District News
കൽപ്പറ്റ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ബീനാച്ചി-പനമരം റോഡിലെ മാത്തൂർ പ്രദേശത്തു റോഡ് കോണ്‍ക്രീറ്റിംഗ് പ്രവൃത്തി പുരോഗമിക്കുന്നതിനാൽ നീർവാരം റോഡ് ജംഗ്ഷൻ മുതൽ നെല്ലിയന്പം റോഡ് ജംഗ്ഷൻ വരെയുള്ള വാഹന ഗതാഗതം ഇന്നു മുതൽ പൂർണമായും നിയന്ത്രിക്കും. ബത്തേരിയിൽ നിന്നും പനമരം ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കുന്ന വാഹനങ്ങൾ നെല്ലിയന്പം റോഡ് വഴി പോകണം.
District News
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എത്തുന്നതുമായി ബന്ധപ്പെട്ട് നാളെ കോന്നി മുതൽ ആറാട്ടുപുഴ വരെയുള്ള ഭാഗങ്ങളിൽ വാഹന നിയന്ത്രണം ഉണ്ടാകും. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒമ്പത് മുതൽ നടക്കുന്ന റിഹേഴ്സലുമായി ബന്ധപ്പെട്ടും ഇതേ രീതിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങുന്ന ഉപരാഷ്ട്രപതി പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷൻ, ഇലന്തൂർ, തെക്കേമല വഴിയാണ് ആറന്മുളയിലെത്തുക. നാളെ രാവിലെ 11.30ഓടെ എല്ലാ സ്ഥലങ്ങളിലും നിയന്ത്രണങ്ങളുണ്ടാകും.ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിട്ട് മുമ്പ് മുതൽ കോന്നി ജംഗ്ഷനിൽ നിന്ന് തെങ്ങുംകാവ് - പൂങ്കാവ് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. പൂങ്കാവ് ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും കോന്നി മലയോര ഹൈവേ വഴി തിരിച്ചുവിടും.
പത്തനംതിട്ടയിൽ
ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുന്‍പ് മുതൽ തോന്ന്യാമല ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് കടത്തിവിടില്ല. വാഹനങ്ങളെ ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് ജംഗ്ഷനിലേക്ക് തിരിച്ചുവിടും.
ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് ജംഗ്ഷനിൽ (ഡിപിഒ) രാവിലെ ഒമ്പതു മുതൽ കടമ്മനിട്ട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് കടത്തിവിടാതെ ഡിപിഒ ജംഗ്ഷനിലേക്കു തിരിച്ചുവിടും. പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങളുടെ യാത്ര കടമ്മനിട്ട വഴിയാക്കിയിട്ടുണ്ട്.
മറ്റ് റോഡുകളിൽ നിന്നും പത്തനംതിട്ട ടൗണിലേക്ക് പ്രവേശിക്കുന്നത് തടയുന്ന രീതിയിൽ വാഹനങ്ങളെ വഴി തിരിച്ചുവിടും .കുമ്പഴ ജംഗ്ഷനിൽ നിന്ന് പത്തനംതിട്ട ടൗണിലേക്കുള്ള പ്രവേശനം ഒഴിവാക്കി വാഹനങ്ങളെ മലയോര ഹൈവേ വഴി തിരിച്ചുവിടും.
പത്തനംതിട്ട അബാൻ ജംഗ്ഷനിലും ഇതേസമയം നിയന്ത്രണമുണ്ടാകും. അഴൂർ, മിനി സിവിൽ സ്റ്റേഷൻ ഭാഗങ്ങളിലേക്കുള്ള ഗതാഗതംതടഞ്ഞ് വഹനങ്ങൾ വഴിതിരിച്ചുവിടും.പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ അഴൂർ ഭാഗത്തേക്കും സ്റ്റേഡിയം ജംഗ്ഷനിലേക്കും വാഹനങ്ങൾ പ്രവേശിക്കാതെ വഴി തിരിച്ചുവിടും.
മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ വാഹനങ്ങളെ അവയുടെ യാത്രാദിശയ്ക്കനുസരിച്ച് ഡിപിഒ, അബാൻ ജംഗ്ഷനുകളിലേക്ക് വഴി തിരിച്ചുവിടും. ടികെ റോഡിൽ പത്തനംതിട്ട മുതൽ തെക്കേമല വരെയുള്ള ജംഗ്ഷനുകളിൽ ഇടവഴികളിൽ നിന്നും ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനു തൊട്ടുമുന്പുതന്നെ വാഹനങ്ങളുടെ പ്രവേശനം തടയും.
