മുതിർന്ന അംഗങ്ങളും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ചടങ്ങിൽ പങ്കെടുത്തു. ദൈനംദിന ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ വൈവിധ്യമാർന്ന വിഭാഗങ്ങളാണ് പുതിയ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്.
NRI
കുവൈറ്റ് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസിന്റെ പ്രതിനിധി സംഘം കുവൈറ്റിലെ ഇന്ത്യയുടെ പുതിയ അംബാസിഡർ പരമിത ത്രിപാഠിയെ ഇന്ത്യൻ എംബസിയിൽ സന്ദർശിച്ചു.
വൈസ് പ്രസിഡന്റ് ഇസ്രാർ അഹമ്മദ്, സെക്രട്ടറി ജനറൽ സിദ്ദീഖ് വലിയകത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. ഹിദായത്തുള്ള, ട്രഷറർ ബഷീർ ബത്ത എന്നിവർ ഫിമയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന സിവിൽ ഐഡി പ്രോസസിംഗിൽ ഉണ്ടാകുന്ന കാലതാമസം, സിവിൽ ഐഡിയിൽ താമസസ്ഥലത്തിന്റെ വിലാസം പുതുക്കുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ഇന്ത്യയിലെ മെഡിക്കൽ ഫിറ്റ്നസ് നടപടികൾ സംബന്ധിച്ച ബുദ്ധിമുട്ടുകൾ, കാലതാമസങ്ങൾ, നിയമ - നയങ്ങളിൽ വ്യക്തത ഇല്ലായ്മ, കുവൈറ്റിൽ പുതുതായി എത്തുന്നവർക്കായി കൂടുതൽ സുഗമവും ലളിതവുമായ നടപടിക്രമങ്ങളുടെ ആവശ്യകത, വീട്ടുജോലിക്കാരുടെ ശമ്പളം നൽകുന്നതിൽ തൊഴിലുടമകൾ സൃഷ്ടിക്കുന്ന കാലതാമസം തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.
സോഷ്യൽ മീഡിയയുൾപ്പെടെയുള്ള ലഭ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും പ്രാദേശിക - ഇന്ത്യൻ നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം അംബാസിഡർ ഊന്നിപ്പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ, കുവൈറ്റിൽ കടക്കാനുള്ള നിയമവിരുദ്ധ വിസ ഉപയോഗം തുടങ്ങിയവ തടയുന്നതിന് ഇന്ത്യൻ-കുവൈറ്റി നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അവർ എടുത്തു പറഞ്ഞു.
കൂടാതെ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും എംബസിയിൽ വരുന്നതിന് മുൻപ് രജിസ്ട്രേഷൻ നടത്തുന്നതിന്റെ മൂല്യവും അംബാസിഡർ ഊന്നിപ്പറഞ്ഞു. ഫിമയുടെ അംഗ സംഘടനകളിലൂടെ സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എംബസിയെ അറിയിക്കുന്നതും എംബസി സർക്കുലറുകളും അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് "പാരിൽ പ്രകാശമായി' വെള്ളിയാഴ്ച വൈകുന്നേരം എൻഇസികെ നോർത്ത് ടെന്റിൽ നടത്തപ്പെട്ടു.
ഇടവക വികാരി റവ. പി.ജെ. സിബി കരോൾ സർവീസിന് നേതൃത്വം നൽകുകയും റവ. അരുൺ ജോൺ (വികാരി അഹമ്മദി ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച്) ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.
NRI
കുവൈറ്റ് സിറ്റി: ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ രണ്ട് സ്റ്റോറുകൾ കൂടി കുവൈറ്റിൽ പ്രവർത്തനമാരംഭിച്ചു. റിഗെെ, ജലീബ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തത്.
ഇതോടെ കുവൈറ്റിലെ സ്റ്റോറുകളുടെ എണ്ണം 48 ആയി ഉയർന്നു. ഇതിലൂടെ കുവൈറ്റ് വിപണിയിൽ ഗ്രാൻഡ് ഹൈപ്പറിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടും.
റിഗെെ (2) സ്റ്റോർ ടെസ്ല എൻജിനിയറിംഗ് ചെയർമാൻ ചെറിയാൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചെലാട്യും ലാംകോ എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ മിസ്റ്റർ അമാനുള്ള എന്നിവരും സന്നിഹിതരായിരുന്നു.
