കുവൈറ്റ് സിറ്റി: ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ് (ഫിമാ) കുവൈറ്റ് റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അൽ ഹാഷ്മി ബാൾ റൂമിൽ നടന്ന പരിപാടിയിൽ കുവൈത്ത് രാജ കുടുംബാംഗവും ഫർവാനിയ ഗവർണറുമായ ഷെയ്ഖ് അത്ബി നാസർ അൽ-സബാഹ്, ഇന്ത്യൻ അംബാസഡർ പരമിതാ ത്രിപാഠി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, കുവൈത്തി ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, ഫിമയുടെ അംഗ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഫിമ പ്രസിഡന്റ് കരീം ഇർഫാൻ തന്റെ ആമുഖ പ്രസംഗത്തിൽ ഫിമയുടെ സേവനങ്ങളും സാമൂഹ്യ മുന്നേറ്റ പ്രവർത്തനങ്ങളും അവലോകനം ചെയ്ത് സംസാരിച്ചു. അംഗ സംഘടനകൾ തമ്മിലുള്ള ഐക്യം, സേവനം, സഹകരണം എന്നിവയോടുള്ള ഫെഡറേഷന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യൻ അംബാസഡർ പരമിതാ ത്രിപാഠി, കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനായി ഫിമ നൽകുന്ന സംഭാവനകളെ പ്രശംസിക്കുകയും അംഗ സംഘടനകൾ തമ്മിലുള്ള ശക്തമായ ഐക്യത്തെയും സഹകരണത്തെയും അഭിനന്ദിക്കുകയും ചെയ്തു.

സമൂഹ സംഘടനകൾ കുവൈത്തിൽ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ വഹിക്കുന്ന സേവനങ്ങൾ വിലമതിക്കുന്നതായി അവർ പറഞ്ഞു. ഷെയ്ഖ് അത്ബി നാസർ അൽ-സബാഹ് ഫിമയ്ക്കും കുവൈറ്റിലെ മൊത്തം ജനങ്ങൾക്കും റമദാൻ ആശംസകൾ നേർന്നു.
കുവൈത്തിൽ സാമൂഹിക ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ സംഘടനകളുടെ പങ്ക് അദ്ദേഹം പ്രശംസിച്ചു. വലിയ പങ്കാളിത്തത്തോടെ നടന്ന പരിപാടി സമൃദ്ധമായ വിരുന്നോടെ സമാപിച്ചു.
ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ഓർമപ്പെടുത്തലായ വിജയകരമായ ആഘോഷമായി ചടങ്ങു മാറി. ബഷീർ ബാത്ത, മുബീൻ ഷെയ്ഖ് , മെഹബൂബ് നടേമ്മൽ, അസ്ലം താക്കൂർ, കെ.വി. ഫൈസൽ , വാജിദ് അലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇഷാൻ അഹമ്മദിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ഇസ്റാർ അഹമ്മദ് സ്വാഗത ഭാഷണം നടത്തി. ഡോ. ഹിദായത്തുള്ളയുടെ നന്ദി പ്രകടനത്തോടെ പരിപാടി അവസാനിച്ചു.