ആറന്മുളയിൽ
രാവിലെ ഒന്‍പതു മുതൽ ശബരി ബാലാശ്രമത്തിലേക്കുള്ള റോഡിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കും. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മാത്രമേ വാഹനങ്ങൾ അനുവദിക്കൂ.
എംടി എൽപിഎസ് നാൽക്കാലിക്കലിന് സമീപം കോഴിപ്പാലത്തേക്കുള്ള ചെറിയ റോഡിലൂടെ കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങളെ രാവിലെ ഒന്‍പതു മുതൽ കോഴിപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടും കോഴിപ്പാലത്ത് നിന്ന് വരുന്ന വാഹനങ്ങളെ കിടങ്ങന്നൂർ ഭാഗത്തേക്കും തിരിച്ചുവിടും.
കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങളെ കോഴിപ്പാലം ഭാഗത്തേക്ക് നാൽക്കാലിക്ൽ ജംഗ്ഷനി നിന്നു തിരിച്ചുവിടും. കോഴിപ്പാലത്തു നിന്നു വരുന്ന വാഹനങ്ങളെ കിടങ്ങന്നൂർ ഭാഗത്തേക്കും തിരിച്ചുവിടും.
കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങളെ വാഴെപ്പടി ജംഗ്ഷനിൽ നിന്നു രാവിലെ ഒന്‍പതു മുതൽ കോഴിപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടും. കോഴിപ്പാലത്ത് നിന്ന് വരുന്ന വാഹനങ്ങളെ കിടങ്ങന്നൂർ ഭാഗത്തേക്ക് തിരിച്ചുവിടും.
കിടങ്ങന്നൂർ ജംഗ്ഷനിൽ രാവിലെ ഒമ്പത് മുതൽ ആറന്മുളയിലേക്ക് പോകുന്ന വാഹനങ്ങളെ ട്രാഫിക് പ്ലാൻ പ്രകാരം ചെങ്ങന്നൂർ, കോഴിപ്പാലം തുടങ്ങിയ അനുയോജ്യമായ മറ്റ് റോഡുകളിലേക്ക് തിരിച്ചുവിടും.കോഴിപ്പാലം ജംഗ്ഷനിൽ നിന്നു രാവിലെ ഒമ്പത് മുതൽ ആറന്മുള സത്രംകടവ് പ്രദേശത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനു വിലക്കുണ്ടാകും.
ചെങ്ങന്നൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളെ ആഞ്ഞിലിമൂട് പാലം വഴി തിരിച്ചുവിടും.ചെങ്ങന്നൂരിൽ നിന്ന് പന്തളത്തേക്ക് പോകുന്ന വാഹനങ്ങളെ മാലക്കര ജംഗ്ഷനിൽ നിന്ന് രാവിലെ ഒന്‍പതു മുതൽ വഴിതിരിച്ചുവിടും .ചെങ്ങന്നൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളെ ആറാട്ടുപുഴ പാലം വഴിയും തിരിച്ചുവിടും.
കോഴഞ്ചേരിയിൽ
രാവിലെ ഒമ്പത് മുതൽ കോഴഞ്ചേരിയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന വാഹനങ്ങള പഴയതെരുവ് ജംഗ്ഷനിൽ നിന്ന് കടമ്മനിട്ട വഴി തിരിച്ചുവിടും. ടിബി ജംഗ്ഷനിൽ നിന്ന് രാവിലെ ഒമ്പത് മുതൽ തെക്കേമല ജംഗ്ഷനിലേക്കുള്ള പ്രവേശനം ഒഴിവാക്കുകയും വാഹനങ്ങളെ കോഴഞ്ചേരി വൺ-വേ പാതയിലൂടെ തിരിച്ചുവിടുകയും ചെയ്യും.
District News
മാനന്തവാടി: ഓണ വിപണി ഉണരുകയും ഓണാഘോഷ അവധിക്കായി വിദ്യാലയങ്ങള്‍ അടയ്ക്കുകയും ചെയ്തതോടെ നഗരത്തില്‍ രാത്രികാലങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മാനന്തവാടി-മൈസൂര്‍ റോഡിലാണ് കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പകല്‍ സമയങ്ങളില്‍ ഈ റോഡില്‍ വണ്‍വേ സംവിധാനമാണ്.