ആദ്യ വിൽപ്പന കുവൈറ്റ് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി നിർവഹിച്ചു. ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ സീനിയർ മാനേജ്മെന്റും ജീവനക്കാരും പങ്കെടുത്തു. മുഹമ്മദ് സുനീർ (സിഇഒ), തെഹ്സീർ അലി (ഡിആർഒ), മുഹമ്മദ് അസ്ലം (സിഒഒ) എന്നിവരും സന്നിഹിതരായിരുന്നു.
NRI
കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്
പ്രശസ്ത കുവൈറ്റി അഭിഭാഷകൻ ഡോ. തലാൽ താക്കിയുടെ നേതൃത്വത്തിലാണ് പരിപാടി. പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശം തേടുവാൻ താത്പര്യമുള്ളവർ 41105354, 97405211 എന്നീ നമ്പറുകളിലോ താഴെകൊടുത്ത ഗൂഗിൾ ഫോം വഴിയോ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
NRI
കുവൈറ്റ് സിറ്റി: ലിബറലിസത്തിന്റെ ലേബൽ പതിച്ച് സാമൂഹികമായ കെട്ടുറപ്പിനെ അവതാളത്തിലാക്കാൻ പോന്ന പ്രതിലോമ ചിന്തകൾ നമ്മുടെ സാമൂഹിക പരിസരങ്ങളിൽ സമർഥമായി ഒളിച്ചു കടത്തപ്പെടുന്നുണ്ടെന്നും അതിനെതിരായി ജാഗ്രത കൈക്കൊള്ളേണ്ടതുണ്ടെന്നും പ്രമുഖ പ്രഭാഷകനും സുന്നി വോയ്സ് എഡിറ്ററുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി.
ആരോഗ്യകരമായ സംവാദ സാധ്യതകൾ തേടുന്നതിന് പകരം, പ്രകൃതിയോടും കാലത്തോടും യോജിക്കും വിധം വ്യക്തമായ കാഴ്ച്ചപ്പാടുകൾ കൊണ്ട് സമൃദ്ധമായ ഇസ്ലാമിക മൂല്യങ്ങളെ അപഹസിച്ചു കെെയടി നേടാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യം ഇസ്ലാം വിരുദ്ധതയുടെ അജണ്ട നടപ്പാക്കുന്നതിനു സാഹചര്യം ഒരുക്കുകയാണെന്ന് സമീപകാലത്തെ നിരവധി അനുഭവങ്ങളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലിബറൽ കാലത്തെ മതം: വിശ്വാസം, അനുഷ്ഠാനം, ആത്മാഭിമാനം എന്ന വിഷയത്തിൽ ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
NRI
കുവൈറ്റ് സിറ്റി: മാർത്തോമാ ഇടവകയുടെ പാരിഷ് ഫെസ്റ്റിവൽ ഈ മാസം 21ന് രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.
"ദൈവമേ ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ' (സങ്കീർത്തനങ്ങൾ: 80: 3) എന്ന ചിന്താവിഷയത്തെ അടിസ്ഥാനപ്പെടുത്തി "ഹൊസ്ദോ : ദി ഫീസ്റ്റ് ഓഫ് റിട്ടേർണിംഗ്' എന്ന അർഥം വരുന്ന സുറിയാനി വാക്കാണ് പാരീഷ് ഫെസ്റ്റിവലിനു വേണ്ടി തെരഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം.
രാവിലെ 10ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ മലങ്കര മാർത്തോമ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ്. റവ.ഡോ. യൂയാക്കിം മാർ കൂറിലോസ് മുഖ്യാതിഥിയായിരിക്കും. കൂടാതെ മറ്റ് വിശിഷ്ട വ്യക്തികൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
ഗായകരായ രഞ്ജിനി ജോസ്, ലിബിൻ സ്കറിയ, അനുപ് കോവളം, കൂടാതെ കോമഡി ആർട്ടിസ്റ്റ് സുധി കലാഭവൻ എന്നിവർ അണിനിരക്കുന്ന ഗാനവിരുന്നും കോമഡി പരിപാടിയും പാരീഷ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു.