എന്നാല്‍ രാത്രിയായാല്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന കാഴ്ചയാണ്. വള്ളിയൂര്‍ക്കാവ് റോഡ്, മൈസൂര്‍ റോഡ്, ജോസ് ടാക്കിസ് റോഡ് എന്നിവിടങ്ങളില്‍ നിന്നെല്ലാം വാഹനങ്ങള്‍ രാത്രി എട്ട് കഴിയുന്നതോടെ ഗാന്ധി പാര്‍ക്ക് വഴി കടന്ന് പോകുന്നതാണ് ഗതാഗത തടസം സൃഷ്ട്ടിക്കുന്നത്. മെഡിക്കല്‍ കോളജിലേക്ക് അത്യാസന നിലയില്‍ രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ക്ക് ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കുകയാണ്.
District News
കായംകുളം: താലൂക്ക് ആശുപത്രിയുടെ കിഴക്ക് ഭാഗത്തു കൂടി ദേശീയപാതയിലേക്കു പോകുന്ന റോഡിലെ ഗതാഗത തടസം ഒഴിവാക്കാനും റോഡിന് വീതികൂട്ടാനും നഗരസഭ തീരുമാനിച്ചു. ഇതേത്തുടർന്ന് ആശുപത്രിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ പഴയ മതിൽ പൊളിച്ചുമാറ്റി. റോഡ് സൗകര്യത്തിനായി രണ്ടു മീറ്റർ അകത്തേക്കു മാറ്റി പുതിയ മതിൽ നിർമിക്കുമെന്ന് ചെയർമാൻ ശരത് ലാൽ പറഞ്ഞു.
2014ൽ യുഡിഎഫ് നഗരഭരണകാലത്താണ് എഇഒ ഓഫീസ് മുതൽ വടക്കോട്ടുള്ള ഹൈസ്കൂൾ മതിൽ ഭാഗങ്ങളും ആശുപത്രി മതിൽ ഭാഗങ്ങളും രണ്ടു മീറ്റർ മാറ്റി നഗരസഭ റോഡ് വിപുലീകരിച്ചത്. ഈ റോഡിലെ വീതി വർധിപ്പിക്കുന്നതോടെ രണ്ടു വാഹനങ്ങൾക്ക് തടസമില്ലാതെ ഗതാഗതം സുഗമമാക്കാൻ കഴിയുമെന്ന് ചെയർമാൻ പറഞ്ഞു.
District News
തൊടുപുഴ: നഗരത്തില്‍ വെങ്ങല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ ഇവിടുത്തെ പഴയ റോഡിനും പുതിയ റോഡിനും ഇടയിലുള്ള സ്ഥലം ഏറ്റെടുക്കണമെന്ന് നഗരസഭാ കൗണ്‍സിലില്‍ പ്രമേയം.
ഊന്നുകല്‍ റോഡില്‍നിന്നുള്ള പഴയ റോഡിന്റെ വലതുഭാഗത്തുള്ള സ്ഥലവും കോലാനി ബൈപാസിലേക്കു തിരിയുന്ന ഇടതു ഭാഗത്തെ സ്ഥലവും ഏറ്റെടുത്ത് റോഡിനു വീതി കൂട്ടിയാല്‍ ഇവിടെ ഇടതുഭാഗത്തേക്ക് തിരിഞ്ഞ് വാഹനങ്ങള്‍ക്ക് എളുപ്പം പോകാന്‍ സാധിക്കും.യാത്രക്കാര്‍ക്കായി ബസ് കാത്തിരിപ്പു കേന്ദ്രവും നിര്‍മിക്കാനാകും. ഇതോടെ ഗതാഗത തടസത്തിനു പരിഹാരമാകുമെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. സുധാകരന് നായര്‍ അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കി. ഇത് എംഎല്‍എ, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നല്‍കാനും തീരുമാനിച്ചു.
പഴയ ബസ് സ്റ്റാന്‍ഡിന്റെ ഭാഗമായ 76.62 സെന്റ് ഭൂമി റവന്യു വകുപ്പിന്റേതാണെന്നും ഇവിടെ സ്മാര്‍ട്ട് വില്ലേജ് ഓഫിസും റവന്യു ഐബിയും നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതായും പറഞ്ഞ് തൊടുപുഴ തഹസില്‍ദാര്‍ നഗരസഭയ്ക്കു കത്തു നല്‍കിയത് പ്രതിഷേധത്തിനിടയാക്കി. പഴയ ബസ് സ്റ്റാന്‍ഡും പിന്നിലുള്ള സ്ഥലവും നഗരസഭയ്ക്കു നേരത്തേ കൈമാറിയതാണെന്നും ഇത് ഒരു കാരണവശാലും വിട്ടുകൊടുക്കാന്‍ സമ്മതിക്കില്ലെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എംഎല്‍എയെയും റവന്യു മന്ത്രിയെയും സമീപിക്കാനും തീരുമാനിച്ചു.
ഇതിനിടെ കൈക്കൂലിക്കേസില്‍ അസി. എക്സി. എന്‍ജിനിയര്‍ പിടിയിലായ സംഭവത്തിലെ പരാതിക്കാരന് മുന്‍കൂര്‍ അനുമതിയില്ലാതെ കോലാനി ഭാഗത്ത് കെട്ടിടത്തിന് നാലാംനില നിര്‍മിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ യോഗത്തില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് അപ്പോള്‍ത്തന്നെ ഓവര്‍സീയറെ സ്ഥലത്തുവിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് കെട്ടിടനിര്‍മാണം സ്റ്റേ ചെയ്യാന്‍ വൈസ് ചെയര്മാന് കെ. ദീപകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
District News
നെടുങ്കണ്ടം: താന്നിമൂട് - തേവാരംമെട്ട് പിഡബ്ല്യുഡി റോഡിൽ വികസനപ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ 13 മുതൽ 15 വരെ പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.താന്നിമൂട്ടിൽനിന്ന് ഒരു കിലോമീറ്റർ മാറി 48 പടി ഭാഗത്തുള്ള വെള്ളക്കെട്ടുള്ള വളവിൽ ഇന്റർലോക്കിംഗ് ടൈൽ വിരിക്കുന്നതിനാണ് റോഡ് അടച്ചിടുന്നത്. ഈ ദിവസങ്ങളിൽ വാഹനഗതാഗതം പൂർണമായും തടയും.
താന്നിമൂട്ടിൽനിന്ന് കോമ്പയാർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ താന്നിമൂട് - മുണ്ടിയെരുമ - കോമ്പയാർ വഴി പോകണം.കോമ്പയാറിൽനിന്ന് നെടുങ്കണ്ടം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കോമ്പയാർ - മുണ്ടിയെരുമ - താന്നിമൂട് വഴി യാത്ര ചെയ്യേണ്ടതാണ്.
District News
പിറവം: ഓണക്കൂറിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ -പിറവം റോഡിൽ ഇന്നലെ രാവിലെ 9.30 - ഓടെയാണ് മരം റോഡിലേക്ക് പതിച്ചത്. ഓണക്കൂർ പഴയ ഷാപ്പിന് സമീപം പുരയിടത്തിൽ നിന്നിരുന്ന പ്ലാവാണ് മറിഞ്ഞു വീണത്. ഈ സമയം വാഹങ്ങൾ ഇതു വഴി വരാതിരുന്നതിനാൽ അപകടം ഒഴിവായി.
പിറവത്തു നിന്നും മുവാറ്റുപുഴ, കൂത്താട്ടുകുളം ഭാഗത്തേക്കുള്ള തിരക്കേറിയ റോഡാണിത്. ഇതേത്തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് പിറവത്തു നിന്നും അഗ്നിശമന സേനാ വിഭാഗമെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
District News
മലപ്പുറം: കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം നിലച്ച നാടുകാണി-പരപ്പനങ്ങാടി സംസ്ഥാനപാതയിലെ എടായിപ്പാലത്ത് റോഡിൽ വീണ മണ്ണും മരങ്ങളും പൂർണമായും നീക്കം ചെയ്ത് റോഡ് ഗതാഗതത്തിന് സജ്ജമായി.
ഇന്നലെ രാവിലെ ഏഴ് മുതൽ മലപ്പുറം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളുടെയും 12 ടോറസ് ലോറികളുടെയും 11 ടിപ്പർ ലോറികളുടെയും സഹായത്തോടെ 135 ലോഡ് മണ്ണ് കൂടി നീക്കം ചെയ്താണ് റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാക്കിയത്.