വിവിധ കലാപരിപാടികൾ, സ്പോർട്സ് ആൻഡ് ഗെയിംസ്, അത്ഭുത ചെപ്പ്, ബിങ്കോ, നിരവധി വ്യത്യസ്തമായ വിഭവങ്ങൾ ഒരുക്കുന്ന ഭക്ഷണശാലകൾ, നാടൻ തട്ടുകട എന്നിവയും ക്രമീകരിച്ചിരിക്കുന്നു
ഇടവക വികാരി റവ. ഡോ. ഫിനോ എം. തോമസിന്റെയും ജനറൽ കൺവീനർ ജോബി കാരമേലിന്റെയും ഇടവക ചുമതലക്കാരുടെയും നേതൃത്വത്തിൽ വിപുലമായ 18 കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
NRI
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
മഹാ ഇടവക വികാരി റവ.ഫാ.ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ.ഫാ. മാത്യൂ തോമസ്, ഇടവക ട്രസ്റ്റി ദീപക് അലക്സ് പണിക്കർ, സെക്രട്ടറി ജേക്കബ് റോയ്, സഭാ മാനേജിംഗ് കമ്മറ്റിയംഗം മാത്യു കെ. ഇലഞ്ഞിക്കൽ, പെരുന്നാൾ കൺവീനർ സിബി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമപെരുന്നാളിനോടനുബന്ധിച്ച് വ്യാഴാഴ്ച ക്രമീകരിച്ചിരിക്കുന്ന സന്ധ്യാ നമസ്കാരം, റാസ, ഇടവക ദിന പരിപാടികൾ, വെള്ളിയാഴ്ച രാവിലെ എൻഇസികെയിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾ എന്നിവയ്ക്ക് തിരുമേനി മുഖ്യകാർമികത്വം വഹിക്കും.
NRI
കുവൈറ്റ് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിൽ എത്തി. മന്ത്രിമാരുമായും കുവൈറ്റ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് അറിയുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം മൻസൂരിയ അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ സ്വീകരണ പരിപാടിയിൽ അദ്ദേഹം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും.
ഒഐസിസി, കെഎംസിസി തുടങ്ങിയ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനവുമായി സഹകരിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് വൈകുന്നേരം യുഡിഎഫ് വഞ്ചനാദിനം ആചരിക്കുകയാണ്.
NRI
കുവൈറ്റ് സിറ്റി: കെഐജിക്ക് കീഴിലുള്ള മദ്റസകളിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷത്തിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥകൾക്കുള്ള ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു. റിഗയിലെ ഔഖാഫ് ബിൽഡിംഗ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
അൽ മദ്റസത്തുൽ ഇസ്ലാമിയ അബാസിയയിലെ ഫിസ അഷ്റഫ് ഖിറാഅത്ത് നിർവഹിച്ചു. വിദ്യാഭ്യാസ ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ താജുദ്ദീൻ മദീനി സ്വാഗതം ആശംസിച്ചു.
കുവൈറ്റിലെ പ്രവാസികൾക്കിടയിൽ ഇസ്ലാമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെഐജിയുടെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഔഖാഫ് മന്ത്രാലയത്തിലെ വിദേശകാര്യ വിഭാഗം ആക്ടിംഗ് ഡയറക്ടർ സത്താം ഖാലിദ് മുഹമ്മദ് അൽ-മുസയ്ൻ ഉദ്ഘാടനം നിർവഹിച്ചു.
കെഐജി പ്രസിഡന്റ് പി.ടി. മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. ശരിയായ ഇസ്ലാമിക മൂല്യങ്ങളും അക്കാദമിക് മികവുമുള്ള വിദ്യാർഥികളെ വളർത്തിയെടുക്കുന്നതിനുള്ള കെഐജിയുടെ പ്രതിബദ്ധതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ ഡോ. അലിഫ് ഷുക്കൂർ ബോർഡിന്റെ വിദ്യാഭ്യാസ സംരംഭങ്ങൾ, നേട്ടങ്ങൾ, ഭാവി കാഴ്ചപ്പാട് എന്നിവയെക്കുറിച്ച് വിശദമായ പ്രസന്റേഷൻ അവതരിപ്പിച്ചു.