ചൊവ്വാഴ്ച നാല് മണ്ണുമാന്തി യന്ത്രങ്ങളും 47 ലോറികളിലുമായി 238 ലോഡ് മണ്ണാണ് നീക്കം ചെയ്തിരുന്നത്.
ഇതോടെ തിങ്കളാഴ്ച രാവിലെ മണ്ണിടിച്ചിലിനെത്തുടർന്ന് പാണക്കാട് എടായിപ്പാലത്ത് റോഡിൽ വന്നടിഞ്ഞ 373 ലോഡ് മണ്ണാണ് ആകെ നീക്കം ചെയ്തത്.
മണ്ണ് പൂർണമായും നീക്കിയെങ്കിലും റോഡിലെ ചെളി വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുമെന്ന സാഹചര്യത്തിൽ അഗ്നിരക്ഷാ സേനയുടെ മൊബൈൽ ടാങ്ക് യൂണിറ്റ് രണ്ടര മണിക്കൂറോളം വെള്ളം പന്പ് ചെയ്ത് റോഡിലെ ചെളി പൂർണമായും നീക്കം ചെയ്താണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.
ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം നഗരസഭയുടെയും വിവിധ വകുപ്പുകളുടെയും സിവിൽ ഡിഫൻസ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഇന്നലെ വൈകിട്ട് ഏഴോടെയാണ് റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാക്കിയത്.
ഇന്ന് രാവിലെ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ റോഡ് ഗതാഗതത്തിനായി തുറന്നുനൽകുന്നതിൽ തീരുമാനമെടുക്കും.
District News
പൊൻകുന്നം: പൊൻകുന്നം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചിറക്കടവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ട്രാഫിക് പരിഷ്കരണ നടപടികൾ തുടങ്ങി. നിലവിൽ ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം, വഴിയോര പാർക്കിംഗ് നിയന്ത്രണം, വഴിയോരക്കച്ചവട നിയന്ത്രണം എന്നിവയാണ് നടപ്പായത്. ആവശ്യമായ ബോർഡുകൾ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ സ്ഥാപിച്ചു.
ഇനി വേണ്ടത് ദേശീയപാത വിഭാഗത്തിന്റെ ഇടപെടലാണ്. ദേശീയപാതയും പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന പൊൻകുന്നം ട്രാഫിക് കവലയിലാണ് കൂടുതൽ ക്രമീകരണം വേണ്ടത്.
എന്നാൽ ഇത് നടപ്പാക്കേണ്ടത് ദേശീയപാത വിഭാഗമാണ്. വാഹനങ്ങൾ ദേശീയപാതയിലൂടെ കാഞ്ഞിരപ്പള്ളി റൂട്ടിലേക്കും സിവിൽ സ്റ്റേഷന് എതിർവശത്തുള്ള പൊൻകുന്നം-പുനലൂർ റോഡിലേക്കും തിരിഞ്ഞുപോകുന്നതിനിടെ മറ്റ് വാഹനങ്ങൾ കുരുങ്ങുന്നുണ്ട്.
പൊൻകുന്നം-പുനലൂർ ഹൈവേയിൽ വരുന്ന വാഹനങ്ങൾ അരകിലോമീറ്ററിലേറെ കയറ്റം കയറി വന്നാണ് പൊൻകുന്നം പട്ടണത്തിൽ ദേശീയപാതയിൽ കയറേണ്ടത്. കയറ്റം കയറിയെത്തുന്ന വാഹനങ്ങൾ പലപ്പോഴും നിരയായി കിടക്കേണ്ടി വരുന്നുണ്ട്. ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കോട്ടയം ഭാഗത്തേക്കും കാഞ്ഞിരപ്പള്ളി ഭാഗത്തേക്കും തിരിയുന്നതിനിടെ ദേശീയപാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കുരുക്കിൽ പെടും. ഇതിനിടയിൽ തൊട്ടടുത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ ഇറങ്ങിവരുന്നതും പ്രശ്നമാകുന്നുണ്ട്.
ഓരോ ദിശയിലേക്കുമുള്ള വാഹനങ്ങൾ കടന്നുപോകാനുള്ള ലൈനുകൾ സ്ഥാപിച്ചാലേ പ്രശ്ന പരിഹാരമാകൂ. ഇത് ചെയ്യേണ്ടത് ദേശീയപാതാ വിഭാഗമാണ്. പഞ്ചായത്ത് ഇവരുമായി ബന്ധപ്പെട്ട് നടപടികൾക്ക് ശ്രമിക്കുന്നുണ്ട്.