കുവൈറ്റിലെ വിവിധ സാമൂഹിക-മത സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചെത്തിയ അറബ് വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു. കെഐജിയുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ സംഭാവനകളെ പ്രശംസിച്ചുകൊണ്ട് അവർ ആശംസകൾ നേർന്നു.
നൈസം, ഷാഹിദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവാർഡ് വിതരണ ചടങ്ങിൽ, അറബ് അതിഥികൾ ബിരുദധാരികൾക്ക് പുരസ്കാരങ്ങൾ നൽകി. ഈ വർഷം 51 വിദ്യാർഥികളാണ് ബിരുദം നേടിയത്.
മലയാളം മീഡിയത്തിൽ, എഎംഐ ഫഹാഹീലിലെ ഫാത്തിമ ഫർഹ ജിസിസി തലത്തിലും കുവൈറ്റ് തലത്തിലും ഒന്നാം റാങ്കും ആഗോളതലത്തിൽ രണ്ടാം റാങ്കും നേടി.
എഎംഐ അബ്ബാസിയയിലെ റെഹാൻ അൻസാർ, ഫിസ അഷ്റഫ് എന്നിവർ യഥാക്രമം കുവൈറ്റ് തലത്തിൽ രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കി.
ഇംഗ്ലീഷ് മീഡിയത്തിൽ, സാൽമിയ ബ്രാഞ്ചിലെ റിയോൺ മുഹമ്മദ് റമദാൻ, ഹൽമത് സാദിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി. ഫഹാഹീലിലെ നജാഹ് ഫാത്തിമ മൂന്നാം റാങ്ക് നേടി.
വിദ്യാഭ്യാസ ബോർഡ് അംഗം അബ്ദു റസാഖ് നദ്വി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് അതിഥികൾ, ബിരുദധാരികൾ, ബോർഡ് അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്ത ഗ്രൂപ്പ് ഫോട്ടോ സെഷൻ നടന്നു.
പ്രവാസികൾക്കിടയിൽ ഇസ്ലാമിക വിദ്യാഭ്യാസവും സാമൂഹിക മികവും വളർത്തുന്നതിനുള്ള കെഐജിയുടെ പരിശ്രമങ്ങളിൽ ഒരു നാഴികക്കല്ലായി ബിരുദദാനച്ചടങ്ങ് മാറി.
നിലവിൽ കെഐജി കുവൈറ്റിൽ എട്ട് മദ്റസകൾ നടത്തുന്നുണ്ട്. നാലെണ്ണം മലയാളം മീഡിയത്തിലും നാലെണ്ണം ഇംഗ്ലീഷ് മീഡിയത്തിലും ആണ് പ്രവർത്തിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്ലാസുകൾ.
ഖുറാൻ, ഹദീസ്, അഖീദ, ഫിഖ്ഹ്, ഇസ്ലാമിക ചരിത്രം, ദിനംപ്രതിയുള്ള ദുആകൾ, മര്യാദകൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് കെജി മുതൽ പ്രൈമറി തലം വരെ നൽകപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ഇംഗ്ലീഷ് മീഡിയത്തിൽ 65762175 (ഫഹാഹീൽ), 65757138 (ഖൈത്താൻ), 55238583 (സാൽമിയ), 99354375 (ജഹ്റ) എന്നീ നമ്പറുകളിലും മലയാളം മീഡിയത്തിൽ 66977039 (സാൽമിയ), 50111731 (ഫർവാനിയ), 99771469 (ജലീബ്), 65975080 (ഫഹാഹീൽ) എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
NRI
കുവൈറ്റ് സിറ്റി: പ്രയാണം - കുവൈറ്റ് ഇന്ത്യൻ അസോസിയേഷനും ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും ചേർന്ന് ഈ മാസം 14ന് രാവിലെ ഒമ്പത് മുതൽ 12 വരെ അൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ദാതാക്കൾക്കായി ഗതാഗത സൗകര്യം ലഭ്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫ്ലയറിലുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാമെന്നും കൂടുതൽ വിവരങ്ങൾക്ക് 90041663 അല്ലെങ്കിൽ 98867234 എന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.