District News
മംഗലംഡാം: മംഗലംഡാം എർത്ത്ഡാമിൽ വലിയ മരം കടപുഴകി റോഡിൽ വീണു. ഇന്നലെ വൈകുന്നേരം ആറരയോടെയാണു സംഭവം. ഈസമയം റോഡിൽ വാഹനങ്ങളും വഴിയാത്രക്കാരോ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. 11 കെവി വൈദ്യുതിപോസ്റ്റും ലൈനും തകർന്നു. ഈറൂട്ടിലൂടെയുള്ള വാഹനഗതാഗതവും തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതിവിതരണവും മുടങ്ങിയിട്ടുണ്ട്. ഇവിടെത്തന്നെ ഇനിയും വൻമരങ്ങൾ കേടുവന്നും പ്രായാധിക്യവുമായി അപകടഭീഷണിയിലുണ്ട്. ഈ മരങ്ങൾ ഉടൻ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
കൊച്ചി: മണ്‍സൂണിനുമുമ്പ് അങ്കമാലി - മണ്ണുത്തി ദേശീയപാതയില്‍ ഗതാഗതം സുഗമമാക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്.എല്‍. സുന്ദരേശന് അറിയിച്ചു.
കേന്ദ്രത്തിന്റെ ഉറപ്പ് രേഖപ്പെടുത്തിയ ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിഷയം മേയ് 28ന് പരിഗണിക്കാന്‍ മാറ്റി.
അടിപ്പാതകളുടെ നിര്‍മാണം, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവയുടെ പുരോഗതി സംബന്ധിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ദേശീയപാത ശോച്യാവസ്ഥയില്‍ തുടരുമ്പോഴും തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.
District News
എടക്കര: ഗതാഗതരംഗത്ത് വികസന കുതിപ്പായി മലയോര ഹൈവേയുടെ രണ്ട് റീച്ചുകൾ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. ചാത്തമുണ്ട മുതൽ മുണ്ടേരി സീഡ് ഫാം വരെയുള്ള പാതയുടെയും പൂക്കോട്ടുംപാടം മുതൽ മൈലാടി പാലം വരെയുള്ള പാതയുടെയും ഉദ്ഘാടനമാണ് മന്ത്രി ഓണ്‍ലൈനായി നിർവഹിച്ചത്. ചാത്തമുണ്ട ജംഗ്്ഷനിൽ നടത്തിയ ചടങ്ങിൽ അധ്യക്ഷത വഹിച്ച ആര്യാടൻ ഷൗക്കത്ത് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.കിഫ്ബി ഫണ്ടിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലായിരുന്നു നിർമാണം.
കേരള റോഡ് ഫണ്ട് ബോർഡ് നോർത്ത് സർക്കിൾ ടീം ലീഡർ ഇ.ജി. വിശ്വപ്രകാശ്, പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, വൈസ് പ്രസിഡന്റ് കെ. സറഫുന്നീസ, പഞ്ചായത്തംഗം ഇ. റസിയ, ജോണ്‍ മത്തായി, മുസ്തഫ പാക്കട, ഉബൈദ് കാക്കീരി, എം.എ. തോമസ്, പ്രോജക്ട് ഡയറക്ടർ എം. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.
District News
കാസർഗോഡ് നഗരത്തിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാവുകയാണ്. രാവിലെയും വൈകുന്നേരവും പ്രധാന റോഡുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകൾ, സ്വകാര്യവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയെല്ലാം ഒരേസമയം റോഡിലിറങ്ങുമ്പോൾ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.
പ്രധാന ജംഗ്ഷനുകളിലെ സിഗ്നൽ സംവിധാനങ്ങളുടെ അപര്യാപ്തതയും റോഡിന്റെ വീതിക്കുറവുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്കൂൾ സമയങ്ങളിൽ ഇത് കൂടുതൽ വഷളാവുന്നു. കാൽനടയാത്രക്കാർക്കും ദുരിതമാണ്. പുതിയ ബൈപ്പാസ് റോഡുകൾ നിർമ്മിക്കുകയും നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ സാധിക്കൂ.
ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ പരാതിയുണ്ട്. ഗതാഗതക്കുരുക്ക് കാരണം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തി പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.